തൊട്ടാൽപൊട്ടുന്ന പ്രായമറിയിച്ച മേനക!

തൊട്ടാൽപൊട്ടുന്ന പ്രായമറിയിച്ച മേനക!
March 20 04:55 2017

വാതിൽപ്പഴുതിലൂടെ
ദേവിക

ഇന്ദ്രപ്രസ്ഥത്തിൽ മോഡിജി നാടുവാഴുമ്പോൾ ടിയാന്റെ മൂക്കിനു താഴെ മണിക്കൂറിൽ മൂന്ന്‌ ബലാൽസംഗം. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയാഘോഷമായി സ്വന്തം ഗുജറാത്തിൽ പിതാവിന്റെ മുന്നിൽവച്ച്‌ ഏഴുപേർ ചേർന്ന്‌ കൂട്ടബലാൽസംഗത്തിനിരയാക്കിയെന്ന്‌ നാട്ടുവർത്തമാനം. ഡൽഹിയിൽ മാനഭംഗത്തിനിരയാവുന്നവരിൽ നല്ലൊരു പങ്ക്‌ കുരുന്നുകൾ.
മോഡിവാഴ്ചയിൽ വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുള്ള വകുപ്പ്‌ കയ്യാളുന്നത്‌ സാക്ഷാൽ മേനകാഗാന്ധി. നാട്ടിൽ ഇതൊക്കെ നടമാടുമ്പോൾ ‘എക്സ്പീരിയൻസ്ഡ്‌’ ആയ മേനക എന്തേ ഒന്നും മിണ്ടാത്തതെന്ന്‌ മാലോകർ അത്ഭുതം കൂറുമ്പോഴാണ്‌ ദേ മന്ത്രിണിയുടെ മൊഴിമുത്തുകൾ. സന്ധ്യയ്ക്ക്‌ ആറ്‌ മണി കഴിഞ്ഞാൽ പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്നു പുറത്തുപോകരുത്‌. ലൈബ്രറിയിൽ പോലും തിരിഞ്ഞുനോക്കരുത്‌. വീടുകളിൽ താമസിക്കുന്ന പെൺകുട്ടികൾ സന്ധ്യമയങ്ങിയാൽ മുറിയടച്ചിരുന്നുകൊള്ളണം.
ഈ സാരോപദേശ സംഗ്രഹത്തിന്‌ പിന്നിലെ ശാസ്ത്രീയവശം കൂടി മേനക വിവരിച്ചപ്പോഴല്ലേ സംഗതിയുടെ ഗുട്ടൻസ്‌ പിടികിട്ടിയത്‌. കൗമാരം പെൺകുട്ടികളുടെ പൊട്ടിത്തെറിക്കുന്ന പ്രായമാണത്രേ. പെണ്ണ്‌ പൊട്ടിത്തെറിക്കുന്ന ഹോർമോണുകൾ പുറത്തേയ്ക്ക്‌ ചാടാൻ പാകമായ ആപൽകാലം. അതുകൊണ്ടാണ്‌ പകൽമയങ്ങിയാൽ പെണ്ണ്‌ സൂര്യനോടൊപ്പം ഹോസ്റ്റലുകളിലോ വീടുകളിലോ അസ്തമിച്ചുകൊള്ളണമെന്ന ഉപദേശശതകം.
ചരിത്രം തപ്പിയപ്പോഴല്ലേ തന്റെ ആയകാലത്ത്‌ തൊട്ടാൽപൊട്ടുന്ന പ്രായമറിയിച്ച പെണ്ണാണ്‌ മേനകയെന്നറിഞ്ഞത്‌. സൗന്ദര്യമത്സരത്തിൽ പൊട്ടിത്തെറിക്കുന്ന ഹോർമോൺ പ്രായത്തിൽ 1973ൽ മിസ്‌ ഡൽഹി പട്ടം അണിയുമ്പോൾ അന്ന്‌ ഈ അഗ്നിപർവതത്തിൽ പേര്‌ മേനകാ ആനന്ദ്‌ എന്നായിരുന്നു. ഉർവശി, രംഭ, തിലോത്തമ, മേനകമാർ സുല്ലിട്ടു പോകുന്ന മാദകത്തിടമ്പ്‌. പെണ്ണ്‌ കൊള്ളാമല്ലോ എന്ന്‌ തോന്നിയ ഇന്ത്യയിലെ പ്രമുഖ വസ്ത്രനിർമാതാക്കളായ ഡിസിഎം തങ്ങളുടെ കുളിത്തോർത്തിന്റെ (ഒരു ഇംഗ്ലീഷ്‌ ചന്തത്തിന്‌ ബാത്തിങ്‌ ടവൽ എന്ന്‌ പറയാം) പരസ്യത്തിന്റെ മോഡലായി തെരഞ്ഞെടുത്തത്‌ പൊട്ടിത്തെറിക്കുന്ന മേനകയെ.
അങ്ങും ഇങ്ങും എത്താത്ത ടവലും ചൂടി നിൽക്കുന്ന മേനകയുടെ പടമുള്ള പരസ്യഫലകങ്ങൾകൊണ്ട്‌ ഡൽഹിയാകെ മൂടി. മേനിയഴകും വിസ്ഫോടന ഹോർമോണുകളുംകൊണ്ട്‌ അനുഗ്രഹീതമായ ആ രൂപഭംഗിയുള്ള വർണപരസ്യങ്ങൾകൊണ്ട്‌ പത്രത്താളുകൾ നിറഞ്ഞു. ഒടുവിൽ മേനകയിലെ ഹോർമോണുകൾ ഉള്ളിലൊതുങ്ങാതെ പൊട്ടിത്തെറിച്ചത്‌ നേരെ ഇന്ദിരാസുതൻ സഞ്ജയ്‌ ഗാന്ധിയുടെ തലയിലേയ്ക്ക്‌. മേനക-സഞ്ജയ്‌ സംബന്ധം ഉറപ്പിച്ചതോടെ മേനകയുടെ അർധനഗ്നപരസ്യങ്ങളും അപ്രത്യക്ഷമായി. മേനക സഞ്ജയിന്റെ തലയിലായതോടെ പയ്യന്റെ ശനിദശയും തുടങ്ങി; ഹെലികോപ്ടർ പൊട്ടിത്തെറിച്ച്‌ അന്ത്യമാവുന്നതുവരെ.
അപ്പോൾ തന്റെ സ്ഫോടനഹോർമോൺ ചരിതമറിയുന്ന മേനകയുടെ അനുഭവസമ്പത്ത്‌ പങ്കുവച്ചതിനെ എങ്ങനെ കുറ്റം പറയാനാവും. സ്ത്രീശാക്തീകരണയുഗത്തിൽ സ്ത്രീ അന്തർമുഖയായി ഒതുങ്ങിക്കൂടിയില്ലെങ്കിൽ പെണ്ണേ നിനക്ക്‌ ദുരന്തം എന്ന്‌ ശപിക്കുന്ന ഒരു സ്ത്രീജന്മം. നാടിന്റെ പെ ൺക്ഷേമ മന്ത്രിയായത്‌ ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട മഹാദുരന്തം…
