Monday
23 Jul 2018

നഗ്നതയെ അഭാരതീയമായി കാണുന്ന സംഘപരിവാരം

By: Web Desk | Sunday 16 July 2017 4:55 AM IST

നേരും പോരും
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

്ഭാരതം എന്ന നമ്മുടെ രാജ്യം പത്മശ്രീയും പത്മഭൂഷണും ഒക്കെ നൽകി ആദരിച്ച വിശ്വവിശ്രുതനായ ചിത്രകാരനാണ്‌ എം എഫ്‌ ഹുസൈൻ. അദ്ദേഹം വരച്ച വിദ്യാകലാദേവതയായ സരസ്വതി ദേവിയുടെ ഒരു രേഖാചിത്രം സംഘപരിവാരങ്ങൾ വലിയ വിവാദമാക്കുകയുണ്ടായി. സരസ്വതിദേവിയെ നഗ്നയാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നു പറഞ്ഞായിരുന്നു വിവാദ പുകില്‌. രാജാരവിവർമ്മ പുരസ്കാരം ഏറ്റുവാങ്ങുവാൻ പോലും അവസരം നൽകാതെ എം എഫ്‌ ഹുസൈൻ എന്ന കലാകാരനെ ഇന്ത്യയിലെ കാവിത്തെമ്മാടിത്തം വേട്ടയാടി. ഒടുവിൽ ഖത്തർ പൗരത്വം സ്വീകരിച്ച്‌ ഹുസൈൻ ഇന്ത്യ വിട്ടു. ഹിന്ദുരാഷ്ട്ര വാദികളുടെ കാവിത്തെമ്മാടിത്തത്തെ പേടിച്ചല്ല വയോവൃദ്ധനായ ഹുസൈൻ ഇന്ത്യ വിട്ടതെങ്കിലും കാവിത്തെമ്മാടിത്തത്തിന്റെ വേട്ടയാടലും ഇന്ത്യവിട്ടു ഖത്തർ പൗരത്വം സ്വീകരിക്കാൻ മഹാനായ ആ കലാകാരനെ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്നാണെന്നു പറയാതെവയ്യ. ഇപ്പോഴിതാ എം എഫ്‌ ഹുസൈനിന്റെ സരസ്വതി ചിത്രം വീണ്ടും വിവാദമായിരിക്കുകയാണ്‌. തൃശൂരിലെ കേരളവർമ്മാ കോളജിൽ എസ്‌എഫ്‌ഐ എന്ന വിദ്യാർഥി സംഘടനയുടെ പ്രചാരണ ഫ്ലക്സിൽ എം എഫ്‌ ഹുസൈനിന്റെ സരസ്വതിദേവി ചിത്രവും ഉണ്ടായിരുന്നു. ഹൈന്ദവമത വികാരത്തെ വ്രണപ്പെടുത്തിയ നടപടിയാണ്‌ വിദ്യാർഥി സംഘടനയുടേതെന്ന്‌ ആരോപിച്ചാണ്‌ സംഘപരിവാരം പുല്ലും പുലയാട്ടും പറഞ്ഞു രംഗത്തുവന്നിരിക്കുന്നത്‌.
എം എഫ്‌ ഹുസൈനാണ്‌ ഹൈന്ദവമത മേഖലയിൽ ആദ്യമായി ദേവീദേവന്മാരെ നഗ്നരാക്കി ചിത്രീകരിച്ചതെങ്കിൽ തീർച്ചയായും ഞാനും അതിനെ എതിർത്തേനെ. എന്നാൽ മുഹമ്മദ്നബി ജനിക്കും മുമ്പേതന്നെ ഭാരതത്തിൽ ശിവലിംഗാരാധന തുടങ്ങിയിരുന്നു. സ്ത്രീയോനിയിൽ പ്രവേശിതമായിരിക്കുന്ന പുരുഷലിംഗത്തിന്റെ മാതൃകയിലാണ്‌ എല്ലാ ശിവലിംഗങ്ങളും. ഇതിനെ ആദരിക്കുന്ന പാരമ്പര്യമുള്ള ഭാരതീയതയെ മാനിക്കുന്ന ഒരാൾക്കും