ഡോംഗ്രിയയുടെ മലകൾ മരിക്കുന്നു

ഡോംഗ്രിയയുടെ മലകൾ മരിക്കുന്നു
May 11 04:45 2017

ഈ മലയുള്ളിടത്തോളം ഡോംഗ്രിയ മരിക്കില്ല’ മഞ്ഞുപെയ്യുന്ന നിയംഗിരി കുന്നിനെനോക്കി സികോക്കലോഡോ പറഞ്ഞതിങ്ങനെയാണ്‌. യുകെയിലുള്ള പ്രശസ്ത ഖനന കമ്പനിയായ വേദാന്ത റിസോഴ്സസ്‌ ഡോംഗ്രിയ ഗോത്രത്തിന്റെ ആവാസമേഖലയായ നിയംഗിരി കുന്നുകളിലെ ബോക്സൈറ്റ്‌ നിക്ഷേപത്തിൽ കണ്ണുനട്ടിരിക്കുന്നു

അനുകൃഷ്ണ

ind-don-uh-2012-0019_1170-copy‘ഈ മലയുള്ളിടത്തോളം ഡോംഗ്രിയ മരിക്കില്ല’ മഞ്ഞുപെയ്യുന്ന നിയംഗിരി കുന്നിനെനോക്കി സികോക്കലോഡോ പറഞ്ഞതിങ്ങനെയാണ്‌. അവർ പർവ്വതത്തെ ചുംബിക്കുന്നു, ഭൂമിയെയും… നിയംഗിരി മലയും ഭൂമിയും ഡോംഗ്രിയകൾക്ക്‌ പുരുഷനും പ്രകൃതിയുമാണ്‌… ഇന്ത്യയിലെ പ്രാകൃത ഗോത്ര വർഗ്ഗക്കാരായ കോന്ത്‌ വിഭാഗത്തെക്കുറിച്ചുള്ള വിശേഷണമാണിത്‌.
ഇന്ത്യയിലെ പ്രാകൃത ഗോത്ര വർഗ്ഗക്കാരാണവർ. 2001ലെ സെൻസസ്‌ പ്രകാരം 8000ത്തോടടുത്താണ്‌ ഇവരുടെ ജനസംഖ്യ. ഒഡിഷൻ മലനിരകളാണ്‌ ഇവരുടെ ആവാസ കേന്ദ്രം. രായഗാഡ, കാശിപ്പുർ, കല്ല്യാൺസിങ്ങ്പുർ, ബിസാം കട്ടക്ക്‌, മുനിഗുണ്ട എന്നിവിടങ്ങിലാണ്‌ കോന്ത വിഭാഗങ്ങളിൽ ഭൂരിഭാഗവും അധിവസിക്കുന്നത്‌. പ്രഥമ നരവംശമാണ്‌ തങ്ങളെന്ന്‌ കോന്തകൾ വിശ്വസിക്കുന്നു. ദ്രാവിഡഭാഷയായ കൂയ്‌ ആണ്‌ ഇക്കൂട്ടരുടെ തദ്ദേശീയ ഭാഷ. വനവുമായി ഇഴകിയുള്ള ജീവിതമാണ്‌ ഇക്കൂട്ടർ നയിക്കുന്നത്‌. കൃത്രിമത്വവും ആധുനികതയും എല്ലായ്പ്പോഴും മനുഷ്യനെ മാറ്റും എന്നുള്ളത്‌ വിപ്ലവകരമായ സത്യമാണ്‌. അത്‌ ഇക്കൂട്ടരേയും ബാധിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസം, ചികിത്സാ രീതികൾ, ജലസേചനം, കൃഷി തുടങ്ങി നിരവധികാര്യങ്ങളിൽ ആധുനികത ജിവിതത്തിൽകൊണ്ടുവരാൻ ഇവർ നിർബന്ധിതരാകുന്നുണ്ട്‌. പാരമ്പര്യത്തെയും കുലത്തെയും വിശുദ്ധമായി കണ്ട്‌ ജീവിതം നയിച്ചിരുന്ന കോന്ത വിഭാഗങ്ങൾക്ക്‌ ഇന്ന്‌ അതിൽനിന്ന്‌ വ്യതിചലിച്ച്‌ ജീവിക്കേണ്ട അവസ്ഥ കുറേ നാളുകളായി സംജാതമായിട്ടുണ്ട്‌.

