Saturday
26 May 2018

തീവ്രദേശീയത

By: Web Desk | Sunday 18 June 2017 4:55 AM IST

മോഡി സർക്കാർ ഭൂരിപക്ഷവാദവും സ്വേച്ഛാധിപത്യപ്രവണതകളും ഉയർത്തുന്നതായി 60-ൽ അധികം വരുന്ന മുൻ ഐഎഎസ്‌-ഐപിഎസ്‌ ഓഫീസർമാർ. രാജ്യത്തിന്റെ ഭരണഘടനയുടെ യഥാർത്ഥ അന്തസത്ത കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയും നമ്മുടെ രാജ്യത്തിന്റെ ശിൽപികൾ വിഭാവനം ചെയ്തരൂപത്തിലുള്ള സമൂഹം കെട്ടിപ്പടുക്കേണ്ട സമയവുമായെന്നാണ്‌ ഇവർ പറയുന്നത്‌. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്‌ ഇവർ ഒരു തുറന്ന കത്തെഴുതി.
കോർപ്പറേറ്റ്‌ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ ഈ കത്ത്‌ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പാണ്‌. തങ്ങളുടെ ആശയങ്ങൾക്കും ഇംഗിതങ്ങൾക്കും എതിരായി നിൽക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടുകളാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. മറ്റുള്ളവർക്കെതിരെയുള്ള പരിഹാസം, ഭീഷണികൾ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവർക്കെതിരെ ഉണ്ടാകുന്ന ഭീഷണികൾക്കെതിരെയും കത്തിൽ പരാമർശിക്കുന്നുണ്ട്‌. ഭരണവർഗത്തിന്റെ ദർശനങ്ങളുമായി പൊരുത്തപ്പെടാത്തവർക്കെതിരെയാണ്‌ ഈ ഭീഷണികൾ ഉണ്ടാകുന്നത്‌.
ഇപ്പോൾ ബിജെപിയും സംഘപരിവാറും ഉയർത്തിവിടുന്ന തീവ്രദേശീയത സംബന്ധിച്ചും കത്തിൽ പരാമർശമുണ്ട്‌. സർക്കാരിനോടൊപ്പം നിന്നില്ലെങ്കിൽ ദേശവിരുദ്ധരായി മുദ്രകുത്തുന്ന പ്രവണതയാണ്‌ ഉള്ളത്‌. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാടാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌.
തീവ്രദേശീയതയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന അനാരോഗ്യകരമായ സാമൂഹ്യപ്രവണതകൾ സംബന്ധിച്ച ഉദാഹരണങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്‌. ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ തികച്ചും വർഗീയവും ധാർഷ്ട്യം നിറഞ്ഞതുമായ പരാമർശങ്ങളും താരതമ്യങ്ങളും ഉണ്ടായി. ഖബർസ്ഥാനുകളുടെയും ശ്മശാനങ്ങളുടെയും എണ്ണത്തെ സംബന്ധിച്ച വിവാദങ്ങളും ഉയർത്തിവിട്ടു. മതപരമായ ഉത്സവങ്ങളുമായി ബന്ധപ്പെട്ട്‌ വൈദ്യുതി നൽകുന്നതിലെ വർഗീയവശംപോലും പ്രചാരണവേളയിൽ പരാമർശിച്ചിരുന്നു. മുസ്ലിം വിഭാഗങ്ങൾക്കെതിരെ മതപരമായ അസഹിഷ്ണുത ഉളവാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായിരുന്നു ഇത്‌.
കന്നുകാലികളുടെ വിൽപ്പനയും ഗോഹത്യയും തുടർന്ന്‌ കശാപ്പുശാലകൾ അടച്ചുപൂട്ടിയതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇത്‌ മുസ്ലിം വിഭാഗങ്ങളുടെയും ദളിതരുടെയും ജീവനോപാധിയെയാണ്‌ ബാധിച്ചത്‌. ഇത്തരത്തിലുള്ള അസഹിഷുണത വർഗീയ മുഖരിതമായ അന്തരീക്ഷത്തിൽ അക്രമങ്ങൾക്ക്‌ കാരണമാകും.
ഗോഹത്യയുടെ പേരിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അനുദിനം വർധിക്കുന്നു. ബീഫ്‌ സൂക്ഷിച്ചുവെന്ന്‌ ആരോപിച്ച്‌ ദാദ്രിയിൽ അഖ്ലഖിനെ തല്ലിക്കൊന്നു. വളർത്താനായി രണ്ടു പശുക്കളെ വാങ്ങി നാട്ടിലേയ്ക്ക്‌ തിരിച്ച പെഹ്ലുഖാനെയും തല്ലിക്കൊന്നു. പശുക്കളെ വാങ്ങിയതും കൊണ്ടുവന്നതും വ്യക്തമായ രേഖകളോടെയായിരുന്നുവെന്നും കത്തിൽ പറയുന്നു.
