തെരഷ്ക്കോവ ബഹിരാകാശത്ത്‌ ഇറങ്ങിയിട്ട്‌ ഇന്ന്‌ 54 വർഷം

തെരഷ്ക്കോവ ബഹിരാകാശത്ത്‌ ഇറങ്ങിയിട്ട്‌ ഇന്ന്‌ 54 വർഷം
June 16 04:50 2017

ജോസ്‌ ചന്ദനപ്പള്ളി
ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ വനിതയാണ്‌ വാലന്റീന വ്ലാഡിമറോവനാ തെരഷ്ക്കോവ അഥവ വാലന്റീന തെരഷ്ക്കോവ. റഷ്യയിലെ യാറോസ്ലാവ്‌ ഒബ്ലാസ്റ്റിലെ ചെറിയ പട്ടണമായ മാസ്ലന്നിക്കോവയിൽ 1937 മാർച്ച്‌ 6നാണ്‌ വാലന്റീന തെരഷ്ക്കോവ ജനിച്ചത്‌. പിതാവ്‌ വ്ലാഡിമർ തെരസ്കോവ്‌ ഒരു ട്രാക്റ്റർ ഡ്രൈവറും മാതാവ്‌ എലിന ഫിയോ ദറോവ്ന ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ, റഷ്യൻ സൈന്യത്തിൽ പട്ടാളക്കാരനായി ജോലി ചെയ്തിരുന്ന പിതാവിന്റെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന്‌ പത്താം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച തെരഷ്ക്കോവ 1954 വരെ ഒരു ടയർ ഫാക്ടറിയിൽ അപ്രന്റീസ്‌ ആയി ജോലിനോക്കി. 1955 മുതൽ തന്റെ മാതാവിനും സഹോദരിക്കും ഒപ്പം ഒരു തുണിമില്ലിൽ ജോലിചെയ്ത തെരഷ്ക്കോവ വിദൂര വിദ്യാഭ്യാസത്തിലൂടെ ടെക്നിക്കൽ പഠനം പൂർത്തിയാക്കാനും മറന്നില്ല. ഒരിക്കലും തന്റെ പ്രവർത്തന മേഖല ഒരു ഫാക്ടറിയിൽ ഒതുക്കി നിർത്താൻ ആ യുവതി തയ്യാറായില്ല. പഠനത്തോടൊപ്പം എൻജിനിയറിങ്ങും പഠിച്ച അവർ വിമാന യാത്രയിലും പരിശീലനം നേടി. ബഹിരാകാശ യാത്രികനായിരുന്ന യൂറി ഗഗാറിന്റെ മാതൃക സ്വീകരിച്ച തെരഷ്ക്കോവ ബഹിരാകാശ യാത്രയിലും ഏറെ തൽപ്പരയായിരുന്നു. 1959ൽ ഒരു പ്രാദേശിക എയ്‌റോ ക്ലബ്ബിൽ വച്ച്‌ പാരച്യൂട്ടിൽ പരിശീലനവും നേടിയിരുന്നു.
ഒരു പെയിലറ്റ്‌ എന്ന നിലയിൽ തെരഷ്ക്കോവയ്ക്ക്‌ അനുഭവങ്ങൾ ഇല്ലായിരുന്നെങ്കിലും 126 പാരച്യൂട്ട്‌ ജമ്പ്‌ നടത്തിയ വ്യക്തി എന്ന നിലയിൽ 1962ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു. റഷ്യൻ എയർഫോഴ്സിൽ സൈനിക റാങ്ക്‌ നേടിയ തെരഷ്ക്കോവ 18 മാസത്തെ നീണ്ട പരിശീലനത്തിനൊടുവിൽ വോസ്റ്റോക്ക്‌ 6ന്റെ ചീഫ്‌ പെയിലറ്റായും ജൂനിയർ ലെഫ്റ്റനന്റായും നിയമിതയായി. 1963 ജൂൺ 16ന്‌ വോസ്റ്റോക്ക്‌ 6 എന്ന ബഹിരാകാശ വാഹനത്തിൽ തന്റെ ലക്ഷ്യം സഫലമാക്കിയ വാലന്റീന തെരഷ്ക്കോവ ശൂന്യാകാശ യാത്ര നടത്തിയ ആദ്യ വനിത എന്ന ബഹുമതിക്ക്‌ അർഹയായി. അവരുടെ മൂന്നു ദിവസത്തെ ബഹിരാകാശ യജ്ഞം നടത്തുമ്പോൾ അവർക്ക്‌ പ്രായം 26 വയസായിരുന്നു. ആദ്യ ബഹിരാകാശ യാത്രയ്ക്കു ശേഷം തന്റെ പ്രവർത്ത മേഖല ഒന്നു കൂടി പരിപോഷിപ്പിക്കുവാൻ അവർ വീണ്ടും പഠനം ആരംഭിച്ചു. തുടർന്ന്‌ 1969ൽ ഷുകോവ്സ്ക്കി എയർ ഫോഴ്സ്‌ അക്കാദമിയിൽ നിന്നും ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും സമ്പാദിച്ചു. 1977ൽ എൻജിനിയറിങ്ങിൽ ഡോക്ടറേറ്റും ലഭിച്ച ബഹിരാകാശ യാത്രിക എന്നതിനു പുറമെ അനേകം രാഷ്ട്രീയ സ്ഥാനമാനങ്ങളിലും കഴിവു തെളിയിച്ച വ്യക്തിയായിരുന്നു തെരഷ്ക്കോവ.

view more articles

About Article Author