ഡോ. ബിനു ആന്റണിക്ക്‌ 2 കോടിയുടെ അവാർഡ്‌

ഡോ. ബിനു ആന്റണിക്ക്‌ 2 കോടിയുടെ അവാർഡ്‌
April 19 03:00 2017

പ്രത്യേക ലേഖകൻ
അബുദാബി: അറബിയെ ഈത്തപ്പനകൃഷി പഠിപ്പിക്കാൻ മലയാളി. ഈത്തപ്പനകൃഷി വികസനത്തിനു ഗവേഷണം നടത്തിയ ഡോ. ബിനു ആന്റണി ഈ രംഗത്ത്‌ ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ രണ്ടുകോടി രൂപയുടെ ഖലീഫ ഇന്റർനാഷണൽ അവാർഡിന്‌ അർഹനായി.
സൗദിഅറേബ്യയിലെ സൗദ്‌ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്‌ പ്രൊഫസറായ ഇദ്ദേഹം ഈത്തപ്പനകൃഷിയും പുതിയ സങ്കരയിനങ്ങളും വികസിപ്പിച്ചെടുക്കാൻ ഏറെനാളായി ഗവേഷണത്തിലാണ്‌. ‘കഠിനാധ്വാനത്തിനുള്ള ഈ അംഗീകാരം എല്ലാ പ്രവാസികൾക്കുമായി ഞാൻ സമർപ്പിക്കുന്നു.’ ‘ജനയുഗ’ത്തിന്റെ അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ ഡോ. ബിനു ആന്റണിയുടെ പ്രതികരണം. ഗവേഷകരും വിദഗ്ധരും ഈത്തപ്പന കർഷകരുമായി 37 രാജ്യങ്ങളിൽ നിന്നുള്ള 201 പേരാണ്‌ ഏറ്റവുമധികം സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ മാറ്റുരച്ചത്‌. ഒന്നരക്കോടി രൂപയുടെ മറ്റ്‌ അവാർഡുകൾ സൗദി അറേബ്യ, ഒമാൻ, ഈജിപ്റ്റ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്കായിരുന്നു. ഈത്തപ്പനകൃഷിയുടെ സംരക്ഷണം, അത്യാധുനിക കൃഷിരീതികൾ വികസിപ്പിച്ചെടുക്കൽ തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾക്കാണ്‌ ഖലീഫാ ഇന്റർനാഷണൽ അവാർഡ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌.

view more articles

About Article Author