താൽപര്യം ശ്രദ്ധയിലേക്ക്‌ നയിക്കും

താൽപര്യം ശ്രദ്ധയിലേക്ക്‌ നയിക്കും
March 29 04:45 2017

വിജയരേഖകൾ 14

ഒരു കാര്യത്തിലും മനസുറപ്പിച്ചു നിർത്താൻ കഴിയുന്നില്ല. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ ഉറക്കം വരുന്നു. ക്ലാസിലിരിക്കുമ്പോൾ മനസ്സ്‌ അലഞ്ഞുതിരിയുന്നു. മനസിന്‌ ഒരു സുഖവുമില്ല. ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. നിരന്തരമായി കേൾക്കാറുള്ള പരാതികളാണിവ. മുതിർന്നവരും കുട്ടികളും ഇതിൽ പിന്നിലല്ല. ഈ മാനസികാവസ്ഥ തുടർന്നുപോകുന്നത്‌ ജീവിതത്തിൽ പല മേഖലകളിലും ബുദ്ധിമുട്ടുണ്ടാകുന്നതിന്‌ കാരണമാകും. ചെയ്യുന്ന കാര്യത്തിൽ ഏകാഗ്രത പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിജയിക്കാൻ കഴിയില്ല. വിജയിക്കാൻ കഴിയാതാകുമ്പോൾ നൈരാശ്യം ബാധിക്കും. നൈരാശ്യം നമ്മെ നിഷ്ക്രിയരാക്കും. നിഷ്ക്രിയത ജീവിതത്തിന്റെ താളം തെറ്റിക്കും. അങ്ങനെ തെറ്റിപ്പോകാനുള്ളതാണോ നമ്മുടെ ജീവിതത്തിന്റെ താളം?
ആദ്യംതന്നെ ഒരു കാര്യം മനസ്സിലാക്കുക. നമ്മുടെ താൽപര്യമാണ്‌ ശ്രദ്ധ ജനിപ്പിക്കുന്നത്‌. ഏതു കാര്യത്തോട്‌ നമുക്ക്‌ താൽപര്യം തോന്നുന്നുവോ സ്വാഭാവികമായും അതിലേക്ക്‌ നമ്മുടെ ശ്രദ്ധപതിയും. ഒരു കാര്യത്തിൽ നമുക്കുണ്ടാകുന്ന ശ്രദ്ധക്കുറവ്‌ അതിലുള്ള താൽപര്യക്കുറവിനെയാണ്‌ കാണിക്കുന്നത്‌. ഇഷ്ടമില്ലാത്ത ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ നിങ്ങൾ നിർബ്ബന്ധിതനാകുന്നുവെന്ന്‌ കരുതുക. എത്ര ശ്രദ്ധിച്ചാലും അതിൽ പൂർണമായും മുഴുകാൻ കഴിയില്ല. ഉള്ളിന്റെയുള്ളിൽ നമുക്കതിനോട്‌ താൽപര്യമില്ലാത്തതാണ്‌ കാരണം. പിഎസ്സി പരീക്ഷയ്ക്ക്‌ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരു കുട്ടി പറഞ്ഞത്‌ പഠിക്കുന്നതൊന്നും മനസിൽ നിൽക്കുന്നില്ല അതുകൊണ്ട്‌ വല്ലാത്ത മാനസിക വിഷമത്തിലാണെന്നാണ്‌. എന്നാൽ നോവലുകൾ വായിക്കുമ്പോൾ മനസ്‌ അതിൽനിന്ന്‌ വിട്ടുപോകാറില്ലെന്നും നോവലിലെ ഏതു സന്ദർഭം ചോദിച്ചാലും കൃത്യമായി തനിക്ക്‌ പറയാൻ കഴിയുമെന്നുമാണ്‌. ഇവിടെ താൽപര്യമാണ്‌ മനസിനെ നോവലിൽ പിടിച്ചുനിർത്തുന്നത്‌, പരീക്ഷകളോടും കാണാപ്പാഠങ്ങളോടുമുള്ള നമ്മുടെ അബോധപരമായ താൽപര്യമില്ലായ്മ ചോദ്യോത്തരങ്ങൾ പഠിക്കുമ്പോഴും പ്രകടമാകുന്നു.
