ഡ്രൈവിങ്‌ ടെസ്റ്റ്‌ ഇല്ലാതെ ലൈസൻസ്‌ നേടിയവർ 60 ശതമാനം

ഡ്രൈവിങ്‌ ടെസ്റ്റ്‌ ഇല്ലാതെ ലൈസൻസ്‌ നേടിയവർ 60 ശതമാനം
July 17 04:45 2017

ന്യൂഡൽഹി: ഇന്ത്യയിൽ വാഹനമോടിക്കുന്ന ഭൂരിപക്ഷം പേരും ഡ്രൈവിങ്‌ ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ്‌ നേടിയവരാണെന്ന്‌ സർവേ.
ഇന്ന്‌ ആരംഭിക്കുന്ന രാജ്യസഭായോഗം പുതിയ മോട്ടോർ വാഹന നിയമം ചർച്ച ചെയ്യാനിരിക്കെയാണ്‌ സേവ്‌ ലൈഫ്‌ ഫൗണ്ടേഷൻ എന്ന എൻജിഒ സർവേ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌. ഏറ്റവുമധികം വാഹനങ്ങൾ ഓടുന്ന ഇന്ത്യയിലെ പത്ത്‌ പ്രമുഖ നഗരങ്ങളിൽ നടത്തിയ സാമ്പിൾ സർവേയിൽ പത്തു ഡ്രൈവർമാരിൽ ആറുപേരും ഡ്രൈവിങ്‌ ടെസ്റ്റിന്‌ ഹാജരാകാതെ ലൈസൻസ്‌ നേടിയവരാണെന്ന്‌ കണ്ടെത്തി.
ആഗ്രയിൽ ഡ്രൈവിങ്‌ ടെസ്റ്റ്‌ വിജയിച്ച്‌ ലൈസൻസ്‌ നേടിയവർ വെറും 12 ശതമാനം. ബാക്കി 88 ശതമാനം പേരും പിൻവാതിലിലൂടെ ലൈസൻസ്‌ കരസ്ഥമാക്കിയവർ. ജയ്പൂരിൽ 72 ശതമാനം, ഗുവഹാത്തിയിൽ 64 ശതമാനം ഡ്രൈവർമാരും വ്യാജമാർഗത്തിൽ ലൈസൻസ്‌ നേടിയവർ. ഡൽഹിയിൽ ഇവരുടെ എണ്ണം 54 ശതമാനമാണ്‌. മുംബൈയിലും പകുതിയിലധികം പേർ ടെസ്റ്റില്ലാതെ പാസായവർ.
ലോക്സഭ കഴിഞ്ഞ ഏപ്രിലിൽ കരട്‌ നിയമം പാസാക്കിയിരുന്നു. പ്രതിവർഷം ഇന്ത്യയിൽ അഞ്ച്‌ ലക്ഷം വാഹനാപകടങ്ങൾ ഉണ്ടാവുകയും ഒന്നര ലക്ഷം ആളുകൾ മരിക്കുകയും ചെയ്യുന്നത്‌ ഒഴിവാക്കാനാണ്‌ പുതിയ നിയമം പ്രധാനമായും ആഗ്രഹിക്കുന്നതെന്നാണ്‌ സർക്കാർ പറയുന്നത്‌.
ഡ്രൈവിങ്‌ ലൈസൻസ്‌ നൽകുന്ന സംവിധാനം അടിമുടി അഴിമതി നിറഞ്ഞതായതുകൊണ്ടാണ്‌ ഇങ്ങനെ 59 ശതമാനം പേരും കൃത്രിമമാർഗത്തിൽ ലൈസൻസ്‌ കരസ്ഥമാക്കുന്നത്‌. 997 ആർടിഒ ഓഫീസുകളാണ്‌ ഇന്ത്യയിലുള്ളത്‌. ഓരോയിടത്തും ശരാശരി 40 പുതിയ ലൈസൻസ്‌ പ്രതിദിനം നൽകുന്നുവെന്നും സേവ്‌ ലൈഫ്‌ ഫൗണ്ടേഷൻ പറയുന്നു. 20-25 ലൈസൻസിലധികം പ്രതിദിനം നൽകരുതെന്ന്‌ സുപ്രിം കോടതി നിർദ്ദേശം നിലനിൽക്കെയാണിത്‌.
ഇന്ത്യയിൽ റോഡുകളിൽ ഓരോ മണിക്കൂറിലും 17 മരണം നടക്കുന്നു. ഓരോ ദിവസവും 46 കുഞ്ഞുങ്ങൾ മരിക്കുന്നു. പെട്ടെന്ന്‌ സഹായം എത്തിക്കാൻ കഴിഞ്ഞാൽ 50 ശതമാനം റോഡപകടങ്ങളും ഒഴിവാക്കാവുന്നതുമാണ്‌.
പുതിയ വാഹന നിയമം ഐടി സംവിധാനം വഴി ഡ്രൈവിങ്‌ ടെസ്റ്റ്‌ നടത്താനും വ്യാജമായി സമ്പാദിച്ച ലൈസൻസിനു കനത്ത ഫൈൻ ഈടാക്കാനും ശുപാർശ ചെയ്യുന്നുണ്ട്‌.

  Categories:
view more articles

About Article Author