ദമാമിൽ നിന്നും നവയുഗം സഹായത്തോടെ മലയാളി വീട്ടമ്മ തിരികെയെത്തി

ദമാമിൽ നിന്നും നവയുഗം സഹായത്തോടെ മലയാളി വീട്ടമ്മ തിരികെയെത്തി
May 19 04:45 2017

സ്പോൺസർ പാസ്പോർട്ട്‌ പുതുക്കാൻ മറന്നുപോയതിനാൽ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരിക വേദിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക്‌ മടങ്ങി.
കൊല്ലം തേവലക്കര സ്വദേശിനിയായ മാജിദ ബീവി ഷാജഹാൻ, മൂന്ന്‌ വർഷങ്ങൾക്ക്‌ മുൻപാണ്‌ സൗദി അറേബ്യയിലെ ദമാമിലെ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത്‌. എന്നാൽ ആ വീട്ടിൽ ജോലിസാഹചര്യങ്ങൾ മോശമായതിനാലും, അഞ്ച്‌ മാസത്തോളം ശമ്പളം കിട്ടാത്തതിനാലും അവിടെ തുടരാൻ കഴിയാത്ത അവസ്ഥയിൽ അവർ ശക്തമായി പ്രതിഷേധിച്ചു. ഒടുവിൽ ഒത്തുതീർപ്പിൽ വന്ന സ്പോൺസർ, മറ്റൊരു സ്പോൺസറുടെ വിസയിലേയ്ക്ക്‌ മാജിടയെ ട്രാൻസ്ഫർ ചെയ്തു.
മാജിടയുടെ പുതിയ സ്പോൺസറും കുടുംബവും നല്ലവരായിരുന്നു. ശമ്പളമൊക്കെ കൃത്യമായി നൽകി. ഇവിടെ മൂന്ന്‌ വർഷത്തോളം മാജിദ ജോലി ചെയ്തു. ശേഷം ആരോഗ്യം മോശമായി തുടങ്ങിയപ്പോൾ നാട്ടിലേയ്ക്ക്‌ എക്സിറ്റിൽ മടങ്ങാൻ തീരുമാനിച്ചു. അതിനുസമ്മതം കൊടുത്ത സ്പോൺസർ എക്സിറ്റും വിമാനടിക്കറ്റും നൽകി മാജിടയെ വിമാനത്താവളത്തിലേക്ക്‌ അയച്ചു.
നാട്ടിലേക്കുള്ള യാത്ര സ്വപ്നം കണ്ട്‌ വിമാനത്താവളത്തിലെത്തിയ അവരെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷനിൽ വെച്ച്‌ രേഖകൾ പരിശോധിച്ച ഉദ്യ‍ോഗസ്ഥൻ മാജിടയുടെ പാസ്പോർട്ടിന്റെ കാലാവധി രണ്ട്‌ ദിവസം മുമ്പ്്‌ അവസാനിച്ചു എന്ന്‌ കണ്ടെത്തി യാത്രാനുമതി നിഷേധിച്ചു. പാസ്പോർട്ട്‌ അത്രയും കാലം കൈയ്യിൽ വാങ്ങി സൂക്ഷിച്ചിരുന്ന സ്പോൺസർ, സമയത്ത്‌ അത്‌ പുതുക്കാൻ മറന്നുപോയിരുന്നു. എയർപോർട്ട്‌ അധികൃതർ സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, എക്സിറ്റും വിമാനടിക്കറ്റും തന്നുകഴിഞ്ഞതിനാൽ, മാജിടയുടെ ഉത്തരവാദിത്വം ഇനി തനിയ്ക്കല്ല എന്ന നിലപാടാണ്‌ അയാൾ സ്വീകരിച്ചത്‌. തുടർന്ന്‌ മാജിടയെ അധികാരികൾ സൗദി പൊലീസിന്‌ കൈമാറുകയും പൊലീസ്‌ അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടാക്കുകയും ചെയ്തു.
അഭയകേന്ദ്രത്തിൽ വെച്ച്‌ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട മാജിദ നാട്ടിലേയ്ക്ക്‌ മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ മാജിടയുടെ സ്പോൺസറുമായി സംസാരിച്ചപ്പോൾ തനിയ്ക്ക്‌ ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ്‌ അയാൾ ആവർത്തിച്ചത്‌. തുടർന്ന്‌ മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസി വഴി മാജിടയ്ക്ക്‌ ഔട്പാസ്‌ എടുത്തു നൽകി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്‌ സാമൂഹ്യപ്രവർത്തകരായ നിസാം തടത്തിൽ, നൗഷാദ്‌ തഴവ എന്നിവർ വിമാനടിക്കറ്റും സ്പോൺസർ ചെയ്തു.

view more articles

About Article Author