തൈലേറിയ രോഗം വരും വഴി

തൈലേറിയ രോഗം വരും വഴി
April 01 04:45 2017

ഡോ. സാബിൻ ജോർജ്ജ്‌
കേരളത്തിലെ കന്നുകാലികളിൽ പൊതുവായി കാണപ്പെടുന്നില്ല എന്നു കരുതിയിരുന്നതും, എന്നാൽ ഇപ്പോൾ കാണപ്പെടാൻ തുടങ്ങിയതുമായ രോഗങ്ങളിലൊന്നാണ്‌ തൈലേറിയ രോഗം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും, കർണ്ണാടകത്തിലും തൈലേറിയ ആനുലേററ വിഭാഗത്തിൽപ്പെടുന്ന മാരക പരാദങ്ങൾ കാണപ്പെടുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ ധാരാളമായി പശുക്കൾ എത്താൻ തുടങ്ങിയതോടെ കേരളത്തിലും അതിമാരകമല്ലെങ്കിലും തൈലേറിയ ബാധിച്ച മൃഗങ്ങളുടെ എണ്ണം കൂടി വരുന്നു.
പട്ടുണ്ണികൾ വഴിയാണ്‌ ഈ രോഗം പകരുന്നത്‌. ഏകകോശമുള്ള ഈ പരാദം രക്തകോശങ്ങളെ ആക്രമിക്കുകയും അതിശക്തമായ പനി, വിളർച്ച, മഞ്ഞപ്പിത്തം, കട്ടൻകാപ്പിയുടെ നിറമുള്ള മൂത്രം, ഗ്രന്ഥി വീക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. പാലുൽപാദനത്തിലെ കുറവും, മരണത്തിന്റെ ഉയർന്ന തോതും അനുബന്ധമായി വരുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നുകാലികളിൽ കാലാവസ്ഥാ മാറ്റവും, ദീർഘദൂര യാത്രയും ഈ രോഗാവസ്ഥയെ സഹായിക്കുന്നു. ഏതു പ്രായത്തിലുള്ള മൃഗങ്ങളും, പശുക്കളും, എരുമകളും ഇവരുടെ ഇരകളാകാം. ഇതേ രോഗലക്ഷണങ്ങളുള്ള ധാരാളം രോഗങ്ങളുള്ളതിനാൽ കൃത്യ സമയത്ത്‌ രോഗനിർണയം നടത്തണം. രക്തപരിശോധനയിലൂടെ തൈലേറിയ രോഗം സ്ഥിരീകരിക്കാവുന്നതാണ്‌. ടെട്രാസൈക്ലിൻ, ബു പാർവ്വക്വോൺ തുടങ്ങിയ മരുന്നുകൾ ഉത്തമം. പ്രതിരോധ കുത്തിവെയ്പ്‌ ഇന്ത്യയിൽ ലഭ്യമെങ്കിലും നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഇനത്തിന്‌ ചേരുന്നതല്ല. പട്ടുണ്ണികളാണ്‌ രോഗം പകർത്തുന്നതിനാൽ കന്നുകാലികളുടെ ബാഹ്യപരാദ നിയന്ത്രണം പ്രധാനം. ഇതിനായി ഉചിതമായ കീടനാശിനികൾ അഥവാ മരുന്നുകൾ ശരീരത്തിൽ പുരട്ടുകയും തൊഴുത്തിലും പരിസര പ്രദേശങ്ങളിലും തളിക്കേണ്ടതുമാണ്‌. പുറത്ത്‌ മേയാൻ വിടുന്ന പശുക്കളിൽ പയോ പട്ടുണ്ണികളെ നിയന്ത്രിക്കുക ഏറെ വിഷമകരമാണ്‌. രോഗം അധികമുള്ള പ്രദേശങ്ങളിൽ മേയാൻ വിടുന്നത്‌ ഒഴിവാക്കുക തന്നെ ഉചിതം.

  Categories:
view more articles

About Article Author