Friday
14 Dec 2018

ദുരന്തങ്ങളുടെ ബാക്കിപത്രം

By: Web Desk | Sunday 24 December 2017 10:12 PM IST

മുരളി തുമ്മരുകുടി

ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 2004 ഡിസംബര്‍ 26. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ചത് അന്നാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഇന്തോനേഷ്യ മുതല്‍ സോമാലിയ വരെയുള്ള പതിനാറ് രാജ്യങ്ങളെ അത് ബാധിച്ചു. 26,000 ആളുകള്‍ മരിച്ചു. പ്രകൃതി, അതിന്റെ രൗദ്രഭാവം പുറത്തെടുക്കുമ്പോള്‍ അതെത്ര ഭീതിതമാണെന്നും, മനുഷ്യന്‍ എത്ര നിസ്സഹായര്‍ ആണെന്നും നമ്മുടെ തലമുറയെ കൂടി അത് കാണിച്ചുതന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ഇന്തോനേഷ്യയില്‍ നിന്നും ആയിരക്കണക്കിന് അകലെ ആയിരുന്നെങ്കിലും കേരളത്തിന്റെ തീരത്തും സുനാമി എത്തി. ഈ നൂറ്റാണ്ടിലെ മാത്രമല്ല, സ്വതന്ത്ര കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി അത് മാറുകയും ചെയ്തു. ഒറ്റ ദിവസം പാറശ്ശാല മുതല്‍ വൈപ്പിന്‍ വരെയുള്ള പ്രദേശത്ത് കടല്‍ കയറി 172 ജീവനെടുത്തു. ഇന്ത്യയില്‍ മൊത്തം മരണസംഖ്യ ആയിരക്കണക്കിനായിരുന്നു, ഏറ്റവും കൂടുതല്‍ തമിഴ് നാട്ടിലും.
ഇന്ത്യയിലെ ദുരന്തനിവാരണ രംഗത്തെ ആകമാനം സുനാമി മാറ്റിമറിച്ചു. ഒരു വര്‍ഷത്തിനകം ദുരന്ത നിവാരണത്തിനായി പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. പുതിയ ദേശീയ ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേന, ദുരന്തനിവാരണ ഫണ്ട്, ദുരന്തനിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ ദുരന്തനിവാരണ രംഗത്ത് സമൂലമായ മാറ്റമുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് പല മാറ്റങ്ങള്‍ കേരളത്തിലുമുണ്ടായി.
ദുരന്തം ദുരന്തമാകുന്നത്: ഏതാണ്ട് ഒരു മാസമായി ഓഖി എന്നു പേരിട്ട കൊടുങ്കാറ്റ് കേരളതീരത്ത് കൂടി വീശിയിട്ട്. കേരളതീരത്ത് അതിന്റെ ചെറിയൊരു രൂപമേ എത്തിയുള്ളു. മരണം ഭൂരിഭാഗവും സംഭവിച്ചത് കടലിലാണ്. ഇതുവരെ എണ്‍പതോളം ആളുകള്‍ മരിച്ചു. കുറേപ്പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വള്ളങ്ങളുടെയും ബോട്ടുകളുടെയും മറ്റ് വാഹനങ്ങളുടെയും നഷ്ടവും ഏറെ സംഭവിച്ചു.
ലോകത്ത് നാം കണ്ടിട്ടുള്ള ദുരന്തങ്ങളുടെ വലിപ്പവും തീവ്രതയുമൊക്കെ വച്ചുനോക്കിയാല്‍ ഇത് വലിയൊരു കാറ്റോ മരണസംഖ്യയോ അല്ല. ഒറ്റ ദിവസത്തില്‍ പതിനാറു രാജ്യങ്ങളില്‍ 2,60,000 പേര്‍ മരിച്ച സുനാമിയെക്കുറിച്ച് പറഞ്ഞല്ലോ. 2010ല്‍ ഹെയ്ത്തിയിലുണ്ടായ, വെറും മുപ്പത്തിയാറ് സെക്കന്റ് നീണ്ടുനിന്ന ഭൂകമ്പത്തില്‍ 2,15,000 ആളുകളാണ് മരിച്ചത്. ഹെയ്ത്തിയുടെ മൊത്തം ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേ ഉള്ളുവെന്നതും കൂടി ചേര്‍ത്ത് വായിക്കണം. കാറ്റിന്റെ വേഗതയിലും ഓഖി വളരെ ചെറിയതായിരുന്നു. ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയത് മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള കാറ്റാണ്. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററിനും അധികമുള്ള കാറ്റുകള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ അനവധിയുണ്ടായിട്ടുണ്ട്.
