ദേശീയ സബ്ജൂനിയർ ഫുട്ബാൾ; കേരളത്തിന്‌ ആദ്യജയം

ദേശീയ സബ്ജൂനിയർ ഫുട്ബാൾ; കേരളത്തിന്‌ ആദ്യജയം
April 20 04:45 2017

കോഴിക്കോട്‌: ദേശീയ സബ്ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന്‌ ആധികാരിക ജയം. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഉത്തർപ്രദേശിനെ എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തി ഗ്രൂപ്പിൽ കേരളം സാധ്യത നിലനിർത്തി. കേരളത്തിന്‌ വേണ്ടി ആദ്യപകുതിയുടെ 18,42 മിനുട്ടുകളിൽ വിപിൻ മോഹന്റെ പാസിൽ അഭയ്ഷൺമുഖൻ ഇരട്ടഗോൾ നേടി.
രണ്ടാംപകുതിയിൽ 78ാ‍ം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അബിൻ അനൂപാണ്‌ മൂന്നാംഗോൾ സ്കോർ ചെയ്തത്‌.
ആദ്യമത്സരത്തിൽ ഒഡീഷയോട്‌ തോറ്റ കേരളത്തിന്‌ രണ്ട്‌ കളികളിൽ നിന്നായി മൂന്ന്‌ പോയിന്റാണുള്ളത്‌. ഇന്നലെ കളിയിയിലുടനീളം ബാൾ പൊസിഷൻ നിലനിർത്തിയ കേരളം എതിരാളികളുടെ ഗോൾമുഖത്തേക്ക്‌ തുടരാക്രമണം നടത്തി കൊണ്ടിരുന്നു. ആദ്യപകുതിയിൽ അഭയ്‌ ഷൺമുഖന്റെ നീക്കം യുപി ഗോളി രക്ഷപ്പെടുത്തി.തൊട്ടുപിന്നാലെ ഷാഹിന്റെ ക്രോസ്‌ ബാറിന്‌ പുറത്തേക്ക്‌. ആദ്യപകുതിയിൽ രണ്ട്‌ ഗോൾ വീണതോടെ സമ്മർദ്ദത്തിലായ ഉത്തർപ്രദേശ്‌ രണ്ടാംപകുതിയിൽ കളിയിലേക്ക്‌ തിരിച്ചുവന്നെങ്കിലും കേരളത്തിന്റെ ഗോൾവര കടക്കാനായില്ല. രണ്ടാംപകുതിയിൽ ആദർശിന്റെ ബനാന കിക്കും ഷാഹിന്റെ ഹെഡ്ഡറും ലക്ഷ്യംകണ്ടില്ല. ഇന്നലെ നടന്ന ആദ്യമത്സരത്തിൽ മിസോറം എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ മധ്യപ്രദേശിനെ പരാജയപ്പെടുത്തി.
മിസോറമിന്‌ വേണ്ടി 19,70 മിനുട്ടുകളിൽ ലാൽനൺ സംഗ ഇരട്ട ഗോളുകൾ നേടി. ഇന്ന്‌ നടക്കുന്ന ആദ്യമത്സരത്തിൽ മേഘാലയ തമിഴ്‌നാടിനേയും രണ്ടാമത്തെ മത്സരത്തിൽ ഗോവ ഡൽഹിയേയും നേരിടും. രാവിലെ 7.30നും വൈകീട്ട്‌ നാലിനുമാണ്‌ മത്സരങ്ങൾ.

  Categories:
view more articles

About Article Author