തൊഴിലും തൊഴിലാരോഗ്യവും

തൊഴിലും തൊഴിലാരോഗ്യവും
April 04 04:45 2017

തൊഴിലാരോഗ്യവും പൊതുജനാരോഗ്യവും ഒന്നല്ല!

വലിയശാല രാജു
പൊതുജനാരോഗ്യവും തൊഴിലാരോഗ്യവും ഒന്നല്ല. എന്നാൽ 19-ാ‍ം നൂറ്റാണ്ട്‌ വരെ ഇവയെ ഒന്നായാണ്‌ ലോകസമൂഹം കണ്ടിരുന്നത്‌.
മനുഷ്യനെയും അവന്റെ സാമൂഹിക-ജൈവിക-ഭൗതിക ചുറ്റുപാടുകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളാണ്‌ പൊതുജനാരോഗ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വായുമലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, ആഹാരരീതികൾ, പകർച്ചവ്യാധികൾ, മുതലായവകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്‌ പൊതുജനാരോഗ്യത്തിൽ കൈകാര്യം ചെയ്യുന്നത്‌. എന്നാൽ തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള കഴിവും ആരോഗ്യവും വർധിപ്പിക്കുന്നതരത്തിലുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നതാണ്‌ തൊഴിലാരോഗ്യവും.
തൊഴിൽ രോഗമെന്ന പദത്തിന്‌ സാർവദേശിയമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവചനമില്ല. എങ്കിലും തൊഴിൽ ജീവിതത്തിനിടയിൽ പിടിപെടുന്ന രോഗങ്ങളെയാണ്‌ തൊഴിൽരോഗങ്ങളെന്ന്‌ പൊതുവെ വിശേഷിപ്പിക്കുന്നത്‌.
“എല്ലാവിധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ശാരീരിക മാനസിക സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും തൊഴിൽ പരിതസ്ഥിതി തൊഴിലാളികളുടെ ആരോഗ്യത്തിന്‌ ഹാനികരമാകാത്തതും അപകട സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർക്ക്‌ സംരക്ഷണം ലഭ്യമാക്കുന്നതും ശാരീരിക മാനസികശേഷിക്കനുസരിച്ചുള്ള തൊഴിലവസരം നൽകുന്നതും ചുരുക്കത്തിൽ ഓരോ തൊഴിലാളിയും അവനവന്റെ തൊഴിലും പരസ്പരം അനുരൂപമാക്കുകയാണ്‌ തൊഴിലാരോഗ്യത്തിന്റെ ഉദ്ദേശ്യം.” 1950-ൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐഎൽഒ) ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്‌ഒ) ചേർന്ന്‌ രൂപവൽക്കരിച്ച കമ്മിറ്റിയുടെ ആദ്യ സമ്മേളനത്തിൽ തൊഴിലാരോഗ്യത്തിന്‌ നൽകിയ വിശാലമായ നിർവചനമാണ്‌ മുകളിൽ കൊടുത്തത്‌. തൊഴിലാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രശാഖകൾ തന്നെ നിലവിലുണ്ട്‌.
തൊഴിൽ ഫിസിയോളജി, തൊഴിൽ മനഃശാസ്ത്രം, തൊഴിൽ രോഗപഠനം, തൊഴിൽ സ്ഥലശുചിത്വം എന്നിവയൊക്കെ ഇതുമായി ബന്ധപ്പെട്ടവയാണ്‌.
15, 16 നൂറ്റാണ്ടുകളിലായി ചെക്കോസ്ലോവാക്യൻ അതിർത്തിയിലെ ഖാനിപ്രദേശത്തെ ശാസ്ത്രജ്ഞനായിരുന്ന ജോർജ്ജിയസ്‌ അഗ്രിക്കോള (1494-1555)യാണ്‌ തൊഴിലുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിച്ചത്‌. സ്വർണത്തിന്റെയും വെള്ളിയുടെയും ഖാനനം ശ്വാസകോശ രോഗങ്ങൾക്ക്‌ കാരണമാകുന്നുവെന്ന്‌ ആദ്യമായി കണ്ടുപിടിച്ചു. ഖാനി തൊഴിലാളികൾക്കിടയിൽ വ്യാപകമായിരുന്ന ക്ഷയരോഗത്തെക്കുറിച്ചും അവരിൽ മിക്കവരും അകാലചരമമടഞ്ഞതിനെക്കുറിച്ചും കണ്ടെത്തുകയുണ്ടായി. എന്നാൽ തൊഴിൽരോഗ ചികിത്സയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ബെർണാർഡിനോ റാമസിനി (1633-1741) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ്‌. ഖാനിത്തൊഴിലാളികൾ, പെയിന്റർമാർ, സ്വർണം/വെള്ളി പൂശുന്നവർ, ഗ്ലാസ്‌ ഫാക്ടറിത്തൊഴിലാളികൾ, തോട്ടികൾ തുടങ്ങിയവരെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച്‌ അദ്ദേഹം വിശദമായി പഠിച്ചു. വിഷമയ വാതകങ്ങളും പൊടിപടലങ്ങളും ശ്വസിക്കുന്നതാണ്‌ ഈ രോഗങ്ങൾക്ക്‌ കാരണമെന്നും അദ്ദേഹം കണ്ടെത്തി.
ഉല ങീൃ‍യശെ‍ അൃ‍ശേ ളശരൗാ‍ ഉശമ്ശയല എന്ന പുസ്തകത്തിൽ തൊഴിലാളികൾക്കിടയിൽ കണ്ടുവരുന്ന അസുഖങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നുണ്ട്‌. തൊഴിൽ രോഗങ്ങളെക്കുറിച്ചുള്ള വിശദമായ പഠനങ്ങളെക്കുറിച്ചുള്ള ആദ്യ പുസ്തകമാണിത്‌.
വ്യവസായ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമേരിക്കൻ ശാസ്ത്രജ്ഞയായിരുന്നു ആലിസ്‌ ഹമിൽട്ടൺ (1869-1970) എന്ന വനിത. ഈയ വ്യവസായത്തെക്കുറിച്ച്‌ ഇവർ ഏറെ പഠിക്കുകയും എഴുതുകയും ചെയ്തു. ചിക്കാഗോ നഗരത്തിലെ കുളിത്തൊട്ടികൾ ഈയം പൂശുന്നവർക്കുണ്ടാകുന്ന വിഷബാധയുടെ കാരണം ഇവർ കണ്ടെത്തി. വെടിക്കോപ്പ്‌ നിർമാണശാലകളിൽ ഒന്നാം ലോക മഹായുദ്ധകാലത്ത്‌ പണിയെടുത്തിരുന്നവരിലുണ്ടായ നൈട്രോഗ്ലിസറിൻ വിഷബാധയും ഇവരുടെ ഗവേഷണ വിഷയമായിരുന്നു.
വികസ്വരരാജ്യങ്ങളിൽ തൊഴിലാരോഗ്യ സംരക്ഷണ പരിപാടികൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കാൻ പരിമിതികളുണ്ട്‌. പല രാജ്യങ്ങളിലും പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവപോലും ആവശ്യത്തിന്‌ ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്‌. ഈ സ്ഥിതിയിൽ തൊഴിലാരോഗ്യം എന്നത്‌ അവർക്ക്‌ കേട്ടുകേഴ്‌വിപോലുമില്ലാത്ത സംഭവമാണ്‌.
പോഷകാഹാരവും പകർച്ചവ്യാധികളും കൊണ്ട്‌ പൊതുജനാരോഗ്യം പോലും തകരാറിലാവുമ്പോൾ തൊഴിലാരോഗ്യത്തിന്‌ എന്തു പ്രസക്തിയാണുള്ളത്‌. മിക്ക വികസ്വര രാജ്യങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളിലായതിനാൽ അവിടങ്ങളിലെ ചൂട്‌ കൂടിയ വരണ്ടകാലാവസ്ഥ വിവിധ ശാരീരിക പ്രശ്നങ്ങൾ വർധിപ്പിക്കുകയേയുള്ളു. ഈയവസരത്തിൽ തൊഴിലാരോഗ്യം എന്ന്‌ പറയുന്നത്‌, വെറുമൊരു മിഥ്യമാത്രമാണ്‌. പൊതുജനാരോഗ്യം പോലും വേണ്ടത്ര ലഭിക്കാത്തിടത്ത്‌ തൊഴിലാരോഗ്യത്തിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌.
തൊഴിലാരോഗ്യം ഇന്ത്യയിൽ
വ്യവസായശാലകളിൽ തൊഴിൽ ചൂഷണത്തിനെതിരായി രൂപംകൊണ്ട തൊഴിലാളി സംഘടനകളുടെ ദീർഘമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ്‌ പരിമിതമായതോതിൽ ചില തൊഴിൽ നിയമങ്ങൾ രൂപംകൊള്ളുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായി ഫാക്ടറീസ്‌ ആക്ട്‌ നടപ്പാകുന്നത്‌ 1881-ൽ ആണ്‌. ഈ നിയമത്തിലെ ചില വ്യവസ്ഥകൾ കേട്ടാൽ നാം ഞെട്ടും.
ഏഴ്‌ വയസിന്‌ താഴെ പ്രായമുള്ള കുട്ടികളെക്കൊണ്ട്‌ വ്യവസായശാലകളിൽ പണിയെടുക്കുന്നതും ഒരേദിവസം തന്നെ രണ്ട്‌ വ്യവസായശാലകളിൽ ഒരേ കുട്ടിയെക്കൊണ്ട്‌ പണിയെടുപ്പിക്കുന്നതും ഈ നിയമം മൂലം നിരോധിച്ചു. ഇന്ത്യൻ ഫാക്ടറീസ്‌ ആക്ട്‌ മൂലം നിരോധിച്ചു.