കോന്ത്‌ ഗോത്രത്തിന്റെ ഉപവിഭാഗമാണ്‌ ഡോംഗ്രിയ കോന്ത്‌. റായഗാഡ, കോരപുട്ട്‌, കലഹാണ്ടി ജില്ലകളിലാണ്‌ ഇവർ അധിവസിക്കുന്നത്‌. ഇവരിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്‌ കല്ല്യാൺസിങ്ങ്പുർ, ബിസാം കട്ടക്ക്‌, മുനിഗണ്ട എന്നിവിടങ്ങളിലാണ്‌. വലിയ കുന്നുകൾക്കു മുകളിലാണ്‌(നിയംഗിരി) ഡോംഗ്രിയക്കാർ സ്ഥിരതാമസം ഒരുക്കിയിരിക്കുന്നത്‌. ഇവിടെ അവരുടെ ദൈവമുണ്ടെന്നാണ്‌ അവരുടെ വിശ്വാസം. ‘ദാർണിയ’ എന്ന പേരിലാണ്‌ ഡോംഗ്രിയക്കാർ അവരെ വിശേഷിപ്പിക്കുന്നത്‌. നദി എന്നാണ്‌ ദാർണിയ എന്ന വാക്കിനർഥം. നിയംഗിരി കുന്നുകളിൽനിന്നൊഴുകുന്ന നൂറുകണക്കിന്‌ പുഴകളുടെ സംരക്ഷകരാണ്‌ തങ്ങളെന്ന്‌ ഇക്കൂട്ടർ വിശ്വസിക്കുന്നു. അതിനാൽ ഈ പുഴകൾക്കരികിൽ നൂറുകളക്കിന്‌ ഡോംഗ്രിയ ഗ്രാമങ്ങൾതന്നെയുണ്ട്‌. ഇവരിൽ കുറച്ചുപേർ ഗജപതി ജില്ലയിലും വസിക്കുന്നുണ്ട്‌.

സമ്പദ്ഘടന
കൊള്ളയടിയും വേട്ടയാടലും ഒക്കെയും ഉണ്ടെങ്കിലും കോന്ത്കാരുടെ പ്രാഥമിക സാമ്പത്തിക മാർഗ്ഗം കൃഷി തന്നെയാണ്‌. ഡോംഗ്രിയ കോന്തകൾ ഒന്നാന്തരം ഫലവർഗ്ഗ കൃഷിക്കാരാണ്‌. പൈനാപ്പിൾ, ഓറഞ്ച്‌, മഞ്ഞൾ, ഇഞ്ചി, പപ്പായ തുടങ്ങിയവയാണ്‌ പ്രധാനമായും ഇവർ കൃഷി ചെയ്യുന്നത്‌. കൂടാതെ മാവും പ്ലാവും ഒക്കെയും ഇവർ ഒപുപാട്‌ വളർത്തുന്നുണ്ട്‌.

സമുദായം
മേറ്റ്ല്ലാത്തിനെയുംപോലെ ഡോംഗ്രിയക്കാർ സാമുദായികമായും വ്യത്യസ്തത പുലർത്തുന്നവരാണ്‌.
അണു കുടുംബങ്ങളും കൂട്ടുകുടുംബങ്ങളും ഇവർക്കിടയിലുമുണ്ട്‌. സ്ത്രീകളെ സമ്പത്തായാണ്‌ അവർ കാണുന്നത്‌. വീട്ടുകാര്യങ്ങളിലും പുറംപണിക്കും സ്ത്രീകൾ തന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. പുരുഷനൊപ്പമോ അവനേക്കാൾ മുന്നിലോ ആണ്‌ സ്ത്രീ പങ്കാളിത്തം. അകലെയുള്ള പുഴകളിൽ നിന്ന്‌ വീട്ടിലേക്കാവാശ്യമായ വെള്ളം ശേഖരിക്കുക, വച്ചു വിളമ്പുക തുടങ്ങിയവ കൂടാതെ കൊയ്തെടുത്ത വസ്തുക്കൾ വിപണിയിൽ വിൽപ്പന നടത്തുന്നതും സ്ത്രീകളാണ്‌. അതുകൊണ്ടു തന്നെ വിവാഹ സമയത്ത്‌ പുരുഷന്മാർ വധുവിന്റെ വീട്ടുകാർക്ക്‌ ‘പെൺപണം’ നൽകാറുണ്ട്‌. ലാക്ക്പടർ ഗ്രാമത്തിലെ ഒരു ദോൻഗ്രിയ കോന്ത പെൺപണമായി നൽകിയത്‌ എന്തെല്ലാമാണെന്നോ? വധുവിന്റെ ഗ്രാമത്തിൽ ഒരു ആഘോഷത്തിന്‌ 8000രൂപ, വധുവിന്റെ വീട്ടുകാർക്ക്‌ 50000 രൂപ, രണ്ട്‌ എരുമ, 20 കിലോ അരി, 10 കിലോ റാഗി തുടങ്ങിയവയും ഉപ്പ്‌, മുളക്‌ തുടങ്ങിയ പലവ്യഞ്ജനങ്ങളും രണ്ടു കാൻ നാടൻ മദ്യവും. ഇത്‌ മലമുകളിലെ ചില ഡോംഗ്രിയകളെങ്കിലും സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലാണെന്ന്‌ കാണിക്കുന്നതിന്‌ തെളിവാണ്‌.
ബഹുഭാര്യാത്വം തെറ്റല്ലെന്ന്‌ ഡോംഗ്രിയകൾ വിശ്വസിക്കുന്നു. എന്നാൽ വിവാഹത്തെക്കുറിച്ച്‌ വ്യക്തമായ ചില നിബന്ധനകൾ അവർക്കിടയിലുണ്ട്‌. സ്വന്തം കുലത്തിൽ നിന്നുള്ള വിവാഹം നിഷേധ്യമാണിവിടെ. ഡോംഗ്രിയകളുടെ മറ്റു ഗോത്രത്തിൽനിന്ന്‌ വിവാഹമാകാം. അതിനു മറ്റൊരു പ്രദേശത്തു പോകണമെന്നില്ല. തങ്ങൾ അധിവസിക്കുന്ന പ്രദേശത്തുനിന്നു തന്നെ വിവാഹം ചെയ്യാം. തട്ടികൊണ്ടുപോയോ ബലപ്രയോഗത്തിലൂടെയോ വിവാഹം ചെയ്യാം. സാധാരണ രീതിയിലുള്ള വിവാഹവും നടത്താറുണ്ട്‌. വിവാഹത്തിനു മുമ്പ്‌ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം വിദ്യാഭ്യാസം നൽകുന്ന പതിവുണ്ട്‌. പ്രായപൂർത്തിയായ പെൺകുട്ടിയെയും ആൺകുട്ടിയെയും വിവാഹ സമയംവരെ പ്രത്യേകം പാഠശാല(ദാ ശാല)യിൽ ആക്കും. അവിടെ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചും കുലത്തെക്കുറിച്ചും വിദ്യാഭ്യാസം നൽകും. സാമുദായിക വിലക്കുകളും കെട്ടുകഥകളും പഴഞ്ചൊല്ലുകളും പാട്ടുകളും കഥകളും ഒക്കെ അവിടെ പഠനവിഷയങ്ങളാണ്‌.
ദേഹത്ത്‌ പച്ചകുത്തുന്നത്‌ ഇവരുടെ പ്രത്യേകതയാണ്‌. പിച്ചള, ഇരുമ്പ്‌, ഹിന്റാലിയം തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങൾ അവർ ഉപയോഗിക്കാറുണ്ട്‌.