ഗോരക്ഷകരെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ നടക്കുന്നവർ സമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഇവർക്ക്‌ സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിക്കുന്നു. പ്രോസിക്യൂട്ടർമാരെപ്പോലെയും ജഡ്ജിമാരെപ്പോലെയുമാണ്‌ ഈ സ്വയം പ്രഖ്യാപിത ഗോരക്ഷകർ പ്രവർത്തിക്കുന്നത്‌.
സ്വയംപ്രഖ്യാപിത പൂവാലവിരുദ്ധസ്ക്വാഡുകളും യുവദമ്പതികൾക്ക്‌ ഗുരുതരമായ ഭീഷണിയാണ്‌ ഉയർത്തുന്നത്‌. ഉത്തർപ്രദേശിൽ ഇവർക്ക്‌ സർക്കാരിന്റെ സംരക്ഷണവും ലഭിക്കുന്നുണ്ട്‌. ഇതേമാതിരിയാണ്‌ ഹൈദരബാദ്‌, ജവഹർലാൽ നെഹ്‌റു എന്നീ സർവകലാശാലകളിൽ ഉണ്ടായ പ്രശ്നങ്ങൾ. നിയമം ലംഘിക്കുന്നവരുടെ പക്ഷത്താണ്‌ ഭരണകൂടം നിന്നത്‌. ഈ പ്രവർത്തനങ്ങളെല്ലാംതന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്‌.
മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെയും സാമൂഹ്യകൂട്ടായ്മകളെയും ഇല്ലാതാക്കുന്ന പ്രവണതകളും ഉണ്ടാകുന്നുണ്ട്‌. കേന്ദ്രസർക്കാരിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നുവെന്ന കുറ്റമാണ്‌ ഇവർ ചെയ്തത്‌. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ മുൻ ഐഎഎസ്‌, ഐപിഎസ്‌ ഓഫീസർമാർ കത്തെഴുതിയത്‌. ഇവരുടെ വിശ്വാസ്യതയേയും ആത്മാർത്ഥതയേയും നമുക്ക്‌ ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം മോഡി സർക്കാർ പിന്തുടരുന്നത്‌ ഈ കത്തിൽ പരാമർശിച്ചതുപോലുള്ള സ്വേച്ഛാധിപത്യ സമീപനങ്ങൾ തന്നെയാണ്‌. ഇത്‌ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്‌ ഭീഷണിയാണ്‌. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനവുമാണ്‌. മുൻ ഉദ്യോഗസ്ഥർക്ക്‌ ഇതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ഇവർ പ്രകടിപ്പിച്ച ഉൽകണ്ഠ പൊതുജനങ്ങളെ ഉണർത്തുന്നു, പ്രത്യേകിച്ചും ബുദ്ധിജീവികളെ.
ഭൂരിഭാഗം മാധ്യമങ്ങളും സർക്കാരിന്റെ ഈ നീചമായ നിലപാടുകളെ അനുകൂലിക്കുമ്പോഴും എൻഡി ടിവി ചാനലിനെതിരെ ഉണ്ടായ നടപടികളെ ഒരുവിഭാഗം ജനങ്ങൾ എതിർക്കുന്നുണ്ട്‌. ഭരണസംവിധാനവും ജുഡീഷ്യറിയും ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഒന്നുകിൽ നിശബ്ദത പാലിക്കുന്നു, അല്ലെങ്കിൽ ഭീഷണിയെ അവഗണിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ആരെങ്കിലും പ്രതികരിക്കാൻ തുടങ്ങിയാൽ അവരെ പെട്ടെന്നുതന്നെ ശിക്ഷിക്കുന്നു. അല്ലെങ്കിൽ നിയമപ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നു.
പ്രകോപനകരമായ പ്രസ്താവനകളാണ്‌ ഹിന്ദു വർഗീയ സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ഭരണഘടനയെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ്‌ ഇവരുടെ ലക്ഷ്യം. ഇതിനായി എല്ലാ ദിവസങ്ങളിലും പ്രസ്താവനകൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്‌. ഈ പ്രസ്താവനകൾ നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധവും കൂടിയാണ്‌. ജനാധിപത്യ സംവിധാനവും ഭരണഘടനയും കാത്തുസൂക്ഷിക്കണമെന്ന്‌ താൽപ്പര്യമുള്ളവർ ഇത്തരത്തിലുള്ള പ്രകോപനകരമായ പ്രസ്താവനകൾക്കെതിരെ രംഗത്തുവരണം. എന്നാൽ ഭരണസംവിധാനങ്ങൾ ഇത്തരത്തിലുള്ള നിലപാടുകൾക്കെതിരെ ശബ്ദമുയർത്തുകയില്ല. നമ്മുടെ നിയമനിർമാണ സംവിധാനത്തിന്‌ ഇതിനെതിരെ പ്രതികരിക്കാൻ വേണ്ടുവോളം മാർഗങ്ങളും സംവിധാനങ്ങളും ഉണ്ട്‌. ഇവർക്ക്‌ ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനാകും. ആത്യന്തികമായി ജനങ്ങളെയാണ്‌ സംഘടിപ്പിക്കേണ്ടത്‌. ഇതിന്‌ ചുക്കാൻപിടിക്കേണ്ടത്‌ ഇടതുപക്ഷ കൂട്ടായ്മയും.