തോപ്പിൽ കൃഷ്ണപിള്ളയെ മകൾ സന്ധ്യ സ്മരിക്കുന്നു

തോപ്പിൽ കൃഷ്ണപിള്ളയെ മകൾ സന്ധ്യ സ്മരിക്കുന്നു
December 23 04:44 2016

എന്റെ അച്ഛൻ | സന്ധ്യ ശ്രീകുമാർ
ജ്യേഷ്ഠനായ തോപ്പിൽഭാസിയും അനുജനായ തോപ്പിൽ കൃഷ്ണപിള്ളയും ജീവിതത്തിൽ അലിഞ്ഞുചേർന്ന കെപിഎസിയുമാണ്‌ എന്റെ അച്ഛനെ അനശ്വരനാക്കിയത്‌.അച്ഛന്റെ ഇരുപത്‌ വർഷത്തെ സ്നേഹാർദ്രമായ ഓർമ്മയാണ്‌ മനസ്സുനിറയെ. അതിൽ പത്തുവർഷം പോലും അച്ഛനെ എനിക്ക്‌ കാണുവാൻകൂടി കിട്ടുമായിരുന്നില്ല. അതുകൊണ്ട്‌ അച്ഛനെപ്പറ്റി ഓർക്കുമ്പോൾ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ കറുമ്പന്റെ മുഖമാണ്‌ മനസ്സിൽ തെളിയുന്നത്‌.
പതിനായിരത്തിൽപരം വേദികളിൽ ഇടവേളകളില്ലാതെ ഒരേട്രൂപ്പിൽ മരണം വരെ അഭിനയിച്ച ഒരു നടനാണ്‌ എന്റെ അച്ഛൻ. തോപ്പിൽ ഭാസി എന്ന വല്ല്യച്ഛനെയും തോപ്പിൽ കൃഷ്ണപിള്ളയെന്ന അച്ഛനെയും ഞങ്ങൾക്ക്‌ കിട്ടിയതിൽ അതിയായ ആഹ്ലാദവും അതിലേറെ അഭിമാനവുമുണ്ട്‌. വള്ളികുന്നം എന്ന സ്ഥലം പലർക്കുമറിയില്ല. പക്ഷേ തോപ്പിൽ ഭാസിയുടെ നാടാണ്‌ എന്നുപറഞ്ഞാൽ എല്ലാവർക്കുമറിയാം. ജാടകളില്ലാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു എന്റെ അച്ഛൻ. പ്രകൃതിസ്നേഹിയും മനുഷ്യസ്നേഹിയും നാട്ടുകാരിലൊരാളുമായിരുന്ന അദ്ദേഹത്തിന്‌ അവരുടെ പ്രശ്നങ്ങൾ, ദുഃഖങ്ങൾ തന്റേതുകൂടിയായിരുന്നു.
അച്ഛനെ ഞങ്ങൾക്ക്‌ അപൂർവ്വമായി മാത്രമേ കാണാൻ കിട്ടിയിരുന്നുള്ളു. അച്ഛനോടൊപ്പം ഓണം, വിഷു, ഒന്നുമാഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അച്ഛന്‌ നാടകം ഇല്ലാത്ത ദിവസങ്ങളാണ്‌ ഞങ്ങൾക്ക്‌ ആഘോഷം. കെപിഎസിയുടെ നാടകം വള്ളികുന്നത്ത്‌ എവിടെ നടന്നാലും അവർക്ക്‌ ഭക്ഷണം കൊടുക്കുന്നകാര്യത്തിൽ നിർബന്ധമുള്ള ആളായിരുന്നു എന്റെ അച്ഛൻ. അന്ന്‌ ഞങ്ങളുടെ ‘കലാവിഹാറിൽ’ ഉത്സവമാണ്‌.
അച്ഛൻ ഞങ്ങൾക്ക്‌ തന്ന ഒരുപദേശമാണ;്‌ ‘ഞാൻ മരിച്ചാലും കെപിഎസിയെ മറക്കരുത്‌. എന്നെ ഞാനാക്കിയ, എന്റെ കലയെ മനസ്സിലാക്കിയ സ്ഥാപനമാണ്‌ കെപിഎസി. മരിക്കുംവരെ അതുഞ്ഞാൻ കാത്തുസൂക്ഷിക്കും. നിങ്ങൾക്കും നിങ്ങളുടെ അടുത്ത തലമുറയ്ക്കും അത്‌ പറഞ്ഞുകൊടുക്കുകയും വേണം.’ എവിടെ നാടകം നടന്നാലും പരിചയക്കാർ ഉണ്ടെങ്കിൽ അവിടെപ്പോയി സൗഹൃദം പുതുക്കാൻ മടിക്കാത്ത ആളായിരുന്നു അച്ഛൻ. അച്ഛന്റെ കഥാപാത്രങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നല്ല കലാസ്നേഹികളെയും ഞാൻ സ്മരിക്കുന്നു.
