തിരിമറി നടത്തി സൂക്ഷിച്ച സബ്സിഡി യൂറിയ പിടിച്ചെടുത്തു

തിരിമറി നടത്തി സൂക്ഷിച്ച സബ്സിഡി യൂറിയ പിടിച്ചെടുത്തു
July 16 04:45 2017

പെരുമ്പാവൂർ: ഓടക്കാലി കോട്ടച്ചിറയിൽ പ്രവർത്തിച്ചുവരുന്ന കിംഗ്‌ പ്ലൈവുഡ്‌ കമ്പനിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ യൂറിയ ശേഖരം കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടി. 50 കിലോ വീതം വരുന്ന 896 ചാക്ക്‌ യൂറിയയാണ്‌ പിടിച്ചെടുത്തത്‌.
നാൽപ്പത്തിനാലര ടൺ വരുന്ന യൂറിയ വളം കാർഷികാവശ്യത്തിന്‌ സബ്സിഡി നിരക്കിൽ സഹകരണസംഘം വളം ഡിപ്പോകൾ വഴി കിലോഗ്രാമിന്‌ 6 രൂപയ്ക്ക്‌ വിറ്റുവരുന്നതാണ്‌. കർഷകർ കാർഷികാവശ്യത്തിന്‌ യൂറിയ കിട്ടാതെ നട്ടം തിരിയുമ്പോഴാണ്‌ വ്യവസായികാവശ്യത്തിനായി ഇത്‌ അടിച്ചുമാറ്റുന്നത്‌. ആലുവ ഇടയാറിൽ പ്രവർത്തിച്ചുവരുന്ന പ്ലൈവുഡ്‌ പശ നിർമ്മാണ കമ്പനിയിലേക്കായി സൂക്ഷിച്ചിരുന്നതാണ്‌ ഇവ എന്താണ്‌ പ്രാഥമിക വിവരം.
ജി എസ്‌ ടി നടപ്പിലാക്കുന്നതിന്‌ മുമ്പായി വൻ തോതിൽ പശ നിർമ്മാണ കമ്പനികൾ യൂറിയ ശേഖരിച്ച്‌ പൂഴ്ത്തിവച്ചത്‌ കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.
പശ നിർമ്മാണ കമ്പനികൾക്ക്‌ വ്യവസായികാവശ്യത്തിനായി യൂറിയ ലഭിക്കണമെങ്കിൽ സബ്സിഡി ഇല്ലാതെ കൂടിയ വില നൽകേണ്ടിവരുന്നതിനാലാണ്‌ ഈ തിരിമറി. സബ്സിഡി നിരക്കിൽ കർഷകരുടെ കയ്യിൽ എത്തേണ്ട വളമാണ്‌ കൊള്ള ലാഭം ഉണ്ടാകുന്നതിനായി വളം ഡിപ്പോകളുമായുള്ള ഒത്താശയോടെ വ്യവസായികൾ വെട്ടിപ്പ്‌ നടത്തുന്നത്‌.എറണാകുളം ജില്ലാ കൃഷി ജോയിന്റ്‌ ഡയറക്ടർ എസ്‌ ശ്രീദേവിക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിൽ ആയിരുന്നു പരിശോധന. കൂവപ്പടി കൃഷി അസി. ഡയറക്ടർ രെഞ്ചൻ ജേക്കബിന്റെ നേതൃത്വത്തിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാരും കൃഷി ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
കുറുപ്പംപടി പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കിംഗ്‌ പ്ലൈവുഡ്‌ കമ്പനി ഗോഡൗൺ പരിശോധന. എണ്ണി തിട്ടപ്പെടുത്തിയ യൂറിയ ചാക്കുകൾ ഇവിടെ തന്നെ സീൽ ചെയ്ത്‌ പൊലീസ്‌ കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കൃഷിവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിംഗ്‌ പ്ലൈവുഡ്‌ ഉടമക്കെതിരെ പൊലീസ്‌ കേസ്‌ എടുക്കും.

  Categories:
view more articles

About Article Author