തെങ്ങോലപ്പുഴുക്കളെ അകറ്റാം

തെങ്ങോലപ്പുഴുക്കളെ അകറ്റാം
April 22 04:45 2017

അനുകൃഷ്ണ എസ്‌
ശത്രുക്കളും മിത്രങ്ങളുമൊക്കെ മനുഷ്യനുമാത്രമല്ല, ആവാസവ്യവസ്ഥയിലെ സസ്യ-ജന്തുജാലങ്ങൾക്കെല്ലാമുണ്ട്‌. കേരളത്തിന്റെ സ്വന്തം കേരനിരയ്ക്കുമുണ്ട്‌ ശത്രുക്കളേറെ. തെങ്ങിന്റെ പ്രധാന ശത്രുകീടങ്ങളിലൊന്നാണ്‌ തെങ്ങോലപ്പുഴു. വേനൽക്കാലത്താണ്‌ ഇതിന്റെ ഉപദ്രവം വർധിക്കുന്നത്‌. ഇലതീനിപ്പുഴു, കറുത്ത തലയൻപുഴു എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. മറ്റു പ്രദേശങ്ങളിലുമുണ്ടാകാറുണ്ടെങ്കിലും കായലോരങ്ങളിലും കടൽത്തീരങ്ങളിലുമാണ്‌ ഇതിന്റെ ഉപദ്രവം വൻതോതിൽ കാണുക.
തെങ്ങോലകളിൽ തീ വീണതു പോലെ അടിയോലകൾ കരിഞ്ഞു നിൽക്കുന്നതു കാണാം. സാധാരണ ഗതിയിൽ ഇടി വീണതാണെന്ന്‌ കൃഷിക്കാർ തെറ്റിദ്ധരിക്കാറുണ്ട്‌. വർഷം മുഴുവൻ ഈ പുഴുക്കൾ ഉപദ്രവം ചെയ്യാറുണ്ടെങ്കിലും ഉണക്കുകാലമായ മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിൽ അനുകൂല കാലാവസ്ഥയായതിനാൽ വംശവർധനവ്‌ കൂടുതൽ ഉണ്ടാകുകയും പുഴുവിന്റെ ഉപദ്രവം കൂടുകയും ചെയ്യും.
ശലഭങ്ങൾക്ക്‌ ചാരനിറമാണ്‌. മുൻചിറകുകൾ അൽപം വലുതും അവയിൽ അവിടവിടെ കറുത്ത ശൽകങ്ങളും ഉണ്ടായിരിക്കും. പൂർണവളർച്ചയെത്തിയ പുഴുക്കൾക്ക്‌ ഇളം പച്ചനിറവും തലയ്ക്ക്‌ ഇരുണ്ട പച്ച നിറവുമാണ്‌. ഏകദേശം 15 മില്ലീമീറ്റർ നീളമുണ്ടാകും. ചുവപ്പു കലർന്ന തവിട്ടു നിറത്തോടുകൂടിയ വര പോലുള്ള അടയാളം ഒരെണ്ണം മുതുകിലും രണ്ടെണ്ണം വീതം വശങ്ങളിലും കാണുന്നു. ഈ വരകൾ മറ്റു പുഴുക്കളിൽ നിന്നും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. തെങ്ങിന്‌ നാശം ചെയ്യുന്നത്‌ പുഴുക്കളാണ്‌. ഈ പുഴുക്കൾ ഓലക്കാലുകളുടെ അടിയിൽ ജീവിക്കുന്നു. സ്വന്തം വിസർജ്യങ്ങൾ ഉപയോഗിച്ച്‌ ഇവ ഗ്യാലറികൾ പോലുള്ള വാസസ്ഥലങ്ങൾ നിർമിക്കുന്നു. അവയ്ക്കുള്ളിലാണ്‌ ജീവിതം.
ഓലയുടെ അടിഭാഗത്തുള്ള പച്ചയായ ഭാഗം കാർന്നുതിന്ന ശേഷം നേർത്ത സ്തരം പോലുള്ള ഭാഗം അവശേഷിപ്പിക്കുന്നു. ആക്രമണ ലമായി ഓലകൾക്ക്‌ തവിട്ടു കലർന്ന ചാരനിറം ഉണ്ടാകുകയും ക്രമേണ പുഴുക്കൾ കാർന്നുതിന്ന ഭാഗം ഉണങ്ങുകയും ചെയ്യുന്നു. കൂടുതൽ ഓലകളിൽ പുഴുശല്യം ഉണ്ടാകുമ്പോൾ തെങ്ങിന്റെ മണ്ട മൊത്തമായി തീ വീണു കരിഞ്ഞതുപോലെ കാണപ്പെടും. വിളവിലും സാരമായ കുറവുണ്ടാകും. ചിലപ്പോൾ പ്രായം കുറഞ്ഞ തെങ്ങുകൾ പൂർണമായി നശിക്കുവാനും ഇടയാകുന്നു.