ദേവീദേവന്മാരെ നഗ്നരാക്കി ചിത്രീകരിച്ച ഒരു കലാകാരനേയും ഭാരതീയ പാരമ്പര്യത്തെ അപമാനിച്ചു എന്നു പറഞ്ഞു വേട്ടയാടി ക്രൂശിക്കാനാവില്ല. നമ്മുടെ മധുരമീനാക്ഷിയമ്മൻ കോവിൽ ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങളിലെ കവാട ഗോപുരങ്ങളിലും ചുമരുകളിലും തൂണുകളിലും പെരുന്തച്ഛനു സമാനമായ പ്രതിഭാവൈഭവം ഉണ്ടായിരുന്ന ശിൽപകലാവിദഗ്ധരും ചിത്രകാരന്മാരും കരിങ്കല്ലിൽ കൊത്തിയും വരച്ചും വെച്ചിട്ടുള്ള ചിത്രങ്ങളെല്ലാം നഗ്നതയുടേയും കാമകേളികളുടെയും വിവിധ രൂപഭാവമാതൃകകളുടേതാണ്‌. മുണ്ഡമാലാധാരിയായ നഗ്നകാളികയുടെ എത്രയോ ശിൽപങ്ങൾ വിവിധ കാളിക്ഷേത്രങ്ങളിൽ ഉണ്ട്‌. അരക്കു മേൽപ്പോട്ടോ അരക്ക്‌ കീഴ്പ്പോട്ടോ നഗ്നരായിട്ടല്ലാത്ത ദേവീദേവശിൽപങ്ങൾ ഇന്ത്യയിൽ കമ്മിയാണ്‌. ഈ ശിൽപങ്ങളെല്ലാം പരമ്പരാഗതമായ തന്ത്രശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും വിധിയനുസരിച്ച്‌ ആചാര്യന്മാരുടെ അനുമതിയോടെ തന്നെ കൊത്തപ്പെട്ടതും വരയ്ക്കപ്പെട്ടതുമാണ്‌. ക്ഷേത്രങ്ങളിൽ സ്ത്രീ – പുരുഷ സംഭോഗത്തിന്റെ നഗ്നവടിവുകളോടുകൂടിയ ശിൽപങ്ങളും ചിത്രങ്ങളും ആകാം; എന്നാൽ, അതിനെ മാതൃകയാക്കി ഒരു കലാകാരൻ വരച്ച ചിത്രം എസ്‌എഫ്‌ഐയുടെ ഫ്ലക്സ്‌ ബോർഡിൽ വരാൻ പാടില്ല എന്ന സംഘപരിവാര നിലപാട്‌, ഇലയിൽ ചവിട്ടി വഴക്കുണ്ടാക്കുന്ന തെമ്മാടിത്തത്തിന്റെ അൽപ്പത്തരത്തെയല്ലാതെ ഭാരതീയ പാരമ്പര്യത്തോടു നേരാർന്ന കൂറുള്ളതിന്റെ ലക്ഷ്ണമല്ലേ.
സംഘപരിവാരം വ്യക്തമാക്കേണ്ടത്‌ നഗ്നത അഭാരതീയമാണോ എന്നാണ്‌. ആണെങ്കിൽ അവർ ആദ്യം മധുരമീനാക്ഷി ക്ഷേത്രത്തിലെ ശിൽപങ്ങളെ എല്ലാം തുണിയാൽ മൂടിപ്പൊതിഞ്ഞു ഹിന്ദുമത വികാരം സംരക്ഷിക്കണം – ഇതിന്‌ ധൈര്യമുണ്ടോ സംഘികൾക്ക്‌? നഗ്നത അഭാരതീയതയാണെങ്കിൽ സംഘപരിവാരം നരേന്ദ്രമോഡി സർക്കാരിനെക്കൊണ്ട്‌ നൂറുകണക്കിന്‌ വരുന്ന നാഗസന്ന്യാസിമാരെയും സന്ന്യാസിനിമാരെയും തുണിയുടുപ്പിക്കാനുള്ള നിർബന്ധിത നിയമം കൊണ്ടുവരണം. ജൈനമതസ്ഥനായ ബിജെപി ദേശീയ അധ്യക്ഷനോട്‌ പൂർണ നഗ്നരായി പരിക്രമണത്തിനിറങ്ങുന്ന ജൈനസന്ന്യാസിമാരിൽ ഒരു വിഭാഗത്തിന്റെ പരിക്രമണത്തിനെതിരെ രംഗത്തുവരുവാൻ പറയണം. ഇപ്പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യുവാൻ ചങ്കൂറ്റമുണ്ടോ സംഘികൾക്ക്‌? ഉണ്ടെങ്കിൽ അവരതു തെളിക്കണം. എന്നിട്ടു പറഞ്ഞാൽ മതി ദേവീദേവന്മാരെ നഗ്നരാക്കി ചിത്രീകരിക്കുന്നത്‌ അഭാരതീയവും അഹൈന്ദവവും ആണെന്ന്‌. ഇസ്ലാം മതത്തിൽ എന്നതുപോലെ നഗ്നത പാപകരമാണെന്ന നിലപാട്‌ ഭാരതീയ പരമ്പരാഗത മതങ്ങളിൽ ഇല്ല. അതുകൊണ്ടാണ്‌ സന്ന്യാസത്തിന്റെ പ്രമാണഗ്രന്ഥമായ ‘ബ്രഹ്മസൂത്രം’ എഴുതിയ ബാദരായണനേയും ‘കാമസൂത്രം’ എഴുതിയ വാത്സ്യായനനേയും ഭാരതീയ പാരമ്പര്യം ‘മഹർഷി’ എന്നുതന്നെ വിശേഷിപ്പിച്ചുവന്നിട്ടുള്ളത്‌. കാമസൂത്രത്തിന്റെ സ്വാധീനം ഇതിഹാസ പുരാണങ്ങളെ അവലംബിച്ചു ശക്തിപ്പെട്ട ഭാരതത്തിന്റെ പരമ്പരാഗത ചിത്ര – ശിൽപ – നാട്യ – കാവ്യ- കലാ – സാഹിത്യങ്ങളിലെല്ലാം ഉണ്ട്‌. ഈ ഭാരതീയ കലാപാരമ്പര്യത്തെ തന്നാലാവും വിധം പിൻപ്പറ്റുവാൻ ശ്രമിച്ച കലാകാരനായതിനാലാണ്‌ എം എഫ്‌ ഹുസൈൻ സരസ്വതി ദേവിയെ നഗ്നയാക്കി ചിത്രീകരിച്ചത്‌. തിരുവൈരാണിക്കുളത്തെ ക്ഷേത്രത്തിലെ പാർവതി ദേവി തൃപ്പൂത്തായതിന്റെ – നാടൻ ഭാഷയിൽ പറഞ്ഞാൽ തീണ്ടാരിയായതിന്റെ – ചുവപ്പുരാശി കലർന്ന തുണി വാങ്ങുവാൻ ആയിരങ്ങൾ കാത്തിരിക്കുന്ന ഭക്തിപാരമ്പര്യമുള്ള നാട്ടിൽ, കൊടുങ്ങല്ലൂർ ഭരണിക്ക്‌ പുരുഷലിംഗത്തേയും സ്ത്രീയോനിയേയും സൂചിപ്പിക്കുന്ന നാടൻ പദങ്ങൾ ഉപയോഗിച്ചു പാട്ടുപാടുന്ന ആചാരത്തിൽ സംതൃപ്തയായ മഹാകാളിക വാണരുളുന്ന നാട്ടിൽ ദേവീദേവന്മാരുടെ നഗ്നത അപമാനകരമാണെന്നു പറഞ്ഞ്‌ ആക്രോശിക്കുന്നതാണ്‌ യഥാർത്ഥത്തിൽ അഭാരതീയത. സംഘപരിവാരങ്ങളോട്‌ ഭാരതീയ മതപാരമ്പര്യവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ മുൻനിർത്തിപ്പറയട്ടെ, ‘നിങ്ങൾ ഭാരതീയ പാരമ്പര്യത്തെ പർദ്ദയണിയിപ്പിച്ച്‌ ഹിന്ദുത്വ താലിബാനുകൾ ഉണ്ടാക്കാൻ നോക്കേണ്ട – തുണിയുടുക്കാത്ത ദേവീദേവയക്ഷ കിന്നരഗന്ധർവാപ്സരസുകളുടെ ശിൽപ കലാസൗന്ദര്യങ്ങളാൽ സമ്പന്നമായ ഇന്നാട്ടിലെ ഓരോ മഹാക്ഷേത്രവും നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ താലിബാനിനെതിരെ മറുപടി പറഞ്ഞു വിളങ്ങും.’
കാളി, ലക്ഷ്മി, സരസ്വതി എന്നിങ്ങനെ വേർതിരിച്ചുപറയുന്ന മഹാദേവി ഭാവങ്ങളെല്ലാം ഒന്നിച്ചുചേർന്നതാണ്‌ ലളിതാ പരമേശ്വരി എന്നാണ്‌ ഭാരതത്തിലെ തന്ത്ര – മന്ത്ര ശാസ്ത്രങ്ങൾ പറയുന്നത്‌. അതുകൊണ്ടാണ്‌ ലളിതാസഹസ്രനാമത്തിന്‌ ഇത്രയേറെ പ്രാധാന്യവും പ്രചാരവും സിദ്ധിച്ചിട്ടുള്ളതും. മിക്കവാറും ഹൈന്ദവഭവനങ്ങളിലും സന്ന്യാസിമഠങ്ങളിലും മഹാക്ഷേത്രങ്ങളിലും ലളിതാസഹസ്രനാമ പാരായണവും അർച്ചനയും പതിവുണ്ട്‌. ഇപ്പറഞ്ഞ ലളിതാ സഹസ്രനാമത്തിലെ ഒരു മന്ത്രം ഇങ്ങനെയാണ്‌. “ഓം നാഭ്യാലവാലരോമാളി ലതാഫലകുചദ്വയി”-ഇതിന്റെ അർഥം ഇതാണ്‌ – പൊക്കിൾക്കുഴിയാകുന്ന തടത്തിൽ നിന്നുണ്ടായ നനുത്ത രോമങ്ങളാകുന്ന ഇലകളോടുകൂടിയ വള്ളിയിൽ കായ്ച്ച രണ്ട്‌ പഴങ്ങളെന്നു തോന്നുമാറുള്ള മുലകളോടു കൂടിയവളേ നിനക്കു നമസ്കാരം – ലളിതാദേവിയുടെ വയറിലെ നനുത്ത രോമം മുതൽ നെഞ്ചിലെ മുലകുംഭങ്ങളെ വരെ പച്ചയായി വാക്കിൽ ആവിഷ്ക്കരിച്ചിരിക്കുന്ന സഹസ്രനാമം പാരായണം ചെയ്യുന്നതിൽ ഭാരതീയ മതപാരമ്പര്യത്തിന്റെ ഭക്തി പ്രഹർഷം കാണുന്നതു ശരിയാണെങ്കിൽ, എം എഫ്‌ ഹുസൈനിന്റെ സരസ്വതിദേവിയുടെ ചിത്രത്തിലും ഭാരതീയമായ ഭക്തിപ്രഹർഷം തന്നെ കാണാം. അത്‌ കാണാനാകാതെ വരുന്നത്‌ ലളിതാ സഹസ്രനാമത്തിന്റെ അർത്ഥചിന്തന ചെയ്യാനുള്ള വിവരം ഇല്ലാത്തവരാണ്‌ സംഘികൾ എന്നതുകൊണ്ടാണ്‌-കൂടാതെ മറ്റൊരു കാരണവും ഉണ്ട്‌, എം എഫ്‌ ഹുസൈൻ പേരുകൊണ്ടു മുസ്ലിമാണ്‌; അദ്ദേഹം വരച്ച സരസ്വതി ചിത്രം പ്രചാരണത്തിനുപയോഗിച്ച വിദ്യാർഥി സംഘടനയാകട്ടെ കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ളതുമാണ്‌. അതിനാൽ മുസ്ലിങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളാണെന്ന വിചാരധാര പിൻപ്പറ്റുന്ന സംഘികൾ എം എഫ്‌ ഹുസൈനിനേയും എസ്‌എഫ്‌ഐയേയും അവരെന്തുചെയ്താലും എതിർക്കും. അതുതന്നെയാണ്‌ കേരളവർമ്മയിലും സംഭവിച്ചിരിക്കുന്നത്‌. കാക്കിനിക്കറും തുകൽബെൽറ്റും ഷൂസും സോക്സും എല്ലാം ഉൾപ്പെട്ട ആർഎസ്‌എസ്‌ സ്വയംസേവകരുടെ ഗണവേഷം ധരിച്ചു ഗജമുഖനായ ഗണപതിയുടെ വിഗ്രഹം ഉണ്ടാക്കി ഗണേശോത്സവം നടത്തിയ ഹിന്ദുത്വവാദികൾ പരമ്പരാഗത ഗണപതി ഭക്തരെ അപമാനിക്കുകയാണ്‌ ചെയ്തത്‌. അത്രത്തോളം അപമാനകരമായതൊന്നും ഭാരതീയതയ്ക്ക്‌ എം എഫ്‌ ഹുസൈനിന്റെ സരസ്വതിദേവി ചിത്രത്തിലൂടെ സംഭവിച്ചിട്ടില്ല. എന്തുകൊണ്ടെന്നാൽ ഭാരതം കാമസൂത്രത്തിന്റേയും നാടാണ്‌; ബ്രഹ്മസൂത്രത്തിന്റെ നാടെന്നതുപോലെ തന്നെ.