Saturday
26 May 2018

ദൈവം കനിഞ്ഞാലും കനിയാത്ത പൂജാരിമാർ

By: Web Desk | Monday 19 June 2017 4:45 AM IST

ദൈവം കനിഞ്ഞാലും കനിയാത്ത പൂജാരിമാർ
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരമുള്ള പെൻഷൻ/ഫാമിലി പെൻഷൻ പരിഷ്ക്കരണത്തിനുവേണ്ടിയുള്ള അപേക്ഷകൾ കേരളാ അക്കൗണ്ടന്റ്‌ ജനറലിന്റെ അധികാരപരിധിയിലുള്ള മുൻ ജീവനക്കാരും ആശ്രിതരും സമർപ്പിക്കണമെന്നുള്ള ഒരു നിർദേശം ജൂൺ 9-ാ‍ം തീയതിയിലെ ചില ദിനപത്രങ്ങളിലും അക്കൗണ്ടന്റ്‌ ജനറലിന്റെ വെബ്സൈറ്റിലും പ്രത്യക്ഷപ്പെടുകയുണ്ടായി.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിലോ, പെൻഷൻ മന്ത്രാലയത്തിലോ നിന്നു പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളിലൊന്നും തന്നെ വിരമിച്ച ജീവനക്കാരോ ആശ്രിതരോ ഇതിനുവേണ്ടിയുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു പറഞ്ഞിട്ടില്ല. നേരെമറിച്ച്‌ പെൻഷൻ പരിഷ്കരണത്തിന്‌ ആവശ്യമായ എല്ലാ വിവരങ്ങളും അധികാരപ്പെട്ട ഓഫീസുകളിലെ രേഖകളിൽ നിന്നുതന്നെ ലഭിക്കുന്നവയായതിനാൽ അവയെ ആസ്പദമാക്കി കഴിവതും വേഗം പെൻഷൻ പുനർനിർണയം ചെയ്തു നൽകേണ്ടതാണെന്നാണ്‌ കേന്ദ്ര നിർദേശം. ഇത്‌ യഥാവിധി നടപ്പിൽ വരുത്തുന്നതിനുപകരം വയോവൃദ്ധരും അവശരുമായ പെൻഷൻകാർ തന്നെ ഇതിലേയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന്‌ നിർബന്ധം പിടിക്കുന്നത്‌ അർഹമായ ആനുകൂല്യങ്ങൾ യഥാസമയം നൽകുന്നതിന്‌ തടസം സൃഷ്ടിക്കുവാനും സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറുവാനും മാത്രമാണ്‌. സർക്കാർ ഉദാര മനസ്ഥിതിയോടെ അനുവദിച്ച ആനുകൂല്യം കാലവിളംബം കൂടാതെ ലഭ്യമാക്കുന്നതിനുവേണ്ടി കേന്ദ്ര ഗവൺമെന്റ്‌ നിർദേശിച്ചിട്ടുള്ള നടപടികളെ കാറ്റിൽ പറത്തിക്കൊണ്ട്‌ എടുത്തിട്ടുള്ള കേരള അക്കൗണ്ടന്റ്‌ ജനറലിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ടതും പിൻവലിക്കേണ്ടതുമാണ്‌.
കെ വി മോഹൻ കുമാർ, തിരുമല


രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന ബിജെപി നയം ആപത്ത്‌
രാഷ്ട്രപിതാവ്‌ ഗാന്ധിജിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ നടത്തിയ ജൽപ്പനങ്ങൾ അധികാരമേൽക്കോയ്മയാലുള്ള ഉറഞ്ഞുതുള്ളൽ മാത്രമാണ്‌. ആരേയൊക്കെ പറഞ്ഞു വെടക്കാക്കിയാലാണ്‌ തനിക്കാക്കാൻ പറ്റുകയെന്ന കപടബുദ്ധിയാണ്‌ ഇതിന്റെ പുറകിൽ.
ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ബിജെപിക്കോ ആർഎസ്‌എസിനോ യാതൊരു പങ്കുമില്ലെന്നിരിക്കെ രാജ്യത്തിനുവേണ്ടി ജീവിതം തന്നെ ഹോമിച്ച ഗാന്ധിജിയെ ജാതി അധിക്ഷേപം നടത്തി ഇകഴ്ത്തിയാൽ ജനാധിപത്യ സംസ്കാരത്തെ തകർത്ത്‌ ഹിന്ദുത്വ അജൻഡ നടപ്പാക്കി ഇന്ത്യയെ മറ്റൊരു അടിമത്തത്തിലേക്ക്‌ നയിച്ച്‌ നേട്ടം കൊയ്യാമെന്ന അമിത്ഷായുടെ വ്യാമോഹത്തെ അവജ്ഞയോടെ തള്ളിക്കളയാൻ കരളുറപ്പുള്ളവരാണ്‌ ഇന്ത്യൻ ജനത.
കള്ളപ്പണം പിടിച്ചെടുത്ത്‌ ഓരോ പൗരന്റേയും ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്ന മോഹനവാഗ്ദാനത്തിൽ മതിമറന്ന ഇന്ത്യൻ ജനതയ്ക്ക്‌ പറ്റിയ പിഴവാണ്‌ ബിജെപി ഭരണം. ജനദ്രോഹ നയങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി അടിച്ചേൽപ്പിച്ച്‌ ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രഭരണത്തെ സഹിക്കാനാവാതെ ജനം വീർപ്പുമുട്ടുകയാണിന്ന്‌. അതൊന്നും മതിയാകാതെയാണ്‌ ലോകം ആരാധനയോടെ മാത്രം സ്മരിച്ചുപോന്ന രാഷ്ട്രപിതാവിനെയും അവഹേളിച്ചത്‌.
സ്ഥാനമാനങ്ങൾ വിസ്മരിച്ചുകൊണ്ടുള്ള വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ കേന്ദ്രഭരണ നേതൃത്വം വഹിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക്‌ ബിജെപിക്കും ആ പാർട്ടിയെ നയിക്കുന്ന നായകനെന്ന നിലയ്ക്ക്‌ അമിത്ഷായ്ക്കും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത്‌ കടുത്ത പ്രതിസന്ധികൾ തന്നെ നേരിടേണ്ടതായി വരും.
സി ബാലകൃഷ്ണൻ
ചക്കരക്കുളമ്പ്‌, മണ്ണാർക്കാട്‌