ഇടതുപക്ഷ എഴുത്തുകാരനായ അശോകൻ ചരുവിൽ ചരിവും വളവുമില്ലാതെ കാര്യങ്ങൾ പറയുന്നയാളാണെന്നാണ്‌ തോന്നിയിട്ടുള്ളത്‌. സാഹിത്യധർമം അങ്ങനെയായിരിക്കണമെന്നും തോന്നി. പക്ഷേ കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ സദാചാരഗുണ്ടകളായ ശിവസേനക്കാരുടെ അഴിഞ്ഞാട്ടത്തിനെതിരെ ഒരുകൂട്ടം ചെറുപ്പക്കാർ നടത്തിയ ചുംബനപ്രതിഷേധം ഭാരതീയ സദാചാരബോധത്തിലും ധർമശൈലിക്കും എതിരാണെന്ന അശോകൻ ചരുവിലിന്റെ ചരിഞ്ഞ ചിന്തയ്ക്ക്‌ കാവിനിറമുണ്ടോ.
ഇതുകേട്ടപ്പോൾ മൂന്നുപേരെയാണ്‌ ദേവികയ്ക്ക്‌ ഓർമവന്നത്‌. സിപിഎം നേതാവായിരുന്ന എം കെ കേളുവേട്ടനേയും സിപിഐ നേതാവായിരുന്ന കെ ടി ജേക്കബ്ബാശാനേയും കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദിനേയും. പണ്ടൊരിക്കൽ എഐടിയുസി-സിഐടിയു പ്രവർത്തകർ തമ്മിൽ കോഴിക്കോട്‌ സംഘട്ടനങ്ങൾ തുടർക്കഥയായപ്പോൾ സിഐടിയു ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത്‌ കേളുവേട്ടൻ പറഞ്ഞു. “ഞങ്ങളുടെ സിഐടിയു ഗുണ്ടകളെ ആക്രമിക്കുന്ന എഐടിയുസി ഗുണ്ടകളെ ഞങ്ങൾ വെറുതെ വിടില്ല.” അത്‌ ഒരു കഥ.
നിയമസഭയിൽ അസ്വസ്ഥമായ തൊഴിൽരംഗത്തേയും വർധിച്ചുവരുന്ന തൊഴിൽ സമരങ്ങളേയും കുറിച്ച്‌ പ്രതിപക്ഷം കത്തിക്കയറുമ്പോൾ തൊഴിൽമന്ത്രിയായിരുന്ന ആര്യാടൻ ചാടിയെണീറ്റ്‌ പറഞ്ഞു. ‘സർ, എന്റെ കാൽക്കുലേറ്ററിലെ കണക്കുകളനുസരിച്ച്‌ കേരളത്തിലെ തൊഴിൽ സമരങ്ങൾ കുറയുകയാണ്‌. ‘ആര്യാടന്റെ കാൽക്കുലേറ്ററിന്‌ ഒരു കണക്ക്‌ എന്നും പ്രതിപക്ഷത്തിന്റെ കാൽക്കുലേറ്ററിൽ വേറൊരു കണക്കും എന്നുണ്ടോ.
മറ്റൊരു കഥ ജേക്കബ്ബാശാന്റെ വക. എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായ കണിയാപുരം രാമചന്ദ്രനേയും സെക്രട്ടറി കാനം രാജേന്ദ്രനേയും സംസ്ഥാന നേതാവായ അഡ്വ. പി എ അസീസിനേയും കൂട്ടി അദ്ദേഹം മൂവാറ്റുപുഴയിൽ സംഘടനയുടെ ഫണ്ട്‌ പിരിവിനെത്തി. ആശാൻ എന്നിട്ട്‌ കണിയാപുരത്തേയും കാനത്തേയും പരിചയപ്പെടുത്തി; ഇതു കണിയാപുരം രാമചന്ദ്രൻ. ഞങ്ങളുടെ യൂത്ത്‌ കോൺഗ്രസിന്റെ പ്രസിഡന്റ്‌. ഇത്‌ കാനം രാജേന്ദ്രൻ. ഞങ്ങളുടെ യൂത്തുകോൺഗ്രസിന്റെ സെക്രട്ടറി. യുവജനസംഘടനകൾക്കെല്ലാം യൂത്തുകോൺഗ്രസെന്നാണ്‌ പേരെന്ന ആശാന്റെ നിഷ്കളങ്കമായ പ്രയോഗം. കേളുവേട്ടന്റെ ഗുണ്ടാപ്രയോഗവും അത്തരത്തിൽ ശുദ്ധനിഷ്കളങ്കതയോടെയായിരുന്നു.
പക്ഷേ അശോകൻ ചരുവിലിന്റെ സദാചാര നിർവചനത്തിൽ ചുംബനം ഭാരതീയ സംസ്കാരത്തിനു നിഷിദ്ധം. അദ്ദേഹം അജന്ത, എല്ലോറ, പുരിക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ കണ്ടിട്ടാണോ ഇത്‌ പറഞ്ഞതെന്നറിയില്ല. പക്ഷേ സദാചാരത്തിന്‌ ഒരു നിർവചനമേയുള്ളൂ. ലംബമായാലും തിരശ്ചീനമായാലും ഏത്‌ തരത്തിൽ നിന്നു നോക്കിയാലും അതിന്‌ ഒരേ നിർവചനമേയുള്ളു. ചുംബനം മുറിയുടെ നാല്‌ ഭിത്തികൾക്കകത്ത്‌ ഒതുക്കിനിർത്തിയില്ലെങ്കിൽ അത്‌ സദാചാര ലംഘനമാവുമെന്ന്‌ പറഞ്ഞ മ്യൂസിയം പൊലീസിന്റെ വാക്കുകൾ അശോകൻ ചരുവിൽ കടമെടുത്തത്‌ കഷ്ടമായിപ്പോയി. ചുംബിതരും ചുംബകരും പൊതുശല്യമല്ലെങ്കിൽ എവിടെയാണ്‌ സദാചാരലംഘനം.
അങ്ങനെ വരുമ്പോൾ യൂണിവേഴ്സിറ്റി കോളജിൽ അടുത്തടുത്തിരുന്ന്‌ നാടകം കണ്ടുകൊണ്ടിരുന്ന സുഹൃത്തുക്കളായ സൂര്യഗായത്രിയേയും അഷ്മിതയേയും ജിജേഷിനേയും നെറ്റിയിൽ വിപ്ലവചാപ്പ കുത്തിയ സദാചാരഗുണ്ടകൾ തല്ലി ഇഞ്ചപ്പരുവമാക്കിയതിനെ സദാചാരമായി അശോകൻ ചരുവിൽ ചരിഞ്ഞ നിർവചനം നടത്തുമോ? ഈ പെൺകുട്ടികൾക്കെതിരെ നവമാധ്യമങ്ങളിലൂടെ ഈ സദാചാര പൊലീസുകാർ നടത്തുന്ന പുലയാട്ടും തെറിയഭിഷേകവും അശോകന്‌ സദാചാരം. ചുംബനം സദാചാരവിരുദ്ധം. ആര്യാടനും അശോകനും ഒരേ സ്റ്റെയിൽ. എന്റെ കാൽക്കുലേറ്ററിൽ സദാചാരം ഇങ്ങനെയെന്ന ആര്യാടന്റെ നിലപാട്‌ അശോകൻ ചരുവിലിനും.

