തമിഴ്‌നാട്‌ വരൾച്ച ബാധിതമായി സ്വയം പ്രഖ്യാപിക്കുന്നു

തമിഴ്‌നാട്‌ വരൾച്ച ബാധിതമായി സ്വയം പ്രഖ്യാപിക്കുന്നു
January 11 04:45 2017

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ലഭിക്കാതെ വന്നതിനെ തുടർന്ന്‌ തമിഴ്‌നാടിനെ വരൾച്ച ബാധിതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്ന്‌ സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി പനീർസെൽവം പറഞ്ഞു. വരൾച്ചയെ തുടർന്ന്‌ കഷ്ടത അനുഭവിക്കുന്ന കർഷകരുടെ ഭൂനികുതി സർക്കാർ എഴുതിത്തള്ളുകയും ചെയ്തു.
മൺസൂണിന്റെ കുറവിനെ തുടർന്ന്‌ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സമിതിയുടെ റിപ്പോർട്ട്‌ പരിഗണിച്ച ശേഷമാണ്‌ സംസ്ഥാനത്തെ വരൾച്ച ബാധിതമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. ഭൂനികുതി എഴുതിത്തള്ളിയെങ്കിലും സഹകരണ ബാങ്കുകളിൽ നിന്ന്‌ കർഷകർ എടുത്തിട്ടുള്ള വായ്പകളെ മധ്യകാല വായ്പകളായി മാറ്റുമെന്നും പനീർസെൽവം പറഞ്ഞു.
മഴ ലഭിക്കാതെ വന്നതിനെ തുടർന്ന്‌ കഴിഞ്ഞ വർഷം വിള ഇൻഷ്വറൻസായി 40 കോടി രൂപയാണ്‌ നൽകിയത്‌. എന്നാലിത്തവണ അത്‌ 410 കോടിയായിരിക്കുമെന്ന്‌ പനീർസെൽവം പറഞ്ഞു. ഹ്രസ്വകാല വിളകൾക്ക്‌ 33 ശതമാനം നഷ്ടമാണ്‌ ഉണ്ടായത്‌. അതിനാൽ തന്നെ ഏക്കറിന്‌ 5465 രൂപ വച്ച്‌ നഷ്ടപരിഹാരം നൽകും. ദീർഘകാല വിളകൾക്ക്‌ 7287 രൂപയും ആയിരിക്കും. നെൽ കർഷകർക്ക്‌ നൂറ്‌ ശതമാനം നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. അതിനാൽ ഏക്കറിന്‌ 21,500, മുതൽ 26,000 രൂപ വച്ചായിരിക്കും നൽകുക. അതേസമയം കാവേരി ജില്ലയിൽ ഇത്‌ 25,000 ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ കണക്കിലെടുത്ത്‌ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങളുടെ എണ്ണം 100ൽ നിന്ന്‌ 150 ആയി ഉയർത്തും

  Categories:
view more articles

About Article Author