ദക്ഷിണേന്ത്യയെ കാത്തിരിക്കുന്നത്‌ കൊടുംവരൾച്ച

ദക്ഷിണേന്ത്യയെ കാത്തിരിക്കുന്നത്‌ കൊടുംവരൾച്ച
January 12 04:00 2017
  • കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളെ ബാധിക്കും
  • ഇതിനകം ആയിരക്കണക്കിന്‌ ഹെക്ടറിൽ കൃഷി നശിച്ചു

പ്രത്യേക ലേഖകൻ
ബംഗളൂരു: മഴലഭ്യതയിൽ വളരെയധികം കുറവുണ്ടായതു കാരണം ദക്ഷിണേന്ത്യയെ കാത്തിരിക്കുന്നത്‌ കൊടുംവരൾച്ച. ആവശ്യത്തിന്‌ മഴ ലഭിക്കാതിരുന്നതിനാൽ ആയിരക്കണക്കിന്‌ ഹെക്ടർ കൃഷിയാണ്‌ ഇതിനകം തന്നെ നശിച്ചിരിക്കുന്നത്‌.
കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളാണ്‌ ഗുരുതരമായ വരൾച്ചയെ അഭിമുഖീകരിക്കാൻ പോകുന്നത്‌. കൃഷിനാശത്തിലൂടെ ഈ സംസ്ഥാനങ്ങൾ വൻ സാമ്പത്തിക തകർച്ചയും അഭിമുഖീകരിക്കേണ്ടിവരും. കഴിഞ്ഞ വർഷം കർണാടകയിൽ 32,000 ഹെക്ടർ സ്ഥലത്താണ്‌ നെൽകൃഷിയിറക്കിയതെങ്കിൽ ഈ വർഷം അത്‌ 21,000 ഹെക്ടറായി കുറഞ്ഞിരിക്കുകയാണ്‌. അവിടെ തന്നെ വേനൽ കാരണം മുഴുവൻ വിളവുമെടുക്കാനാകുമോ എന്ന ആശങ്കയുമുണ്ട്‌. തമിഴ്‌നാട്ടിൽ മുൻ വർഷം 11,82,000 ഹെക്ടറിൽ കൃഷിയിറക്കിയെങ്കിൽ ഈ വർഷം 7,18,000 ഹെക്ടറിൽ മാത്രമേ കൃഷിയിറക്കാനായുള്ളൂ. കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 30,000 ഹെക്ടറിൽ ഇത്തവണ കൃഷിയിറക്കാനായില്ലെന്നാണ്‌ കേന്ദ്ര കൃഷി വകുപ്പിന്റെ കണക്ക്‌.
മറ്റു വിളകളുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സ്ഥിതി. കർണാടകയിൽ മുൻ വർഷം 16,88,000 ഹെക്ടറിൽ പയർ വർഗങ്ങൾ കൃഷിയിറക്കിയപ്പോൾ ഇത്തവണ അത്‌ 11,79,000 ഹെക്ടറിലായി ചുരുങ്ങി. തമിഴ്‌നാട്ടിൽ 3,94,000 ഹെക്ടറെന്നത്‌ 3,48,000 ഹെക്ടറായി. എണ്ണക്കുരു കൃഷിയിലും ഭീമമായ കുറവാണ്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ ഉണ്ടായിരിക്കുന്നത്‌. കർണാടകയിൽ മുൻ വർഷം 3,36,300 ഹെക്ടറായിരുന്നത്‌ 2,41,300 ഹെക്ടറായി കുറഞ്ഞപ്പോൾ തമിഴ്‌നാട്ടിൽ അത്‌ യഥാക്രമം 89,400 ഹെക്ടറിൽ നിന്ന്‌ 38,500 ഹെക്ടറായി എന്നാണ്‌ കേന്ദ്ര കൃഷി വകുപ്പിന്റെ കണക്ക്‌.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ വൻ വിളവെടുപ്പ്‌ നടന്നപ്പോഴാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കുറവു കാരണം ഉൽപാദന കുറവും വിളനാശവും നേരിടുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്‌.
കർണാടകയിൽ കാലവർഷത്തിൽ 21 ശതമാനത്തിന്റെയും തുലാവർഷത്തിൽ 70 ശതമാനത്തിന്റെയും കുറവാണുണ്ടായിട്ടുള്ളത്‌. തമിഴ്‌നാട്ടിൽ മഴക്കുറവ്‌ യഥാക്രമം 19, 62 ശതമാനമാണ്‌. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി ലഭിക്കേണ്ട മഴയിൽ യഥാക്രമം 34 ശതമാനം, 61 ശതമാനം എന്നിങ്ങനെ കുറവുണ്ടായി.
തുടർച്ചയായ മൂന്നാം വർഷമാണ്‌ വരൾച്ചയെ കർണാടക അഭിമുഖീകരിക്കുന്നതെങ്കിലും ഇത്തവണത്തേത്‌ കൂടുതൽ കടുത്തതായിരിക്കുമെന്നാണ്‌ പ്രവചനം. മൈസുരുവിൽ നിന്ന്‌ കേരളത്തിലേയ്ക്കുള്ള യാത്രയിൽ കൃഷിയിറക്കുന്നതിനായൊരുക്കിയ വിശാലമായ സ്ഥലങ്ങൾ തരിശിട്ടതായി കാണാവുന്നതാണ്‌. രണ്ടാം വിളയായി കരിമ്പ്‌ കൃഷി ചെയ്യാനാകുമെന്ന്‌ തോന്നുന്നില്ലെന്നാണ്‌ കർണാടക കരിമ്പ്‌ ഉൽപാദക സംഘം ചെയർമാൻ കെ ശാന്ത്കുമാർ പറയുന്നത്‌. വാഴ, കരിമ്പ്‌, ചോളം എന്നിവ കൃഷി ചെയ്ത ആയിരക്കണക്കിന്‌ ഏക്കർ തോട്ടങ്ങൾ ഉണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്‌.
1975 -ന്‌ ശേഷം ഇത്രയും രൂക്ഷമായ ജലക്ഷാമം നേരിട്ട കാലം ഉണ്ടായിട്ടില്ലെന്നാണ്‌ കർഷകർ പറയുന്നത്‌.
കേരളത്തിൽ കടുത്ത ജലക്ഷാമം കാരണം നൂറുകോടിയോളം രൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 49,000 ത്തിലധികം കർഷകരെ ഇത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയിൽ മാത്രം 7,027 ഹെക്ടർ കൃഷി നാശത്തിന്റെ വക്കിലാണ്‌. തിരുവനന്തപുരത്ത്‌ ഇത്‌ 4,714 ഹെക്ടറാണ്‌.

  Categories:
view more articles

About Article Author