കേരളത്തില്‍ കാറ്റിന്റെ വേഗത കുറവായിരുന്നതുകൊണ്ടോ, അതില്‍ മരണസംഖ്യ കുറഞ്ഞതുകൊണ്ടോ ഒന്നും ഓഖി ഒരു ദുരന്തമല്ലാതാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ ദുരന്തത്തിന്റെ നിര്‍വ്വചനം തന്നെ ‘ചുറ്റുവട്ടത്തുള്ള സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തതെന്തോ, അതാണ് ദുരന്തം’ എന്നാണ്. ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചമായിട്ടുള്ള അമേരിക്കയില്‍ ഇരുന്നൂറു കിലോമീറ്ററിന് മേല്‍ വേഗതയുള്ള കാറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി അനുഭവിച്ചിട്ടും, ഒരു ചെറിയ കാറ്റ് അടുത്തുകൂടി പോകുമ്പോഴേക്കും കേരളത്തിലുണ്ടാകുന്ന ഒച്ചപ്പാടുകള്‍ അവിടെ ഉണ്ടാകാത്തത് സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളും ഒക്കെ അതിനു തയാറെടുത്തിട്ടുള്ളതിനാല്‍ ആണ്.. ആ അര്‍ത്ഥത്തില്‍ ഓഖി ഒരു ദുരന്തമാണ്.
ദുരന്തനിവാരണ അതോറിറ്റി എന്നാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ഒരു ഉന്നതതല സംവിധാനമാണ്. ഈ ഉന്നതതല അതോറിറ്റിയിലെ അംഗങ്ങള്‍ കേരളത്തിലെ ഓരോ തരം ദുരന്തത്തെപ്പറ്റിയും ആഴത്തിലുള്ള സാങ്കേതിക അറിവുകളുള്ള ആളുകള്‍ അല്ല, അത് സാധ്യവുമല്ല.
ഇത്തവണ ദുരന്തത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളിലധികവും മുന്‍വിധികളോടെ ഉള്ളതായിരുന്നു. അതിനെ തല്‍ക്കാലം വെറുതെ വിടാം. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നത് പൊതുസമൂഹത്തിന് ദുരന്ത സാക്ഷരത ഒട്ടും ഇല്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും അല്‍പം താല്‍പര്യമെടുക്കണം. പുതിയ ഓപ്പറേഷന്‍ സെന്റര്‍ റെഡിയായിക്കഴിഞ്ഞാല്‍ ദുരന്തമില്ലാത്ത സമയത്ത് സ്‌കൂള്‍ കുട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഓരോ ദിവസവും അവിടെ പ്രവേശനം നല്‍കി ഒരു മണിക്കൂര്‍ ബ്രീഫിങ് നല്‍കണം.
വിദഗ്ദ്ധരുടെ സേവനം: നോട്ടുനിരോധനം കഴിഞ്ഞ് ഒരു മാസത്തിനകം ഇന്ത്യയില്‍ സാമ്പത്തിക വിദഗ്ദ്ധരുടെ വേലിയേറ്റമായിരുന്നു. അതുപോലെ ഓഖി കഴിഞ്ഞ ആഴ്ചകളില്‍ ദുരന്ത വിദഗ്ദ്ധരുടെ തള്ളിക്കയറ്റവും അഭിപ്രായ പ്രകടനങ്ങളും കണ്ടു. കൂടുതലും പതിവിന്‍ പടി ‘സര്‍ക്കാരിന് എന്തറിയാം!’ എന്ന തരത്തിലുള്ളതായിരുന്നു.
