Saturday
26 May 2018

ദൈവമേ കൈതൊഴാം…

By: Web Desk | Thursday 15 June 2017 4:45 AM IST

ദൈവമേ കൈതൊഴാം…
മനുഷ്യൻ ദൈവത്തെ വിളിച്ച്‌ യാചിച്ചു – നിവൃത്തികേടുകൾ മാറിക്കിട്ടാൻ, നടത്താനാവാത്ത കാര്യങ്ങൾക്കൊരു പോംവഴിയുണ്ടാവാൻ. പിന്നീടങ്ങോട്ട്‌ ആർത്തിയെ പരിപോഷിപ്പിക്കാനായി മനുഷ്യനാൽ അസാധ്യമാകുന്നതിന്‌ പിന്നിൽ ഏതോ ഒരു ആദ്യശ്യശക്തി ദൈവമെന്ന പേരിൽ പ്രവർത്തിക്കുകയുണ്ടായി. ആ ദിവ്യത്തം മനുഷ്യസങ്കൽപ്പത്തിൽ പല രൂപത്തിലും ഭാവത്തിലും തെളിഞ്ഞുവന്നു. ദൈവത്തിന്‌ പല പേരുകളായി. നാട്‌ ദൈവങ്ങളുടെ നാടായി. ദൈവം മനുഷ്യനെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന നിശ്ചയം വിശ്വാസത്തിലേയ്ക്കും പരിധിവിട്ട്‌ മതഭ്രാന്തിലേയ്ക്കും കൂപ്പുകുത്തി. ഒന്നും നടത്താനാകാത്തവർ അവിശ്വാസികളും നിരീശ്വരവാദികളുമായി കറങ്ങി.
ദൈവത്തെ മനുഷ്യന്‌ കൊല്ലാനും ഭക്ഷിക്കാനുമാകുമോ? ഏതിന്റെ പേരിൽ ഗോവധനിരോധനം നിയമമായി. ഗോവ്‌ മാനവരാശിയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വരദാനങ്ങൾ കൊടുത്ത്‌ ശ്രേഷ്ഠരാക്കുകയും ചെയ്യുന്നുണ്ടോ? ഏതാനും കർഷകരും ക്ഷീരവ്യവസായികളും അതിനെക്കൊണ്ട്‌ ജീവിച്ചുപോകുന്നു എന്നുമാത്രം. നോട്ടുനിരോധനത്തിന്‌ ബാക്കിയായി ഗോവധനിരോധനമായി. അതോടെ കുറേ സാധാരണക്കാരുടെ കഞ്ഞിയിൽ പാറ്റയുമായി. രാജ്യത്ത്‌ നിവർത്തികേടുകൾ ഒരു പൂർണതയിൽ എത്താൻ അധികം വൈകില്ല.
മേഘാലയയിൽ ബീഫ്‌ നിരോധിച്ചിട്ടില്ല. അവിടെ ബിജെപിയും ബീഫ്‌ കഴിക്കും. തെരുവുനായ വധം നിരോധിച്ച്‌ നാടിനെ പേവിഷബാധ പ്രദേശമാക്കി. ഭക്ഷണയോഗ്യതയേക്കാൾ പ്രധാനം ഗോക്കളെ വഴിയോരത്ത്‌ ഇറക്കിവിട്ട്‌ അത്‌ ചത്ത്‌ ചീഞ്ഞ്‌ മാലിന്യം കൊഴുക്കട്ടേയെന്നതാകും. നാട്ടിൽ ബലാൽസംഗം നിയമപരമായി കുറ്റകൃത്യമല്ലാതായസ്ഥിതിക്ക്‌ കുറ്റവാളികളും പട്ടിയും പശുവും നാട്ടിലൂടെ വിലസി നടന്നീടട്ടെ. മനുഷ്യനേക്കാൾ പ്രാധാന്യം മൃഗത്തിനാണല്ലോ. പാവമാമെന്നെ നീ കാക്കുമാറാകണം..
ബീന കുഴിത്താറ്റിൽ


ഹിന്ദുസേനയുടെ കരിഞ്ഞുണങ്ങുന്ന വ്യാമോഹങ്ങൾ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എകെജി ഭവനിലെത്തി ആക്രമിച്ച ഹിന്ദുസേന പ്രവർത്തകരുടെ നടപടി തരംതാണതും ജനാധിപത്യത്തെ അവഹേളിക്കുന്നതുമായി.
മോഡി സർക്കാർ ഭരണത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്നവേളയിൽ ഇത്തരമൊരു നെറികെട്ട അതിക്രമമുണ്ടായത്‌ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുറപ്പ്‌. നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രതിസന്ധി മറികടക്കാനാവാതെ സാധാരണക്കാരായ ജനം ഇപ്പോഴും വിഷമവൃത്തത്തെ നേരിടുമ്പോഴും കൂനിന്മേൽ കുരുവെന്നപോലെ കന്നുകാലിക്കശാപ്പു നിയന്ത്രണവും നടപ്പാക്കി ലക്ഷക്കണക്കിനാൾക്കാരുടെ തൊഴിലും വരുമാനവും മുട്ടിച്ച്‌ ഭക്ഷണസ്വാതന്ത്ര്യത്തിനുകൂടി വിലക്കുകൽപ്പിച്ച മോഡി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ശക്തമായ പ്രതിഷേധക്കൂട്ടായ്മ രൂപപ്പെടുന്നത്‌ കാണുമ്പോൾ വിറളിപിടിച്ചിട്ടു കാര്യമില്ല.
ജനാധിപത്യ രാഷ്ട്രീയരംഗത്ത്‌ വിപ്ലവമുന്നേറ്റങ്ങൾ നടത്തി അധ്വാനിക്കുന്നവരുടെയും ആശ്രയമില്ലാത്തവരുടെയും അത്താണിയായി നിലകൊണ്ട്‌ അനീതിക്കെതിരെ ശക്തമായി പോരാട്ടം നടത്തുകയും ചെയ്ത്‌ ശ്രദ്ധേയമായ സിപിഎമ്മിനെ തകർക്കാമെന്ന ഹിന്ദുസേനയുടെ വ്യാമോഹം പുഷ്പിക്കുകയല്ല, കരിഞ്ഞുണങ്ങുകയേയുള്ളൂ.

സി ബാലകൃഷ്ണൻ
ചക്കരക്കുളമ്പ്‌, മണ്ണാർക്കാട്‌