തെക്കൻ കുരുമുളക്‌ വികസിപ്പിച്ചെടുത്ത തോമസിന്‌ ദേശീയ അംഗീകാരം

തെക്കൻ കുരുമുളക്‌ വികസിപ്പിച്ചെടുത്ത തോമസിന്‌ ദേശീയ അംഗീകാരം
March 17 04:50 2017

തൊടുപുഴ: നൂതന കുരുമുളക്‌ വികസിപ്പിച്ചെടുത്ത ഗ്രാമീണ കർഷകന്‌ ദേശീയ അംഗീകാരം. കാഞ്ചിയാർ സ്വദേശി ടി ടി തോമസിനെയാണ്‌ മികച്ച കർഷക കണ്ടെത്തലിനുള്ള ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ ദേശീയ അംഗീകാരം തേടിയെത്തിയത്‌. ഒരോ ഞെട്ടിലും പല കുലകളായി കായ്ക്കുന്ന കുരുമുളകിനം കണ്ടെത്തി പ്രചരിപിച്ചതിനാണ്‌ അംഗീകാരം. താൻ വികസിപ്പിച്ചെടുത്ത പുതിയ കുരുമുളക്‌ ചെടിക്ക്‌ തെക്കൻ കുരുമുളകെന്നാണ്‌ തോമസ്‌ പേരിട്ടിരിക്കുന്നത്‌.
നാടൻ ഇനങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിനിടയിലാണ്‌ ഇടുക്കി കാടുകൾക്കിടയിൽ നിന്ന്‌ ഈ അപൂർവ ഇനത്തെ തോമസ്‌ കണ്ടെത്തിയത്‌. സാധാരണ കുരുമുളകിനങ്ങളിലെല്ലാം ഒരുഞ്ഞെട്ടിൽ ഒരു കുലവീതം ഉണ്ടാകുമ്പോൾ തോമസ്‌ കണ്ടെത്തിയ ഇനത്തിൽ പലകുലകളായി പൊട്ടിവിരിയുന്ന കുരുമുളകാണ്‌ ഉള്ളത്‌. ഓരോ ഞെട്ടിൽ നിന്നുമുണ്ടാകുന്ന കുലകൾ 60 മുതൽ 80 വരെ ശാഖകളായി വളരുന്നു.ഇങ്ങനെയുണ്ടാകുന്ന കുലകളിൽ 400 മണികൾ വരെകാണാം. സാധാരണ ഇനങ്ങളിലും സങ്കര ഇനങ്ങളിലുംപരമാവധി 80 മണികൾ വരെയാണ്‌ കാണപ്പെടുക. സാധാരണ ഇനങ്ങൾ ഒരു വള്ളിയിൽ നിന്ന്‌ ഒരു കിലോഗ്രാം മുതൽ ഒന്നരകിലോഗ്രാം വരെ കുരുമുളക്‌ തരുമ്പോൾ തെക്കൻ കുരുമുളക്‌ ഇനം നാലുകിലോഗ്രം വരെ തരുന്നു. തെക്കൻ കുരുമുളകിന്റെ സവിശേഷതകൾ അറിഞ്ഞതോടെ മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ പതിവായി. കാർഷിക സർവകലാശാലയും ഇന്ത്യൻ സുഗന്ധവിള ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടും ഈ ഇനത്തെ പറ്റി പഠനങ്ങൾ നടത്തുകയും ഇത്‌ കൂടുതൽ ഉത്പാദനക്ഷമതയും കീടപ്രതിരോധ ശക്തിയും ഉള്ളതാണെന്ന്‌ കണ്ടെത്തുകയും ചെയ്തിരുന്നു. കാർഷിക സർവകലാശാല ബൗധിക സ്വത്തവകാശ സെൽ ഗവേഷണ ഡയറക്ട്രേറ്റാണ്‌ തോമസിനെ പുരസ്കാരത്തിനായി നാമ നിർദേശം ചെയ്തത്‌.

  Categories:
view more articles

About Article Author