എന്നാല്‍ കേരളത്തിനകത്തും പുറത്തുമുള്ള, സുരക്ഷയിലും കാലാവസ്ഥാ പ്രവചനത്തിലും പരിചയമുള്ള ധാരാളം ആളുകള്‍ കാര്യങ്ങള്‍ നന്നായി എഴുതിക്കണ്ടു. സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തുള്ള ഇത്തരം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുമായി ഏകോപിപ്പിച്ച്, ആവശ്യം വരുമ്പോള്‍ അവരുടെ സേവനങ്ങള്‍ ഉപയോഗിക്കണം. ഒരു ദുരന്തം ഉണ്ടായ ശേഷം ‘ഞാന്‍ അപ്പഴേ പറഞ്ഞില്ലേ’ എന്ന് പറഞ്ഞിട്ട് എന്തുകാര്യം.
ഇനി വരാനിരിക്കുന്ന ദുരന്തങ്ങള്‍: സാധാരണഗതിയില്‍ വലിയ ദുരന്തസാധ്യതയുള്ള പ്രദേശമല്ല കേരളം. എന്നിട്ടും ചെറിയ അപകടങ്ങള്‍ പോലും ദുരന്തമായതും, അതിനെ ചൊല്ലി സര്‍ക്കാരിനെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മാധ്യമങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തിയതും നാം കണ്ടതാണ്. ഇതിന്റെ പ്രത്യാഘാതം നാം അറിയാന്‍ പോകുന്നതേയുള്ളു.
ഇനി കുറേക്കാലത്തേക്ക് ചുരുങ്ങിയത് ഈ സര്‍ക്കാരിന്റെ ഭരണകാലത്തെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ദുരന്ത ലഘൂകരണ വിഷയത്തില്‍ തൊട്ടാവാടികള്‍ ആയിരിക്കും. ചെറിയൊരു മുന്നറിയിപ്പ് ഔദ്യോഗിക സംവിധാനത്തില്‍ നിന്നോ തട്ടിപ്പുകാരില്‍ നിന്നോ ഉണ്ടായാല്‍ കൈയിലുള്ള സകല സംവിധാനവുമുപയോഗിച്ച് സര്‍ക്കാര്‍ പ്രതിരോധിക്കും. സുനാമി വരുന്നു എന്നുകേട്ടാല്‍ നാട്ടുകാരെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും. കടല്‍ ക്ഷോഭിക്കുമെന്നറിഞ്ഞാല്‍ കടലിലേക്ക് ആളെ വിടാതെയാകും. സാമാന്യബുദ്ധി വീട്ടില്‍ വെച്ച്, ‘ഒന്നും ചെയ്യുന്നില്ല’ എന്ന ചീത്തപ്പേര് മാറ്റാന്‍ മാത്രമാകും എല്ലാവരുടെയും ശ്രമം. മൂന്നോ നാലോ പ്രാവശ്യം ഇത് ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ മുന്നറിയിപ്പ് കാര്യമാക്കാതെയാകും. അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും. ഇത് സംഭവിക്കും, ഉറപ്പാണ്.
ദുരന്തങ്ങള്‍ പ്രവചിക്കുക എന്നത് ശാസ്ത്രീയമായി അത്ര എളുപ്പമല്ല. ഭൂകമ്പം പ്രത്യേകിച്ചും. ലോകത്ത് ഏത് പ്രദേശങ്ങളിലൊക്കെ ഭൂകമ്പമുണ്ടാകുമെന്ന് ദുരന്ത ലഘൂകരണ രംഗത്തുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അത് ഇരുപത്തിനാല് മണിക്കൂറോ നാല്പത്തിയെട്ട് മണിക്കൂറോ മുന്‍പ് പ്രവചിക്കാനുള്ള സംവിധാനമില്ല. ഭൂകമ്പമുണ്ടായാല്‍ സുനാമിയുടെ സാധ്യത കുറച്ചുകൂടി കൃത്യമായി പറയാനാകുമെങ്കിലും, ഭൂകമ്പത്തിന് മുന്‍പ് അത് അസാധ്യമാണ്. കാറ്റിന്റെ കാര്യത്തില്‍ രണ്ടു ദിവസം മുതല്‍ ഒരാഴ്ച മുന്നേ വരെ മുന്നറിയിപ്പ് കിട്ടാറുണ്ട്. എന്നാല്‍ ഇതിനും ശാസ്ത്രീയമായ പരിമിതികളുണ്ട്.