അൽപസമയം വെയിലത്തു നിന്ന്‌ ഒരു ജോലി ചെയ്യാൻ പറഞ്ഞാൽ ചൂടിനെക്കുറിച്ച്‌ പരാതി പറയുന്ന കുട്ടികൾ മണിക്കൂറുകളോളം പൊരിവെയിലത്തുനിന്ന്‌ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കാണാം. അപ്പോഴെന്താണ്‌ അവർ വെയിലിനെക്കുറിച്ചും ചൂടിനെക്കുറിച്ചും പരാതി പറയാത്തത്‌? ക്രിക്കറ്റിനോടുള്ള അവരുടെ താൽപര്യം വെയിലിനെ നിഷ്പ്രയാസം അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നു. മനസ്സ്‌ പൂർണമായും അതിൽ സമർപ്പിക്കുന്നതോടെ മേറ്റ്ല്ലാം അവർ വിസ്മരിക്കുന്നു. അപ്പോൾ മനസ്സ്‌ ഒരിടത്തേക്കും പിടിവിട്ടുപോകുന്നില്ല.
പ്രലോഭനങ്ങളുടെ ലോകമാണ്‌ നമുക്ക്‌ ചുറ്റും. അവയിൽനിന്നൊക്കെ പിൻവലിഞ്ഞ്‌ മനസിനെ ഏകാഗ്രമാക്കി നിർത്താൻ പലർക്കും ബുദ്ധിമുട്ടു തോന്നും. എന്നാൽ ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിക്കുകയാണെങ്കിൽ അതിലേക്ക്‌ നിങ്ങളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ കഴിയും. പല കാര്യങ്ങളും ശ്രമിച്ച്‌ പരാജയപ്പെട്ട ഒരാൾ ഒരിക്കൽ സോക്രട്ടീസിനെ സമീപിച്ച്‌ വിജയത്തിന്റെ രഹസ്യമെന്താണെന്ന്‌ ചോദിച്ചു. അടുത്ത ദിവസം രാവിലെ അടുത്തുള്ള നദിക്കരയിൽ എത്താൻ പറഞ്ഞ്‌ സോക്രട്ടീസ്‌ അയാളെ മടക്കി. കൃത്യസമയത്ത്‌ ചെറുപ്പക്കാരൻ നദിക്കരയിലെത്തി. തന്നെ പിന്തുടരാൻ പറഞ്ഞ്‌ സോക്രട്ടീസ്‌ നദിയിലേക്കിറങ്ങി. നദിയുടെ മധ്യത്തിലെത്തിയതും പെട്ടെന്ന്‌ സോക്രട്ടീസ്‌ അയാളുടെ കഴുത്തിൽ പിടിച്ച്‌ നദിയിലേക്ക്‌ മുക്കി. മരണവെപ്രാളത്തോടെ അയാൾ എത്ര ശ്രമിച്ചിട്ടും പിടിയിൽനിന്നും രക്ഷപ്പെടാനായില്ല. കുറെ സമയത്തിനു ശേഷം സോക്രട്ടീസ്‌ അയാളുടെ തല വെള്ളത്തിൽനിന്നുയർത്തി. എന്നിട്ടു ചോദിച്ചു. “തല വെള്ളത്തിനടിയിലായിരുന്നപ്പോൾ നിങ്ങൾ എന്തിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്‌?” “വായുവിനെക്കുറിച്ചു മാത്രം.” അയാൾ പറഞ്ഞു. “തല വെള്ളത്തിനടിയിലായിരുന്നപ്പോൾ എത്ര തീവ്രമായാണോ നിങ്ങൾ വായു ആഗ്രഹിച്ചത്‌ അതേ തീവ്രതയോടെ ആഗ്രഹിച്ചുകൊണ്ട്‌ പ്രവൃത്തിയിലേർപ്പെടൂ. നിങ്ങൾ വിജയിക്കുകതന്നെ ചെയ്യും. ഇതാണ്‌ വിജയത്തിന്റെ രഹസ്യം”. വെറും ആഗ്രഹങ്ങൾ നമ്മെ വിജയിപ്പിക്കുകയില്ലെന്നും അതിതീവ്രമായ ആഗ്രഹങ്ങളാണ്‌ വിജയത്തിലേക്ക്‌ നമ്മെ നയിക്കുന്നതെന്നുമായിരുന്നു സോക്രട്ടീസ്‌ തന്റെ പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയത്‌. ഈയൊരു തീവ്രമായ ആഗ്രഹത്തിലേക്ക്‌ മനസ്‌ നീങ്ങുമ്പോൾ അവിടെ ശ്രദ്ധയും ഏകാഗ്രതയും സ്വാഭാവികമായും സംജാതമാകും.
ആദ്യം നാം നമ്മുടെ താൽപര്യങ്ങൾ കണ്ടെത്തുക. അതിനനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുക. വിദ്യാഭ്യാസരംഗത്തായാലും തൊഴിൽ രംഗത്തായാലും അവനവന്റെ താൽപര്യങ്ങൾക്കനുസരിച്ചല്ല പ്രവർത്തന മേഖല തെരഞ്ഞെടുക്കുന്നതെങ്കിൽ അലസതയും അശ്രദ്ധയും ഏകാഗ്രതയില്ലായ്മയും സ്വാഭാവികമായും സംഭവിക്കും. ഒരു ലക്ഷ്യത്തിൽ ഫോക്കസ്‌ ചെയ്യുകയും നിശ്ചിത സമയത്തിനുള്ളിൽ അത്‌ നേടിയെടുക്കുമെന്ന ദൃഢപ്രതിജ്ഞയോടെ പ്രവർത്തിക്കുകയും ചെയ്താൽ മനസ്സ്‌ മേറ്റ്ങ്ങും പോകില്ല. ഒരു കാര്യത്തിൽ നിങ്ങളുടെ മനസ്‌ എത്രത്തോളം ആഴത്തിൽ പതിയുന്നുവോ അത്രത്തോളം അതിൽ ഏകാഗ്രതയും ഉണ്ടാകും. കർമ്മനിരതമായ മനസിൽനിന്നേ ശ്രദ്ധ രൂപപ്പെടൂ. ഏതുകാര്യത്തെയും അലസമനോഭാവത്തോടെ കണ്ടിട്ട്‌ ശ്രദ്ധ കിട്ടുന്നില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. ചെയ്യുന്ന പ്രവൃത്തിയെ സ്നേഹിക്കൂ. അതിനോട്‌ ആത്മാർത്ഥത കാണിക്കൂ. ഇപ്പോൾ ഇതാണെന്റെ ലക്ഷ്യം എന്ന്‌ ചിന്തിക്കൂ. ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളാണ്‌ എന്റെ ഭാവിയെ രൂപപ്പെടുത്തുന്നതെന്നും സമയം എനിക്കുവേണ്ടി കാത്തു നിൽക്കില്ലെന്നും ചിന്തിച്ചു ശീലിക്കൂ. ആത്മാർത്ഥതയോടെയാണ്‌ നിങ്ങളിങ്ങനെ ചെയ്യുന്നതെങ്കിൽ മനസിന്‌ നിങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ വിരുദ്ധമായി സഞ്ചരിക്കാനാകില്ല.വെറുതേ അലഞ്ഞുതിരിയാനാകില്ല. ശ്രദ്ധയും ഏകാഗ്രതയും സ്വാഭാവികമായും കൈവന്നുകൊള്ളും.
ലേഖകന്റെ ഫോൺ: 9495078691

  Categories:
view more articles

About Article Author