ഇന്ത്യൻ ഫാക്ടറീസ്‌ ആക്ട്‌ 1923 ലും 1926 ലും 1931 ലും ഭേദഗതി ചെയ്യപ്പെട്ടു. തൊഴിലാളികൾക്ക്‌ അനുകൂലമായി പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇവയെല്ലാം പരിമിതങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലും തൊഴിലാളികളുടെ നിരന്തര സമരങ്ങൾ മൂലം തൊഴിൽ നിയമങ്ങൾ ഒരുപാട്‌ പരിഷ്കരിക്കപ്പെട്ടു. ഭൂരിഭാഗം വകുപ്പുകളും സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്പോഴും തൊഴിലാളികളുടെ തൊഴിലാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിമിതങ്ങളാണ്‌.
തൊഴിലാളികളും
തൊഴിലാരോഗ്യവും
ഭൂരിഭാഗം തൊഴിലാളികൾക്കും ഇന്നും തൊഴിലാരോഗ്യത്തെ കുറിച്ചുള്ള അറിവ്‌ തുലോം കുറവാണ്‌. തൊഴിലുമായി ബന്ധപ്പെട്ട നിരവധി തൊഴിൽജന്യരോഗങ്ങളാണ്‌ പിടിക്കപ്പെടുന്നത്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ്‌ കൂടുതൽ രോഗങ്ങളും ഉണ്ടാകുന്നത്‌. പല രോഗങ്ങളും പിടിക്കപ്പെട്ടാൽ മരുന്നുകൊണ്ട്‌ സുഖപ്പെടുത്താൻ പറ്റുന്നതല്ല. പ്രതിരോധമാണ്‌ ഏകമാർഗം. തണുപ്പും ചൂടും മൂലമുള്ള ഭൗതിക കാരണങ്ങൾ, വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ, വ്യവസായികാവശ്യത്തിനായുള്ള വിവിധ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതുമൂലമുള്ള രോഗങ്ങൾ, തൊഴിൽശാലകളിലെ രോഗാണുക്കൾ മൂലമുള്ള പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങൾ, യന്ത്രസാമഗ്രികൾമൂലമുള്ള ഒടിവ്‌, ചതവ്‌ എന്നിവ. കൂടാതെ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്‌ കാരണം തൊഴിലാളിക്കുണ്ടാകുന്ന മാനസിക കാരണങ്ങൾ ഇവയൊക്കെ ഗുരുതരമായി തൊഴിലാളിയെ ബാധിക്കുന്നവയാണ്‌.
എന്നാൽ പൊതുജനാരോഗ്യത്തിന്റെ പൊതുചട്ടക്കൂടിൽ തൊഴിലാരോഗ്യം ഉൾപ്പെടുത്തി ഇതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനാണ്‌ മാനേജ്മെന്റുകൾ ശ്രമിക്കുന്നത്‌. 0.5 മുതൽ 3 മൈക്രോൺ വരെയുള്ള ചെറു കണികകളായ ധൂളികൾ ശ്വസിക്കുന്നത്‌ മൂലമുണ്ടാകുന്ന രോഗമാണ്‌ ന്യുമോകോണിയോസിസ്‌. മിക്ക തൊഴിലുകളിലും ഇതിന്റെ സാധ്യത കൂടുതലാണ്‌. ശ്വാസകോശത്തിൽ മുഴകളുണ്ടാകുകയും ശ്വാസകോശത്തിന്‌ ശ്വാസം വലിച്ചെടുക്കാനുള്ള കഴിവ്‌ കുറഞ്ഞുവരികയും ചെയ്യുന്നു. ഈ രോഗം വന്നാൽ വേറെ ചികിത്സയില്ല. പ്രതിരോധിക്കുകയേ രക്ഷയുള്ളു. നമ്മുടെ നാട്ടിൽ നിർമാണത്തൊഴിലാളികളിലാണ്‌ ഇത്‌ കൂടുതലായി കാണുന്നത്‌. ഇതുമാതിരി രോഗം കണ്ടുപിടിക്കപ്പെട്ടാൽ കൃത്യമായി ചികിത്സയില്ലാത്ത നിരവധി രോഗങ്ങളുണ്ട്‌.
തൊഴിലാളികൾക്ക്‌ തൊഴിൽമൂലം സംഭവിക്കുന്ന രോഗങ്ങളെക്കുറിച്ച്‌ പഠിക്കാൻ ഭരണാധികാരികൾ മിക്കപ്പോഴും തയ്യാറല്ല. പലപ്പോഴും മൂടിവയ്ക്കപ്പെടാനാണ്‌ ശ്രമിക്കുന്നത്‌. തൊഴിലാരോഗ്യത്തെക്കുറിച്ച്‌ തൊഴിലാളികൾക്കുള്ള അജ്ഞതയും ഇതിന്‌ കാരണമാണ്‌. ട്രേഡ്‌ യൂണിയനുകൾ വൻ പ്രതിഷേധമുയർത്തുമ്പോഴാണ്‌ പലപ്പോഴും ഭരണാധികാരികൾ കണ്ണുതുറക്കുന്നത്‌.

  Categories:
view more articles

About Article Author