ദുരന്തം പ്രവചിക്കുന്ന തട്ടിപ്പു ശാസ്ത്രക്കാര്‍ ലോകത്ത് ധാരാളമുണ്ട്. ഡിസംബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് ഇന്ത്യയില്‍ ഭൂകമ്പവും സുനാമിയും വന്‍ കൊടുങ്കാറ്റും ഒരു മലയാളി പ്രവചിച്ചു. ദശലക്ഷക്കണക്കിന് മലയാളികള്‍ അത് കേട്ട് പേടിച്ചു. പാകിസ്ഥാനിലെ ഔദ്യോഗിക സംവിധാനം വരെ അത് കാര്യമായെടുത്തു, അതിനെ ആസ്പദമാക്കി വീഡിയോ ഉണ്ടാക്കി. ഡിസംബര്‍ മുപ്പത്തിയൊന്നിന് ഇനി അഞ്ചു ദിവസം കൂടിയേയുള്ളു. അതിനുമുന്‍പ് ഇന്ത്യയില്‍ ഭൂകമ്പം ഉണ്ടാകില്ല എന്നൊന്നും ഒരു ശാസ്ത്രജ്ഞനായ ഞാന്‍ പറയില്ല. എന്നുവെച്ച് ഇത്തരം പൊട്ട പ്രവചനത്തില്‍ ഒരു പ്രാധാന്യവും ഞാന്‍ കാണുന്നില്ല താനും. നവംബറില്‍ കടലില്‍ ഒരു കാറ്റുണ്ടായി എന്നത് അതിന്ദ്രീയമായ ദുരന്ത പ്രവചനത്തെ സത്യമാക്കുന്നില്ല. ഇനി അടുത്ത വര്‍ഷം ഉണ്ടാകാനിടയുള്ള ദുരന്തത്തെപ്പറ്റി പ്രവചിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കാനും പോകുന്നില്ല. കാരണം, അങ്ങനെ ചെയ്യുന്നത് പോലും ഇത്തരം ആളുകള്‍ക്ക് അര്‍ഹിക്കാത്ത ശ്രദ്ധ നല്‍കല്‍ ആണ്. അതേ സമയം കേരളത്തില്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രവചനം കേള്‍ക്കാത്ത ഒരു മലയാളിയും ഇല്ല എന്നതും ഈ വിഷയങ്ങളെ പറ്റി ശാസ്ത്രീയമായി എഴുതുന്നവരെ സമൂഹം ഒട്ടും ശ്രദ്ധിക്കാറില്ല എന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അടിസ്ഥാന ശാസ്ത്രീയ ബോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നേ പറ്റൂ.
ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 2018 ല്‍ കേരളത്തില്‍ അന്‍പത് പേരില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്ന ഒരു ദുരന്തമുണ്ടാകുമോ എന്ന് എനിക്കിപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒന്നുമാത്രം ഉറപ്പായി പറയാം, 2018 ജനുവരി ഒന്നിന് ജീവനോടെ ഇരിക്കുന്നവരില്‍ എണ്ണായിരം പേര്‍ ഉറപ്പായും 2019 ജനുവരി ഒന്ന് കണികാണാന്‍ ഉണ്ടാകില്ല. അവരില്‍ ഒരാള്‍ നിങ്ങളോ ഞാനോ ആയിരിക്കാം. റോഡപകടവും മുങ്ങിമരണവുമായി വൈദ്യുതാഘാതവും ഒക്കെയായി എണ്ണായിരത്തോളം മലയാളികളാണ് ഓരോ വര്‍ഷവും കാലമെത്താതെ മരിക്കുന്നത്. തട്ടിപ്പു പ്രചാരണങ്ങള്‍ക്ക് കൊടുക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ അക്കാര്യത്തില്‍ നമ്മള്‍ കൊടുത്താല്‍ ഉറപ്പായും എത്രയോ ജീവനുകള്‍ രക്ഷിക്കാം.