ത്രിവേണി പോരാട്ടം

ത്രിവേണി പോരാട്ടം
December 16 04:55 2016

നിമിഷ

ചുവന്ന തെരുവുകൾ ഇന്ന്‌ വാർത്തയല്ലാതായിട്ടുണ്ട്‌. ലൈംഗിക തൊഴിലാളികൾ എന്ന പേരിൽ സംഘടിക്കാനും പ്രതിരോധിക്കാനും ചുവന്ന തെരുവിലെത്തുന്ന സ്ത്രീകൾക്ക്‌ കഴിഞ്ഞതോടെയാണ്‌ ചുവന്ന തെരുവുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വന്നത്‌. എന്നാൽ ലൈംഗിക തൊഴിലാളിയായി ഒരു സ്ത്രീയെ മാറ്റുന്ന സാമൂഹ്യ ചുറ്റുപാടുകൾക്കും അതിലേയ്ക്ക്‌ പെൺകുട്ടികളെ കടത്തുന്ന സംഘടനകളുടെ ക്രൂരതകൾക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ്‌ യാഥാർത്ഥ്യം. മുംബൈയിലെ കാമാത്തിപുരത്തെ അറിയപ്പെടുന്ന ചുവന്ന തെരുവുകൾ യദൃച്ഛയാ സന്ദർശിക്കാനിടയായ ത്രിവേണി ആചാര്യ എന്ന ഗുജറാത്തി പത്രപ്രവർത്തക ലൈംഗിക തൊഴിലാളികളുടെ സംരക്ഷകയായ കഥ ഈ അവസ്ഥയിലേയ്ക്ക്‌ വെളിച്ചം വീശുന്നതാണ്‌.
ഒരു ചലച്ചിത്രതാരത്തിന്റെ പത്രസമ്മേളനം റിപ്പോർട്ടു ചെയ്യാൻ 1993 ലാണ്‌ ത്രിവേണി കാമാത്തിപുരത്തെത്തുന്നത്‌. വെറും കൗതുകത്തിന്റെ പേരിലാണ്‌ ചുവന്ന തെരുവ്‌ സന്ദർശിച്ചത്‌. ഒരു സ്ത്രീ വേശ്യാവൃത്തി ചെയ്യുന്നത്‌ സ്വന്തം ഇഷ്ടപ്രകാരമാണെന്ന അതുവരെയുള്ള ചിന്തയെ കടപുഴക്കി എറിയുന്ന കാര്യങ്ങളാണ്‌ ത്രിവേണി അവിടെ കണ്ടത്‌. ഈ കാര്യം മുൻ സൈനികൻകൂടിയായ ഭർത്താവ്‌ ബാലകൃഷ്ണ ആചാര്യയോട്‌ പങ്കുവച്ചു.
പിന്നീട്‌ ഭർത്താവിന്റെ ഒരു സുഹൃത്ത്‌ കാമാത്തിപുരത്തെ ചുവന്ന തെരുവിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അവിടെ നിന്നും അവളെ കൊണ്ടുപോരുക എളുപ്പമല്ലെന്നും ആ പെൺകുട്ടിയടക്കം പലരും അവിടെ എത്തിപ്പെടുന്നത്‌ ചതികളിൽകൂടിയും സമ്മതമില്ലാതെയുമാണെന്നും ത്രിവേണി വ്യക്തമായി തിരിച്ചറിയുന്നത്‌ ഭർത്താവിന്റെ സുഹൃത്ത്‌ പറഞ്ഞപ്പോഴാണ്‌.
പൊലീസിന്റെ സഹായത്തോടെ മുൻ സൈനികനെന്ന നിലയിൽ സുഹൃത്തിനുവേണ്ടി അയാൾ സ്നേഹിക്കുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ കൂടെ 13 പേർകൂടി രക്ഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. പക്ഷെ കൂട്ടാൻ വന്നവളെ കൂട്ടിമടങ്ങിക്കോളണം, മറ്റുള്ളവരുടെയും രക്ഷകനാകാൻ നോക്കരുത്‌ എന്ന വേശ്യാലയം നടത്തിപ്പുകാരുടെ ഭീഷണി വകവയ്ക്കാതെ മറ്റ്‌ 13 പേരെക്കൂടി അവർ കാണ്ഡവാലിയിലെ സ്വന്തം വസതിയിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുവന്നു. കൊണ്ടുവരുമ്പോൾ ഇനിയെന്ത്‌ എന്ന ചിന്തയൊന്നും