നടന്നു, നടന്ന്‌ ഷിതീഷ്‌ പിന്നിട്ടത്‌ ആറു സംസ്ഥാനങ്ങൾ

നടന്നു, നടന്ന്‌ ഷിതീഷ്‌ പിന്നിട്ടത്‌ ആറു സംസ്ഥാനങ്ങൾ
November 02 04:45 2016

സ്വന്തം ലേഖകൻ
രാജാക്കാട്‌: ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്ക്കാരം,ഭാഷ,സമൂഹം എന്നിവയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ കാലിയായ പോക്കറ്റുമായി കാൽനടയായി സഞ്ചരിക്കുകയാണ്‌ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഷിതീഷ്‌ യാത്രിയെന്ന പത്തൊമ്പതുകാരൻ. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ആറു സംസ്ഥാനങ്ങൾ സന്ദർശിച്ച്‌ ഷിതീഷ്‌ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലും തന്റെ നടത്തം തുടരുകയാണ്‌.
യാത്ര ഏറെ പ്രിയപ്പെട്ട ഈ പത്തൊമ്പതുകാരന്‌ തന്റെ രാജ്യത്തെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെയും അവരുടെ സംസ്ക്കാരവും അടുത്തറിയണമെന്ന ആഗ്രഹം മനസ്സിൽ തോന്നിയെങ്കിലും യാത്രയ്ക്ക്‌ പണം ഒരു പ്രശ്നമായി തീരുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ പണച്ചിലവില്ലാതെ രാജ്യത്താകമാനമായി ഒരു നടത്ത യാത്രയ്ക്ക്‌ ഷിതീഷ്‌ തയ്യാറെടുത്തത്‌. തുടർന്ന്‌ ഉത്തർ പ്രദേശിനടുത്തെ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി. പിന്നീടുള്ള യാത്രകൾക്ക്‌ വീട്ടുകാരും ഷിതീഷിന്‌ വേണ്ട പ്രോത്സാഹനം നൽകി.
ഒരു സംസ്ഥാനത്തേക്ക്‌ തന്റെ നടത്തം ആരംഭിക്കുമ്പോൾ പുറത്ത്‌ തൂക്കുന്ന ബാഗിൽ കൊള്ളുന്ന ടെന്റും അത്യാവശ്യ തുണികളും മാത്രമെടുക്കും. പിന്നീട്‌ നടക്കുന്ന സമയത്ത്‌ വഴിയിൽ കാണുന്ന വാഹനങ്ങൾക്ക്‌ കൈനീട്ടി ലിഫ്റ്റ്‌ ചോദിക്കും. വാഹനത്തിൽ കയറ്റിയാൽ തന്റെ ലക്ഷ്യത്തെകുറിച്ച്‌ ഇവരുമായി പങ്കുവയ്ക്കും. യാത്രയിൽ കണ്ടുമുട്ടി അടുപ്പത്തിലാകുന്ന സുഹൃത്തുക്കൾ വാങ്ങിനൽകുന്ന ഭക്ഷണം കഴിക്കും. ഇവരുടെ വണ്ടിയിൽ നിന്നും ഇറങ്ങിയാൽ വീണ്ടും നടത്തം. പിന്നെ അടുത്ത വാഹനം അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കും.
ഇങ്ങനെ കഴിഞ്ഞ ഒരുവർഷംകൊണ്ട്‌ ഈ പത്തൊമ്പതുകാരൻ നടന്നു നീങ്ങിയത്‌ ആറ്‌ സംസ്ഥാനങ്ങളിലായി ആറായിരത്തോളം കിലോമീറ്ററാണ്‌. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിച്ച്‌ ഹൈക്കറാണ്‌ ഷിതീഷ്‌.
സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏറെ തൽപരനായ ഷിതീഷ്‌ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നെത്തിയപ്പോൾ ആദ്യം അറിയുവാൻ ആഗ്രഹിച്ചത്‌ ഇടുക്കിയെകുറിച്ചാണ്‌. അനാഥരുടെ ആശ്രയ കേന്ദ്രമായ കരുണാഭവനെക്കുറിച്ച്‌ കേട്ടറിഞ്ഞപ്പോൾ സന്ദർശനത്തിനായി ഷിതീഷ്‌ കഴിഞ്ഞദിവസം കരുണാഭവനിലും എത്തി. ഭാഷ ഒരു പ്രശ്നമാണെങ്കിലും കൊച്ചുകുട്ടികളുമായി അൽപ്പനേരം കളിയും ചിരിയുമായി കൂടി. പിന്നെ കരുണാഭവനിലെ അമ്മമാരുടെ അടുത്തേയ്ക്ക്‌.
കുറച്ച്‌ നേരം അവരോടൊപ്പം ചിലവഴിച്ചതിന്‌ ശേഷം അമ്മമാരുടെ അനുഗ്രഹം വാങ്ങി വീണ്ടും വരാമെന്ന്‌ ഉറപ്പ്‌ നൽകി ഷിതീഷ്‌ യാത്രതുടർന്നു. ഇനി ലക്ഷ്യസ്ഥാനമായ പാറശാലയിലേയ്ക്കാണ്‌ യാത്ര.

  Categories:
view more articles

About Article Author