കേരളത്തിലെ കോൺഗ്രസിന്‌ തലയില്ലാതായിട്ട്‌ രണ്ടാഴ്ചയാകുന്നു. കെപിസിസി പ്രസിഡന്റിന്റെ കുപ്പായം തയ്ക്കാൻ സംസ്ഥാനത്തെ തുന്നൽകാർക്ക്‌ ഇപ്പോൾ എടുപ്പതുപണി. ബൂത്തുകമ്മിറ്റി പ്രസിഡന്റ്‌ മുതൽ കെ സുധാകരനും എം എം ഹസനും വരെ കുപ്പായം തുന്നിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടെ പ്രസിഡന്റിനെ ഡൽഹിയിൽ നിന്നും ഇന്ദിരാഭവന്റെ കോൺക്രീറ്റ്‌ മച്ച്‌ പൊളിച്ച്‌ നൂലിൽ കെട്ടിയിറക്കുമെന്നും ശ്രുതിയുണ്ട്‌. അപ്പോഴാണ്‌ ഡൽഹിയിലെ സ്ഥിരം നിലയവിദ്വാനായ വയലാർരവിയുടെ വരവ്‌.
വയലാർരവിയല്ലേ. പേരിൽ വയലാർ കൂടി തുന്നിച്ചേർത്തിരിക്കുന്നതിനാൽ വരവങ്ങനെ മോശമാക്കാമോ. കെപിസിസി പ്രസിഡന്റിന്‌ ഉണ്ടാകേണ്ട യോഗ്യതകളെക്കുറിച്ച്‌ ഒരു ഗിരിപ്രഭാഷണം. മതേതരപാർട്ടിയാണ്‌ കോൺഗ്രസ്‌ എന്ന നാട്ടുപറച്ചിൽ പോലും വയലാർജിക്ക്‌ ബാധകമല്ല. ജാതിയുണ്ട്‌, മതമുണ്ട്‌, കോൺഗ്രസിന്‌ മാത്രം അത്‌ ബാധകമല്ലെന്ന്‌ അങ്ങ്‌ അർത്തുങ്കൽ പള്ളിയിൽ പോയി പറഞ്ഞാൽ മതി. കെപിസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും ജാതിസമവാക്യം നോക്കിയേ പറ്റൂ എന്ന്‌ ഈ ദേശീയ നേതാവ്‌ പറഞ്ഞപ്പോഴല്ലേ പൂച്ച്‌ പുറത്തുചാടിയത്‌. അതായത്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പുറത്തുപോയത്‌ ഈഴവനായ വി എം സുധീരൻ. ആ സമവാക്യമനുസരിച്ച്‌ പ്രസിഡന്റിന്റെ കുപ്പായം തനിക്കിങ്ങു തന്നേരെ എന്ന്‌ വയലാർ രവി പറയാതെ പറയുമ്പോൾ സംഗതി കോൺഗ്രസ്‌ എന്നോർത്ത്‌ സമാധാനിക്കാം.

