തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ നെഞ്ചേറ്റിയ എസ്സും സികെയും

December 25 17:01 2013

 

പന്ന്യന്‍ രവീന്ദ്രന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ച എസ് കുമാരന്റെയും സി കെ വിശ്വനാഥന്റെയും ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച എസ് കുമാരന്‍ 1991 ലാണ് നമ്മെ വിട്ടുപിരിഞ്ഞത്. ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാവായിരുന്ന സി കെ വിശ്വനാഥന്‍ 2002 ലും അന്തരിച്ചു.
കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്ന എസ്, തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി യൂണിയന്‍ പ്രവര്‍ത്തകനായതോടെയാണ് ശ്രദ്ധേയനായത്. തൊഴിലാളികളുടെ അവകാശസമരങ്ങളിലെ മുന്നണിപോരാളിയായിരുന്ന എസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപംകൊണ്ട 1939 ല്‍ തന്നെ പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി മാറിയ എസ്, കയര്‍ ഫാക്ടറി തൊഴിലാളികളെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സാമ്പത്തിക ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭസമരങ്ങള്‍ക്ക് ഒപ്പം നാടിന്റെ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും കയര്‍ ഫാക്ടറി തൊഴിലാളികള്‍ മുഖ്യകടമയായി ഏറ്റെടുത്തു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രധാന സംഘാടകരിലൊരാള്‍ എസ് ആയിരുന്നു. പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് മൃഗീയമായി മര്‍ദിച്ചു.
1953 ല്‍ സി പി ഐ സംസ്ഥാന കമ്മിറ്റി അംഗമായ എസ് 1956 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. പാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്നുള്ള പ്രയാസം നിറഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എസ് സുപ്രധാന പങ്ക് വഹിച്ചു. ഏറെ വിഷമകരമായ ആ കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിയുടെ വേരുറപ്പിക്കുന്നതില്‍ എസ് കാണിച്ച അനിതരണസാധാരണമായ പ്രവര്‍ത്തനശൈലി എക്കാലവും സ്മരിക്കപ്പെടേണ്ടവയാണ്.
1965 ല്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1968 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1971 ല്‍ കൊച്ചിന്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി. അതുമുതല്‍ ദീര്‍ഘകാലം ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു.
1960 ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്, 1972 ല്‍ രാജ്യസഭാംഗമായി. പന്ത്രണ്ടു വര്‍ഷക്കാലം രാജ്യസഭാംഗമായിരുന്നു.
കഴിവുറ്റ സംഘാടകനായിരുന്നു എസ്. പുതിയ കേഡര്‍മാരെ കണ്ടെത്താനും അവരുടെ കഴിവുകള്‍ക്കിണങ്ങിയ രംഗങ്ങളില്‍ ഉപയോഗിക്കാനും എസിനു അനിതരസാധാരണമായ വൈഭവമുണ്ടായിരുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട സി കെ വിശ്വനാഥനായിരുന്നു വൈക്കത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ആദ്യത്തെ സെക്രട്ടറി. ചെത്തുതൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരെ അവകാശബോധമുള്ളവരായി വളര്‍ത്തുകയും ചെയ്യുന്നതില്‍ സി കെ പ്രധാന പങ്ക് വഹിച്ചു. മരിക്കുന്നതുവരെ വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയന്റെ പ്രസിഡന്റ് സി കെയായിരുന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പ്രമുഖ പങ്കു വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ മൂന്നു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞ സി കെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പൊലീസ് ഭീകരമായി മര്‍ദ്ദിച്ചു. രണ്ടു വര്‍ഷക്കാലം അദ്ദേഹം ജയില്‍ശിക്ഷയും അനുഭവിച്ചു.
സമര്‍ഥനായ സംഘാടകനും പ്രക്ഷോഭകാരിയുമായിരുന്ന സി കെ, പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. 1952 ല്‍ സി കെ തിരു-കൊച്ചി നിയമസഭാംഗമായിരുന്നു. നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ നേതാക്കന്‍മാരാണ് എസ് കുമാരനും സി കെ വിശ്വനാഥനും. നാടിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൊരുതിയവരാണവര്‍. രാഷ്ട്രീയ പ്രവര്‍ത്തകരെകുറിച്ച് ഏറെ വിമര്‍ശനമുയരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പൊതുജീവിത വിശുദ്ധികാത്തു സൂക്ഷിക്കുന്നതില്‍ എസും സി കെയും കാണിച്ച മാതൃക എടുത്തു പറയേണ്ടതാണ്. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിച്ച എസിനേയും സി കെ യും കുറിച്ചുള്ള ഓര്‍മ്മകള്‍ ഏറെ വിലപ്പെട്ടതാണ്.
നമ്മുടെ മുമ്പില്‍ വലിയ വെല്ലുവിളികള്‍ ഉയരുകയാണിപ്പോള്‍. ഇവ വിജയകരമായി നേരിടാന്‍ എസ് കുമാരന്റെയും സി കെ വിശ്വനാഥന്റെയും സ്മരണ നമുക്ക് കരുത്തുപകരും.
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.