എന്റെ സഹോദരനായ തോപ്പിൽ പ്രദീപ്‌ ഇന്ന്‌ കെപിഎസിയിൽ സജീവമാണ്‌. അച്ഛന്റെ മരണശേഷം വിങ്ങുന്ന ഹൃദയവുമായി 24 മണിക്കൂറിനുള്ളിൽ വലിയച്ഛൻ (തോപ്പിൽ ഭാസി) ജ്യേഷ്ഠനെക്കൊണ്ട്‌ കറുമ്പന്റെ വേഷം അവതരിപ്പിച്ചത്‌ ഇന്നും മറക്കാനാകാത്ത അനുഭവമാണ്‌. അതുകണ്ടുനിന്നവർക്കും വികാരനിർഭരമായ രംഗമായിരുന്നു. അച്ഛൻ കാരണം ഒറ്റനാടകം പോലും മുടങ്ങരുതെന്ന വാശി മരണം വരെ അദ്ദേഹം പാലിച്ചു. വലിയച്ഛനെ അച്ഛന്‌ ഭയവും ബഹുമാനവുമായിരുന്നു. വലിയച്ഛന്റെ മുന്നിൽ തല ചൊറിഞ്ഞുനിൽക്കുന്ന അച്ഛനെ കഷണ്ടിയായത്‌ അങ്ങനെയാണെന്ന്‌ ഞങ്ങൾ മക്കൾ പറയാറുണ്ട്‌.
നാടകം കഴിഞ്ഞുവന്നാൽ അച്ഛൻ പശുക്കളുടെ അടുത്തേക്ക്‌ പോകും. അവയെ പരിചരിക്കും. തെങ്ങിൻതോപ്പിലെത്തി കരിക്കിൻകുലകളേയും തേങ്ങകളേയും നോക്കിനിൽക്കുന്നത്‌ ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്‌. പറമ്പിന്റെ മുക്കിലും മൂലയിലും എല്ലാം അച്ഛന്റെ കണ്ണ്‌ എത്താറുണ്ട്‌. പെട്ടെന്നുതന്നെ കുളിയും ഊണും കഴിഞ്ഞ്‌ അടുത്ത നാടകത്തിനുവേണ്ടി തയ്യാറായി യാത്ര തുടരും. അച്ഛന്റെ കലാജീവിതം വിജയിപ്പിച്ചതിന്‌ പിന്നിൽ അമ്മയുടെയും വല്യച്ഛന്റെയും അപ്പൂപ്പന്റെയും പ്രോത്സാഹനവും സഹായവും വിനയത്തോടെ, അഭിമാനത്തോടെ ഞാനോർക്കുന്നു. എന്റെ അച്ഛൻ വാങ്ങിത്തന്ന വിലമതിക്കാനാകാത്ത സമ്മാനമാണ്‌ എന്റെ മൂക്കുകുത്തി. അത്‌ ഞാനിപ്പോഴും സൂക്ഷിക്കുന്നു. തോപ്പിൽ ഭാസിയുടെ ഭാര്യാസഹോദരന്റെ പുത്രനും എന്റെ ഭർത്താവുമായ ശ്രീകുമാർ കലവറയോട്‌ പുത്രസവിശേഷമായ വാൽസല്യം അച്ഛനുണ്ടായിരുന്നു.
മകൾ ശ്രീക്കുട്ടി ജനിച്ച്‌ ഇരുപത്തിയെട്ടാം ദിവസം പേരിടീൽ ചടങ്ങിന്റെ അടുത്തദിവസമാണ്‌ അച്ഛൻ മരിക്കുന്നത്‌. അച്ഛന്‌ നല്ല ശ്വാസംമുട്ടലുണ്ടായിരുന്നു. ആശുപത്രിയിൽ പോകാമെന്ന്‌ പറഞ്ഞിട്ട്‌ കേട്ടില്ല. “എനിക്കൊരു കുഴപ്പവുമില്ല, ആരും വിഷമിക്കരുത്‌. പതിനഞ്ചാംതീയതി നാടകമുണ്ട്‌. അത്‌ മുടക്കാൻ പറ്റില്ല. അതുകഴിഞ്ഞ്‌ ഡോക്ടറെ കാണണം.” ഇതായിരുന്നു മറുപടി. അടുത്തദിവസം വലിയച്ഛൻ കെപിഎസിയിലെ വാൻ കൊണ്ടുവന്നു. അതിൽ കയറിയപ്പോൾ ഞാൻ കരഞ്ഞു. “കരയരുത്‌, അച്ഛനുടനെ വരും” എന്നുപറഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ വാനിൽ കയറി. പങ്കജാക്ഷൻ ഡോക്ടറെ കാണിച്ചു. നിമോണിയ ആയിരുന്നു. 1988 ഡിസംബർ 17ന്‌ രാത്രിയിൽ അച്ഛൻ പോയി. അഭിനയിച്ചുകൊതി തീരാതെ പല കഥാപാത്രങ്ങൾക്കും ജീവൻ കൊടുക്കാൻ ബാക്കിനിൽക്കവെയാണ്‌ വിധി കർട്ടൻ വലിച്ചിട്ടത്‌.

view more articles

About Article Author