മനസ്സിലില്ലായിരുന്നു. ഇങ്ങനെ രക്ഷിച്ച പെൺകുട്ടികളിൽ പലരും നേപ്പാളിൽ നിന്നുള്ളവരാണ്‌. നേപ്പാളിലെ മൈത്തി എന്ന എൻജിഒയുമായി ബന്ധപ്പെട്ട്‌ ഇവർക്ക്‌ പുനരധിവാസം സാധ്യമാണോ എന്ന അന്വേഷണം നടത്തിയതങ്ങനെയാണ്‌. അവരുടെ സഹായത്തോടെ ഈ പെൺകുട്ടികളെ സുരക്ഷിതരായി സ്വൈര്യജീവിതത്തിലേയ്ക്ക്‌ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞതോടെയാണ്‌ ഈ രംഗത്തേയ്ക്ക്‌ ഈ ദമ്പതികളുടെ ശ്രദ്ധപതിയാൻ കാരണമായത്‌.
തുടർന്ന്‌ മൈത്തിയുടെ ഒരു ശാഖ 1996 ൽ മുംബൈയിൽ ആരംഭിച്ചു. നേപ്പാളിൽ നിന്നുള്ളവരാണ്‌ കൂടുതലായി ചുവന്ന തെരുവിലെത്തുന്നത്‌ എന്ന്‌ മനസിലായതുകൊണ്ടാണ്‌ ഇങ്ങനെ ചെയ്തത്‌. താമസിയാതെ റസ്ക്യൂ ഫൗണ്ടേഷന്‌ രൂപം നൽകി. ഒരു അഭ്യുദയകാംക്ഷി 2003 ൽ ഫൗണ്ടേഷന്‌ ഏഴുനിലയുള്ള കെട്ടിടം നൽകിയത്‌ ത്രിവേണിയുടെ പ്രവർത്തനത്തിന്‌ കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകി. ഇതോടെ പല പ്രദേശത്തുനിന്നും ചതിയിൽപ്പെട്ട്‌ എത്തുന്ന പെൺകുട്ടികളുടെ രക്ഷാകേന്ദ്രമായി ത്രിവേണിയും ഭർത്താവും മാറിയെങ്കിലും അവരുടെ ജീവൻ അപായപ്പെടുന്നതിലേയ്ക്ക്‌ കാര്യങ്ങളെത്തിയത്‌ ത്രിവേണി തിരിച്ചറിഞ്ഞത്‌ വൈകിയാണ്‌. ഇവർ പെൺകുട്ടികളെ കടത്തുന്ന മാഫിയാസംഘങ്ങളുടെ നോട്ടപ്പുള്ളിയായി തീർന്നു. അത്‌ ഭർത്താവിന്റെ അപകടമരണത്തിൽവരെയെത്തിച്ചു. തനിച്ചായ ത്രിവേണി എല്ലാമുപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചു. പക്ഷേ, പെൺകുട്ടികളുടെ നിസഹായമായ മുഖങ്ങൾ എന്തും നേരിടാനുള്ള കരുത്ത്‌ നൽകി.
ചെറുപ്രായത്തിൽ എയ്ഡ്സ്‌ ബാധിതരായവർ, 13 ഉം 14 ഉം 15 ഉം വയസിൽ ഗർഭിണികളായവർ, അങ്ങനെ തന്റേതല്ലാത്ത കാരണങ്ങളാൽ നരകിക്കുന്നവർക്കുവേണ്ടി ത്രിവേണി ശക്തമായി നിലകൊണ്ടു. പത്രപ്രവർത്തക ജോലി രാജിവച്ചു. പൂർണമായും പുനരധിവാസ പ്രവർത്തനങ്ങളിൽ മുഴുകി. ഇന്ന്‌ 300 ഓളം പെൺകുട്ടികളുടെ സംരക്ഷകയാണ്‌ ത്രിവേണി. കാണ്ഡവാലി, പൂന, താനെ തുടങ്ങി മൂന്ന്‌ ശാഖകളിലായിട്ടാണ്‌ ഇന്ന്‌ രക്ഷാപ്രവർത്തനം നടക്കുന്നത്‌. ഏതാണ്ട്‌ 125 ജീവനക്കാർ ത്രിവേണിയോടൊപ്പം പ്രവർത്തിക്കുന്നുണ്ട്‌. തനിക്കെന്തെങ്കിലും സംഭവിച്ചാൽപ്പോലും ഈ പ്രസ്ഥാനം തകരാതിരിക്കാനുള്ള പരിശീലനം ത്രിവേണി നൽകിയിട്ടുണ്ട്‌. സാമൂഹ്യസുരക്ഷയും സ്ത്രീസുരക്ഷയും ഉറപ്പാക്കാൻ ഈ പ്രസ്ഥാനം നിലനിന്നേ മതിയാകൂ എന്ന്‌ ത്രിവേണിക്ക്‌ ഉത്തമബോധ്യമുണ്ട്‌.

view more articles

About Article Author