തോട്ടംതൊഴിലാളികളുടെ വേതനം പണമായി വിതരണം ചെയ്യണം

തോട്ടംതൊഴിലാളികളുടെ വേതനം പണമായി വിതരണം ചെയ്യണം
January 11 04:45 2017
  • എഐടിയുസി ഹർജിയിൽ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: തോട്ടം തൊഴിലാളികൾക്ക്‌ ബാങ്ക്‌ അക്കൗണ്ടിലൂടെ കൂലി നൽകാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂരിപക്ഷം തൊഴിലാളികൾക്കും ബാങ്ക്‌ അക്കൗണ്ടില്ലെന്നും ലേബർ കമ്മിഷണറുടെ ഉത്തരവ്‌ തൊഴിലാളികൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവികുളം എസ്റ്റേറ്റ്‌ വർക്കേഴ്സ്‌ യൂണിയൻ (എഐടിയുസി) നൽകിയ ഹർജിയിലാണ്‌ ജസ്റ്റിസ്‌ എ മുഹമ്മദ്‌ മുഷ്ഠാഖിന്റെ ഇടക്കാല ഉത്തരവ്‌.
നോട്ട്‌ അസാധുവാക്കിയതിനു ശേഷം ജില്ലാ കളക്ടർ മുഖേനയാണ്‌ തൊഴിലാളികളുടെ കൂലി വിതരണം ചെയ്തിരുന്നത്‌. തൊഴിലുടമ നൽകുന്ന ചെക്ക്‌ ജില്ലാ കളക്ടർ ട്രഷറി മുഖേന മാറി തൊഴിലുടമയ്ക്ക്‌ പണം നൽകുകയും ഈ തുക തൊഴിലുടമ വിതരണം ചെയ്യുകയുമായിരുന്നു നിലനിന്നിരുന്ന രീതി.
കറൻസി നിരോധനത്തെത്തുടർന്ന്‌ പ്രത്യേക ഉത്തരവിലൂടെയായിരുന്നു സംസ്ഥാന സർക്കാർ ഈ ക്രമീകരണം ഒരുക്കിയത്‌. എന്നാൽ ഇതു മാറ്റി തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഈ നടപടി നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്ന്‌ ആരോപിച്ചാണ്‌ ഡിഇഡബ്ല്യു യൂണിയൻ ജനറൽ സെക്രട്ടറി എം വൈ ഔസേപ്പ്‌, അഡ്വ. പി രാമകൃഷ്ണൻ മുഖേന ഹൈക്കോടതിയെ സമീപിച്ചത്‌.
ലേബർ കമ്മിഷണറുടെ ഉത്തരവ്‌ 1936-ലെ പേമെന്റ്‌ ഓഫ്‌ വേജസ്‌ ആക്ട്‌ സെക്ഷൻ ആറിന്‌ വിരുദ്ധമാണെന്ന്‌ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ നിയമം അനുസരിച്ച്‌ വേതനം കറൻസിയായോ നാണയമായോ തന്നെ തൊഴിലാളികൾക്ക്‌ നൽകേണ്ടതാണ്‌. ഇതിൽ ഭേദഗതി ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു തൊഴിലാളിക്കു പണം ബാങ്ക്‌ മുഖേന നൽകണമെങ്കിൽ അവരുടെ സമ്മതപത്രം ഹാജരാക്കുകയും വേണം. കൂടാതെ മിനിമം വേജസ്‌ ആക്ടിലെ സെക്ഷൻ 11 ന്റെ ലംഘനംകൂടിയാണ്‌ ഉത്തരവെന്ന്‌ ഹർജിക്കാരൻ വാദിച്ചു.
ഭൂരിപക്ഷം തൊഴിലാളികൾക്കും ബാങ്ക്‌ അക്കൗണ്ടില്ല. ദേവികുളം മേഖലയിൽ 30,000 ത്തോളം വരുന്ന തൊഴിലാളികൾക്ക്‌ ശമ്പളം വാങ്ങാൻ മൂന്നാർ ടൗണിലേക്ക്‌ വരേണ്ടി വരുമെന്നും കൂട്ടത്തോടെ തൊഴിലാളികൾ ബാങ്കുകളിലെത്തി പണം വാങ്ങുന്നത്‌ ഈ മേഖലയിൽ കറൻസി ക്ഷാമത്തിന്‌ വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു. ലേബർ കമ്മിഷണറുടെ ഉത്തരവ്‌ സ്റ്റേ ചെയ്തതിനു പുറമേ നിലവിലുള്ള സ്ഥിതി തുടരാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.
ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്‌, കോട്ടയം ജില്ലകളിലായി ഏകദേശം 35 കോടി രൂപയാണ്‌ തോട്ടംതൊഴിലാളികൾക്ക്‌ വേതന ഇനത്തിൽ ഒരു മാസം നൽകേണ്ടത്‌. ആഴ്ചതോറും ചെലവുകാശും ബാക്കി മാസാദ്യവും നൽകുന്നതാണ്‌ തോട്ടം മേഖലയിൽ നിലനിൽക്കുന്ന വേതന വിതരണ സമ്പ്രദായം. സംസ്ഥാനത്തെ വൻകിട തോട്ടങ്ങളിലായി 1.66 ലക്ഷം സ്ഥിരം, താത്കാലിക ജീവനക്കാരാണുള്ളത്‌.

  Categories:
view more articles

About Article Author