തീരുമാനമെടുത്തത്‌ മോഡി സർക്കാർ

തീരുമാനമെടുത്തത്‌ മോഡി സർക്കാർ
January 11 04:45 2017
  • നോട്ട്‌ അസാധുവാക്കലിനെപ്പറ്റി ആർബിഐ
  • ആർബിഐയുടെ സാക്ഷ്യപ്പെടുത്തൽ പാർലമെന്ററി സമിതി മുമ്പാകെ
  • ബോർഡ്‌ ശുപാർശ കേന്ദ്രസർക്കാർ ഉപദേശ പ്രകാരം

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ അസാധുവാക്കാൻ റിസർവ്വ്ബാങ്കിനെ ഉപദേശിച്ചത്‌ നരേന്ദ്രമോഡി ഗവൺമെന്റാണെന്ന്‌ വ്യക്തമായി. എം വീരപ്പമൊയ്‌ലി അധ്യക്ഷനായുള്ള പാർലമെന്റിന്റെ ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട സമിതിക്ക്‌ നൽകിയ ഏഴ്‌ പേജ്‌ വരുന്ന കുറിപ്പിലാണ്‌ ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. നവംബർ ഏഴിന്‌ സർക്കാർ നൽകിയ ഉപദേശം അനുസരിച്ച്‌ കേന്ദ്രബാങ്ക്‌ നോട്ട്‌ അസാധുവാക്കലിന്‌ ശുപാർശ നൽകുകയായിരുന്നു.
“കള്ളനോട്ട്‌, ഭീകരവാദികൾക്കുള്ള സാമ്പത്തിക സഹായം, കള്ളപ്പണം എന്നിവ നേരിടാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അസാധുവാക്കുന്നത്‌ റിസർവ്വ്‌ ബാങ്കിന്റെ കേന്ദ്രബോർഡ്‌ പരിഗണിക്കണമെന്ന്‌ നവംബർ ഏഴിന്‌ കേന്ദ്രസർക്കാർ ഉപദേശം നൽകി”യതായി ആർബിഐ കുറിപ്പ്‌ പറയുന്നു. അതു പരിഗണിച്ച ആർബിഐ കേന്ദ്രബോർഡ്‌ അടുത്ത ദിവസം തന്നെ നോട്ട്‌ അസാധുവാക്കാൻ കേന്ദ്രസർക്കാരിന്‌ ശുപാർശ നൽകുകയായിരുന്നു.
ആർബിഐയുടെ ‘ഉപദേശം ലഭിച്ച്‌’ മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം നോട്ട്‌ നിരോധനം പ്രഖ്യാപിച്ചു. ഇത്‌ കേന്ദ്രമന്ത്രിസഭ ആർബിഐ ഉപദേശാനുസരണം പ്രവർത്തിക്കുക മാത്രമാണ്‌ ചെയ്തതെന്ന പല മന്ത്രിമാരും നാളിതുവരെ പ്രചരിപ്പിച്ചു പോന്നതിന്‌ വിരുദ്ധമാണ്‌.
ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും ഭീകരപ്രവർത്തനങ്ങൾക്കും സഹായകമാണെന്ന്‌ രഹസ്യാന്വേഷണ ഏജൻസികളും എൻഫോഴ്സ്മെന്റ്‌ ഏജൻസികളും ചൂണ്ടിക്കാണിച്ചിരുന്നു. നോട്ട്‌ അസാധുവാക്കൽ ഈ മൂന്ന്‌ അപകടങ്ങളെയും നേരിടാൻ അവസരമൊരുക്കുമെന്ന അഭിപ്രായം കേന്ദ്രസർക്കാരിനും ആർബിഐക്കും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ലെങ്കിലും പുതിയ നോട്ടുകൾ ഇറക്കാൻ തയാറെടുപ്പുകൾ നടന്നുവന്നിരുന്നതായി ആർബിഐ കുറിപ്പ്‌ സൂചിപ്പിക്കുന്നു. 5,000, 10,000 രൂപ നോട്ടുകൾ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ 2014 ഒക്ടോബർ ഏഴിന്‌ ആർബിഐ സർക്കാരിന്‌ നിർദേശം സമർപ്പിച്ചിരുന്നു. പണവിനിമയ സൗകര്യം കണക്കിലെടുത്തായിരുന്നു ഈ നീക്കം. 2016 മെയ്‌ 18ന്‌ 2,000 രൂപാ നോട്ടുകൾ ഇറക്കുന്നതിന്‌ സർക്കാർ അനുമതി നൽകിയിരുന്നു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കുന്നതിന്‌ പിന്നിൽ രാഷ്ട്രീയ പരിഗണനകളാണ്‌ നിർണായകമായതെന്ന സംശയത്തിന്‌ കരുത്ത്‌ പകരുന്ന വെളിപ്പെടുത്തലാണ്‌ ഫലത്തിൽ ആർബിഐ പാർലമെന്ററി സമിതിക്ക്‌ നൽകിയ കുറിപ്പ്‌ നൽകുന്നത്‌. ഉന്നത മൂല്യമുള്ള കറൻസി അസാധുവാക്കുന്നതിന്‌ പിന്നിൽ യുഎസ്‌ ഭരണകൂടവും അവരുടെ വികസന ഏജൻസി യുഎസ്‌എയ്ഡും നിർണായക പങ്ക്‌ വഹിച്ചിരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വെളിപ്പെടുത്തൽ പ്രസക്തമാണ്‌. നോട്ട്‌ അസാധുകരണവും കറൻസിരഹിത ഡിജിറ്റൽ ഇടപാടുകളും യുഎസ്‌ ക്രഡിറ്റ്‌ കാർഡ്‌ കമ്പനികളായ മാസ്റ്റർ കാർഡിനും വിസയ്ക്കും വൻ സാമ്പത്തിക നേട്ടം നൽകുമെന്നാണ്‌ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്‌. അതിലുപരി ഇന്ത്യയുടെ ധനവ്യാപാര സംവിധാനത്തിൽ ആധിപത്യം ഉറപ്പിക്കാനും ധനവിനിയോഗം സംബന്ധിച്ച എല്ലാ വിവരങ്ങളും കയ്യടക്കാനുമുള്ള അവസരമാണ്‌ യുഎസിന്‌ കൈവന്നിരിക്കുന്നത്‌.

  Categories:
view more articles

About Article Author