Friday
18 Aug 2017

തക്കാളി: കൃഷിരീതിയും പരിപാലനവും

By: Web Desk | Saturday 29 July 2017 4:55 AM IST

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട പച്ചക്കറിയാണ്‌ തക്കാളി. വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്‌ തക്കാളി. ചെടിച്ചട്ടികളിൽ, ചാക്കുകളിൽ, ഗ്രോബാഗുകളിൽ ഇതിലെല്ലാം നടീൽ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത്‌ പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്‌. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ്‌ തക്കാളി സമൃദ്ധമായി വളരുന്നത്‌.
ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്‌, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാൻ കഴിവുള്ള തക്കാളിയിനങ്ങളാണ്‌. തക്കാളി വിത്തുകൾ പാകി മുളപ്പിക്കുക, വിത്തുകൾ ഒരു മണിക്കൂർ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ്‌ ലായനിയിൽ മുക്കി വെക്കുന്നത്‌ വളരെ നല്ലതാണ്‌. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നടുന്നതിന്‌ മുമ്പ്‌ സ്യുഡോമോണാസ്‌ ലായനിയിൽ മുക്കി വെക്കുന്നത്‌ നല്ലതാണ്‌. നേരിട്ട്‌ മണ്ണിൽ നടുമ്പോൾ മണ്ണ്‌ നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ്‌ ഇവ ചേർക്കാം. കുമ്മായം ചേർത്ത്‌ മണ്ണിന്റെ പുളിപ്പ്‌ കുറയ്ക്കുന്നതും നല്ലതാണ്‌. ചാക്ക്‌/ഗ്രോ ബാഗ്‌ ആണെങ്കിൽ മണ്ണ്‌/ചാണകപ്പൊടി/ചകിരിചോറ്‌ ഇവ തുല്യ അളവിൽ ചേർത്ത്‌ ഇളക്കി നടാം.
കടല പിണ്ണാക്ക്‌/കപ്പലണ്ടി പിണ്ണാക്ക്‌ വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചത്‌ നാലിരട്ടി വെള്ളം ചേർത്ത്‌ ഒഴിച്ച്‌ കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ്‌, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച്ച ഇടവിട്ട്‌ കൊടുക്കാം. ചെടി വളർന്നു വരുമ്പോൾ താങ്ങ്‌ കൊടുക്കണം. സ്യുഡോമോണാസ്‌ ലായനി 10 ദിവസം അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ച്‌ കൊടുക്കുന്നത്‌ വളരെ നല്ലതാണ്‌. രാസ വളം ഒഴിവാക്കുന്നതാണ്‌ നല്ലത്‌, അളവ്‌ കൂടിയാൽ ചെടി കരിഞ്ഞു ഉണങ്ങി പോകും. ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്‌ തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. വാട്ടം ഉള്ള ചെടികൾ വേരോടെ നശിപ്പിക്കുകയാണ്‌ നല്ലത്‌.