പ്രധാനമന്ത്രി മോഡിയെ മഹത്വവൽക്കരിക്കാൻ വാക്കുകളില്ലാതെ ഒരാൾ രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിൽ ഉലാത്തുന്നു. കോൺഗ്രസുകാരനായ സാക്ഷാൽ രാഷ്ട്രപതി പ്രണബ്‌ മുഖർജി. ഒരു വട്ടം കൂടി രാഷ്ട്രപതിയാകണമെങ്കിൽ മോഡി മഹാരാജാവിന്റെ കരുണ വേണം. ആ മോഹത്താൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒരൊറ്റ കീച്ചുകീച്ചി. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രി മോഡിയാണ്‌ ഇന്ത്യയുടെ മഹത്വം ലോകമെമ്പാടും പ്രസരിപ്പിച്ച ഏകപ്രധാനമന്ത്രി. പിന്നെ മോഡി ആനയാണ്‌, ചേനയാണ്‌, ഗുജറാത്തികത്തിയാണ്‌, ഒലക്കേടെ മൂടാണ്‌ എന്നൊക്കെ. ഒരു പാട്ടുകൂടി പാടിയില്ലെന്നേയുള്ളൂ. ‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുമീ തിരുമുറ്റത്തെത്തുവാൻ മോഹം’ എന്ന പാട്ട്‌.

  Categories:
view more articles

About Article Author