ദളിത്‌ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങൾ കൈകോർക്കണം

July 06 04:55 2017

രാജ്യത്ത്‌ 31 ശതമാനം വരുന്ന ഫാസിസ്റ്റ്‌ ശക്തികൾ അധികാരഗർവിന്റെ പിൻബലത്തിൽ പശുവിന്റെയും കാളയുടെയും പേരിലും ജാതീയതയുടെ പേരിലും ദളിത്‌ ന്യൂനപക്ഷങ്ങളെ വ്യാപകമായി തല്ലിക്കൊല്ലുന്ന അന്തരീക്ഷമെന്തായാലും ഇന്ത്യൻ ജനാധിപത്യസംസ്കാരത്തിനു ചേരുന്നതല്ല.
വെള്ളപ്പട്ടാളത്തിന്റെ തോക്കിൻകുഴലുകൾക്ക്‌ നേരെ നെഞ്ചുവിരിച്ചുനിന്നു വാരിക്കുന്തങ്ങളെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികൾ സ്വന്തമാക്കിയ മതേതരവിപ്ലവ ജനത എന്തുകൊണ്ട്‌ 31 ശതമാനം വരുന്ന ഫാസിസ്റ്റുകളുടെ തേർവാഴ്ചയിൽ ഞെരിഞ്ഞമരുന്നുവെന്ന്‌ വിശകലനം ചെയ്യാൻ ദളിത്‌ ന്യൂനപക്ഷങ്ങളടങ്ങിയ മതേതര പ്രസ്ഥാനങ്ങൾ കൈകോർക്കുകതന്നെ വേണം. കാലിക്കശാപ്പും ബീഫ്‌ ഭക്ഷിക്കലും ഇന്നും ഇന്നലെയുമൊന്നും രാജ്യത്തു പൊട്ടിമുളച്ചതല്ല. പതിറ്റാണ്ടുകളോളമായി തുടർന്നുവരുന്ന കാലിക്കശാപ്പിനെതിരെ പ്രായോഗികമല്ലാത്ത കരിനിയമങ്ങൾ സൃഷ്ടിച്ച്‌ ജനത്തെ പ്രകോപിപ്പിക്കുന്നതും തല്ലിക്കൊല്ലുന്നതുമായി ബിജെപി ഭരണം ചുരുങ്ങിച്ചെറുതാകുന്നു. ബിജെപി സർക്കാർ തികച്ചും കരിനിയമങ്ങൾ നടപ്പാക്കി ജനത്തെതന്നെ കശാപ്പു ചെയ്യുകയാണ്‌. പശുവിവാദമുയർത്തി മുസ്ലിം സഹോദരങ്ങളെ നിർബാധം തല്ലിക്കൊല്ലുന്ന വർഗീയ നയം ഇന്ത്യൻ ജനാധിപത്യ സംസ്കാരത്തിനും ഭരണകൂടത്തിനും നാണക്കേടാണ്‌. ഏറ്റവുമൊടുവിൽ മുസ്ലിം ജനതയുടെ പരിപാവനാഘോഷമായ വിശുദ്ധ റംസാനിൽ തീവണ്ടിയിലെ സീറ്റുതർക്കമെന്ന ലേബലിലാണ്‌ ജുനൈദ്‌ ഖാനെന്ന പതിനാറുകാരനെ മനുഷ്യധർമം തൊട്ടുതീണ്ടാത്ത കിരാതന്മാർ കൊലചെയ്തത്‌. ലോകവ്യാപകമായി ആരാധനയോടെ വ്രതമനുഷ്ഠിച്ച്‌ പെരുന്നാൾ ദിനത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന ഇസ്ലാം മതവിശ്വാസികളെ മാത്രമല്ല ഇതരമതവിശ്വാസികളെയും ഞെട്ടിക്കുന്ന അരുംകൊലയാണ്‌ ഹരിയാനയിൽ അരങ്ങേറിയത്‌.
ദളിത്‌ ന്യൂനപക്ഷങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തി ഭീതിവിതച്ച്‌ ലാഭം കൊയ്യാമെന്ന ഫാസിസ്റ്റ്‌ വ്യാമോഹത്തെ മുളയിലെ നുള്ളിക്കളയാൻ അഭിപ്രായവ്യത്യാസങ്ങളും നയവ്യതിയാനങ്ങളും തൽക്കാലം മാറ്റിവച്ച്‌ അറുപത്തൊമ്പതു ശതമാനത്തോളം വരുന്ന ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ വിഘടനപാത വെടിഞ്ഞ്‌ കൈകോർക്കുകതന്നെ വേണം.

സി ബാലകൃഷ്ണൻ
മണ്ണാർക്കാട്‌

view more articles

About Article Author