Monday
22 Oct 2018

ദേശീയഗാനം: വിവാദങ്ങളുടെ അന്ത്യമോ, തുടര്‍ച്ചയോ?

By: Web Desk | Tuesday 9 January 2018 10:29 PM IST

സിനിമാ തിയേറ്ററുകളിലെങ്കിലും ദേശീയഗാനത്തിന്റെ സംരക്ഷകര്‍ ഇനി മുതല്‍ തിയേറ്റര്‍ ഉടമകള്‍! 2016 നവംബര്‍ 30ന് രാജ്യത്തെ പരമോന്നത കോടതി സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു പുറപ്പെടുവിച്ച ഭേദഗതി ഉത്തരവിലാണ് പുതിയ നിബന്ധന. തങ്ങളുടെ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനാലാപനം പ്രദര്‍ശിപ്പിക്കണമോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ പ്രേക്ഷകര്‍ നേരത്തെ കോടതി നിര്‍ദേശിച്ച തരത്തില്‍ ആദരവ് പ്രകടിപ്പിക്കണം. ഫലത്തില്‍ സുപ്രിംകോടതി തങ്ങള്‍ തന്നെ പുറപ്പെടുവിച്ച വിവാദ ഉത്തരവില്‍ നിന്നും തലയൂരുകയാണ് ഉണ്ടായതെന്ന പ്രതീതിയാണ് ഭേദഗതി ഉത്തരവ് നല്‍കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കോടതിക്ക് തലയൂരാന്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നു. ശ്യാം നാരായണ്‍ ചൗക്‌സെ എന്നയാളുടെ ഒരു പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ ഉത്തരവുകള്‍ക്ക് കാരണമായത്. ആദ്യ ഉത്തരവില്‍ പ്രദര്‍ശനം ആരംഭിക്കും മുമ്പ് ദേശീയ ഗാനാലാപനം നിര്‍ബന്ധിതമാക്കിയിരുന്നു. പിന്നീട് അംഗപരിമിതരായ പ്രേക്ഷകരെ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി. സുപ്രിംകോടതിയുടെ നവംബര്‍ 30ന്റെ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നേരത്തെ ഒഴിവാക്കിയത് പ്രേക്ഷകര്‍ എല്ലാവരും ആവശ്യമായ ആദരവ് പ്രകടിപ്പിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. അന്ന് അത് ഒരുതരത്തിലുമുള്ള വിവാദങ്ങള്‍ക്കും കാരണമായിരുന്നില്ല. അതിന്റെ പ്രധാന കാരണം സിനിമാ തിയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ മഹാഭൂരിപക്ഷവും ഒരു വിനോദോപാധി എന്ന നിലയിലാണ് അതിന് മുതിരുന്നത്. അത് തികച്ചും അനൗപചാരികവും വ്യക്തിഗതവുമായ ഒന്നാണ്. അതിന് ഔപചാരികതയുടെ പരിവേഷം നല്‍കുന്നത് അനാവശ്യവും പ്രകടനാത്മകമായ ദേശസ്‌നേഹം പൗരന്മാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യവുമാണ്. കപടദേശഭക്തര്‍ക്ക് നിരപരാധികളായ പൗരന്മാരുടെമേല്‍ കുതിരകയറാനും അവരുടെ ദേശാഭിമാനത്തെ ചോദ്യം ചെയ്യാനും അക്രമസംഭവങ്ങള്‍ക്കും ഒഴിവാക്കാമായിരുന്ന, പൗരന്റെ മേലുള്ള, പൊലീസ് ഉപദ്രവങ്ങള്‍ക്കും അത് കാരണമായി. ഇന്നലത്തെ കോടതിവിധി ആ വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിരാമമിട്ടെങ്കിലും തിയേറ്ററുകളില്‍ ദേശീയഗാനാലാപനത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉടമകള്‍ക്ക് നല്‍കിയത് ‘പണ്ടാരപ്പെട്ടി’ തുറന്നവിധമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
പൗരന്മാരുടെ ദേശാഭിമാന ബോധവും ദേശഭക്തിയും ധാര്‍മികബോധവും നിരീക്ഷണ വിധേയമാക്കുന്ന കാവല്‍സംഘങ്ങള്‍ അഴിഞ്ഞാടുന്ന നാടായി നമ്മുടെ രാജ്യം മാറിയിരിക്കുന്നുവെന്ന വസ്തുത സുപ്രിംകോടതി അതിന്റെ ഭേദഗതി ഉത്തരവില്‍ പരിഗണിച്ചിട്ടേയില്ലെന്നുവേണം മനസിലാക്കാന്‍. രാജ്യത്ത് ക്രിസ്മസ്- നവവത്സര ആഘോഷങ്ങള്‍ക്കുപോലും പല ഭാഗത്തും വിലക്കേര്‍പ്പെടുത്തിയിരുന്നതിന്റെ വാര്‍ത്തകള്‍ വിസ്മരിക്കാന്‍ സമയമായിട്ടില്ല. കര്‍ണാടകത്തിന്റെ തീരദേശങ്ങളില്‍ നവവത്സരാഘോഷം നിരോധിച്ച് സംഘ്പരിവാര്‍ കാവല്‍സംഘങ്ങള്‍ തിട്ടൂരമിറക്കിയിരുന്നു. മംഗ്ലൂരു, ഉഡുപ്പി തുടങ്ങിയ നഗരങ്ങളില്‍ നവവത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഹോട്ടല്‍ ഉടമകള്‍ക്ക് അവര്‍ താക്കീത് നല്‍കിയിരുന്നു. അത്തരം സംഘങ്ങള്‍ തീയേറ്ററുകളില്‍ ദേശീയഗാനാലാപനം നിര്‍ബന്ധിതമാക്കി ഭീഷണി ഉയര്‍ത്തിയാല്‍ ആര്‍ക്കാണ് തടയിടാന്‍ കഴിയുക? ദേശാഭിമാനബോധത്തിന്റെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന പ്രവൃത്തികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്രഭരണ നേതൃത്വത്തിലുള്ളവര്‍ പോലും മുതിരില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക? ഫലത്തില്‍ ദേശഭക്തിയുടെ പേരില്‍ അസഹിഷ്ണുത കൈമുതലാക്കിയ കാവല്‍സംഘങ്ങളെ കെട്ടഴിച്ചുവിടാന്‍ ഇപ്പോഴത്തെ സുപ്രിംകോടതി ഉത്തരവ് കാരണമായേക്കും.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിവിധ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി ദേശീയഗാനം സംബന്ധിച്ച് അവരുടെ നിര്‍ദേശം ആറ് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയഗാനം സംബന്ധിച്ച നിയമങ്ങള്‍ക്ക് പ്രസക്തമായ ഭേദഗതികളും എക്‌സിക്യൂട്ടീവ് ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും. ആ നടപടികള്‍ ദേശീയ ഗാനത്തോടുള്ള പൗരന്മാരുടെ ആദരവ് സംബന്ധിച്ച വിഷയത്തെ നിസാരവല്‍ക്കരിക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാര്‍ഥ ശ്രമം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാവുമെന്ന ശുഭപ്രതീക്ഷ വച്ചുപുലര്‍ത്താം. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാരില്‍ നിന്നും സമാന വിഷയങ്ങളില്‍ നാളിതുവരെ അവലംബിച്ചുപോന്ന സമീപനങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, യുക്തിചിന്ത, ശാസ്ത്രീയ സമീപനം എന്നിങ്ങനെ ഭരണഘടന അടിവരയിടുന്ന മൂല്യങ്ങള്‍ക്കൊന്നും വില കല്‍പിക്കാത്ത ഒരു ഭരണകൂടവും പ്രത്യയശാസ്ത്രവുമാണ് നമ്മെ ഭരിക്കുന്നത്. ദേശീയ ബോധമടക്കം എല്ലാ വിഷയങ്ങളേയും വൈകാരികവല്‍ക്കരിച്ച് മുതലെടുപ്പ് നടത്താനുള്ള ഒരവസരവും പാഴാക്കാന്‍ കേന്ദ്രഭരണ സംവിധാനം മടിക്കില്ല. നരേന്ദ്രമോഡിയേയും സംഘപരിവാറിനെയും സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു പൊതുതെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ തികച്ചും വൈകാരികമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയത്തില്‍ സുപ്രിംകോടതിയുടെ കരുതലോടെയുള്ള നിരീക്ഷണം കൂടിയേ തീരൂ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളടക്കം പൗരസംഘടനകള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.