മത വിശ്വാസം
പൊതുവേയുള്ള ഹിന്ദുമത വിശ്വാസപ്രകാരമുള്ള ദൈവങ്ങളെയും അവരുടേതായ പ്രാദേശിക ദൈവങ്ങളെയും ഡോംഗ്രിയക്കാർ ആരാധിക്കാറുണ്ട്‌. ഇതോടൊപ്പം വസ്തുക്കൾ, മരങ്ങൾ, മൃഗങ്ങൽ എന്നിവയെയും ആരാധിക്കാറുണ്ട്‌. ദൈവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ധരണി പെനു(ഭൂമിദേവി)വും നിയം പെനു(നിയംഗിരി കുന്ന്‌)വുമാണ്‌. ഈ രണ്ടു ദൈവങ്ങളെയുമാണ്‌ തങ്ങളുടെ സ്രഷ്ടാക്കളായി ഡോംഗ്രിയക്കാർ കാണുന്നത്‌.
മതനേതാവിന്റെയും മറ്റ്‌ പരിവാരങ്ങളുടെയും നേതൃത്വത്തിൽ യോഗം ചേർന്നാണ്‌ കുറ്റവാളികൾക്കായുള്ള ശിക്ഷാ നടപടിയും മറ്റും തീരുമാനിക്കുന്നത്‌. ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യത്തിന്റെ ആഴമനുസരിച്ചായിരിക്കും. ചെറിയ കുറ്റങ്ങൾക്ക്‌ പിഴയൊടുക്കി രക്ഷപ്പെടാം, എന്നാൽ വലിയ കുറ്റമാണെങ്കിൽ ശിക്ഷ കടുക്കും. ശിക്ഷാവിധി പാലിച്ചില്ലെങ്കിൽ സമുദായഭ്രഷ്ട്‌ വരെ കൽപ്പിച്ചേക്കും.
യുകെയിലുള്ള പ്രശസ്ത ഖാനന കമ്പനിയായ വേദാന്ത റിസോഴ്സസ്‌ ഡോംഗ്രിയ ഗോത്രത്തിന്റെ ആവാസമേഖലയായ നിയംഗിരി കുന്നുകളിലെ ബോക്സൈറ്റ്‌ നിക്ഷേപത്തിൽ കണ്ണുനട്ടിരിക്കുകയാണ്‌. ഇവരുടെ നിലനിൽപ്പ്‌ വിഷയമാക്കി ഷോട്ട്‌ ഫിലിം ഇറങ്ങിയിരുന്നു.
തുടർന്ന്‌ 2010ൽ കമ്പനിയുടെ ഒഡിഷയിലെ അലുമിനിയം റിഫൈനറിയുടെ വികസന പ്രവർത്തനത്തെ അന്നത്തെ കേന്ദ്ര പരിസ്ഥിതി വകുപ്പ്‌ താൽക്കാലികമായി നിർത്തി വയ്പ്പിച്ചു. 2013ൽ സുപ്രിം കോടതി കേന്ദ്രത്തിന്റെ ഈ നടപടി ശരിവച്ചുകൊണ്ട്‌ ഉത്തരവിറക്കി.
പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ മനുഷ്യർക്ക്‌ പഠിക്കാൻ നിരവധിയുണ്ട്‌ ഇവിടെ. കാടിനെയും മലകളെയും നദികളെയും സംരക്ഷിച്ചുകൊണ്ട്‌ ജീവിതം നയിക്കുന്ന ഇവർ നമുക്ക്‌ മുന്നിലെ നല്ല പാഠങ്ങളാണ്‌. തുറന്ന പാഠങ്ങൾ…എന്നാൽ ചൂഷണം ഇവരെയും പിന്തുടരുമ്പോൾ നിയംഗിരി മലനിരകളെയും വെറുതെവിടാൻ ചെകുത്താന്മാർ തയ്യാറാകുന്നില്ല. ഒടുവിൽ ഡോംഗ്രിയയുടെ മലകൾക്കും മരിക്കാനാണോ വിധി?

  Categories:
view more articles

About Article Author