പുഴുവിന്റെ ആക്രമണം കാണുന്ന ഓലകൾ വെട്ടിയെടുത്ത്‌ പുഴുക്കളോടൊപ്പം തന്നെ നശിപ്പിക്കുകയെന്നതാണ്‌ ആദ്യ നിയന്ത്രണ നടപടി. പുഴുക്കൾ ഉണ്ടാക്കിയ ഗ്യാലറികൾ കാണുന്ന എല്ലാ ഓലകളും വെട്ടിയെടുത്ത്‌ തീയിടണം. കീടത്തിന്റെ സംഖ്യാബലം കുറയ്ക്കുവാൻ ഇത്‌ സഹായിക്കും. കൂടാതെ കൂടുതലായി ഉണ്ടാകാവുന്ന ആക്രമണം കുറയ്ക്കുവാനും ഇത്‌ സഹായിക്കും. എതിർ പ്രാണികളെ ഉപയോഗിച്ചും ഇവയെ നിയന്ത്രിക്കുവാൻ കഴിയും. തെങ്ങോലപ്പുഴുവിന്‌ പ്രകൃതിയിൽ തന്നെ ധാരാളം ശത്രുക്കളുണ്ട്‌. ഇവയിൽ പരീക്ഷണശാലയിൽ വളർത്തിയെടുക്കാൻ കഴിയുന്ന ചിലയിനം പ്രാണികളുണ്ട്‌. ബ്രാക്കോണിഡ്‌, എലാസ്മിഡ്‌, ബത്തിലിഡ്‌, യുലോഫിഡ്‌ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. യുലോഫിഡ്‌ സമാധിദശയെയാണ്‌ ആക്രമിക്കുന്നത്‌.
ബ്രാക്കോണിഡ്‌, എലാസ്മിഡ്‌, ബത്തിലിഡ്‌ എന്നീ പരാദങ്ങൾ പുഴുക്കളെ ആക്രമിച്ച്‌ നശിപ്പിക്കുന്നു. കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാരസൈറ്റ്‌ ബ്രീഡിങ്‌ സ്റ്റേഷനിൽ നിന്നും ഗ്ലാസ്ട്യൂബുകളിൽ ലഭിക്കുന്ന ഇവയെ ആക്രമണവിധേയമായ തെങ്ങുകളുടെ മണ്ടയിൽ ഓലമടലുകൾ തെങ്ങിന്റെ തടിയുമായി ചേരുന്ന ഭാഗത്ത്‌ നിക്ഷേപിക്കുകയാണെങ്കിൽ അവിടെ നിന്നും അവ ക്രമേണ നീങ്ങി പുഴുക്കളെയോ സമാധിദശയെയോ തേടിപ്പിടിച്ച്‌ ആക്രമിക്കും. നാശം വൻതോതിൽ കാണുന്നുവെങ്കിൽ ഇടവിട്ടുള്ള തെങ്ങുകളിൽ ഇവയെ നിക്ഷേപിക്കണം. രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള കീടനിയന്ത്രണമാണ്‌ അടുത്തത്‌. ആക്രമണം കൂടുതലാണെങ്കിൽ കീടനാശിനി കലക്കി ഓലയിൽ തളിക്കണം. 0.05 ശതമാനം വീര്യമുള്ള മാലത്തിയോൺ, 0.05 ശതമാനം വീര്യമുള്ള ക്വിനാൽഫോസ്‌ ഇവയിലേതെങ്കിലുമൊന്ന്‌ വെള്ളത്തിൽ കലക്കി ഓലയുടെ അടിവശത്ത്‌ തളിക്കണം.
ഈ നിയന്ത്രണ നടപടികൾ പ്രത്യേകം പ്രത്യേകം സ്വീകരിക്കുന്നതിലും ഫലപ്രദം സംയോജിത കീടനിയന്ത്രണം നടപ്പിലാക്കുന്നതാണ്‌. അതിനായി ആദ്യം കീടബാധയുള്ള തെങ്ങുകളിലെ അടിയോലകൾ വെട്ടി തീയിടണം. ഉപദ്രവത്തിന്റെ ആരംഭദശയിൽ എതിർപ്രാണികളെ ഉപയോഗിച്ച്‌ നിയന്ത്രിക്കാവുന്നതാണ്‌. ആക്രമണം രൂക്ഷമാണെങ്കിൽ രാസനിയന്ത്രണം സ്വീകരിക്കണം. മരുന്നുതളിക്കുമ്പോൾ ഓലയുടെ അടിഭാഗത്ത്‌ നല്ലവണ്ണം വീഴാൻ ശ്രദ്ധിക്കണം.

  Categories:
view more articles

About Article Author