നടിയെ ആക്രമിച്ച കേസ്‌: ഗൂഢാലോചനയ്ക്ക്‌ ദൃക്സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസ്‌: ഗൂഢാലോചനയ്ക്ക്‌ ദൃക്സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
July 17 04:45 2017

സ്വന്തം ലേഖകൻ
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടൻ ദിലീപും മുഖ്യപ്രതിയായ പൾസർ സുനിയെന്ന സുനിൽ കുമാറും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായവരുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയത്‌. ഇവർ ദിലീപ്‌ നായകനായ ‘ജോർജേട്ടൻസ്‌ പൂരം’ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നു. ദിലീപും പൾസർ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നുവെന്നാണ്‌ വിവരം. കാലടി ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിലാണ്‌ രഹസ്യമൊഴി നൽകിയത്‌.
അറസ്റ്റിലായ പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത്‌ കണ്ടുവെന്നത്‌ കോടതിയിൽ തെളിയിക്കാൻ ഏറെ നിർണായകും ഈ മൊഴികൾ എന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. ഇരുവരും നടത്തിയ സംഭാഷണത്തിന്റെ എന്തെങ്കിലും വിവരങ്ങൾ ഇവർ കേട്ടിരുന്നോ എന്ന്‌ വ്യക്തമല്ല. അതേസമയം, പൾസർ സുനി കുറ്റകൃത്യം നടത്തിയശേഷം അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയെയും, ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങൾ പൊലീസ്‌ ഊർജിതമാക്കിട്ടുണ്ട്‌. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങൾ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂർത്തിയാകൂ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ്‌ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ എതിർക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.അപ്പുണ്ണിയുടെ അറസ്റ്റു അനിവാര്യമാണെന്ന്‌ അന്വേഷണ സംഘം പറയുന്നു .ദിലീപിന്റെ കസ്റ്റഡി കാലാവധി തീരുന്നതിനുമുൻപ്‌ അപ്പുണ്ണിക്ക്‌ നോട്ടീസ്‌ നൽകിയിരുന്നു .അപ്പുണ്ണി പൾസർ സുനിയെയും സുനി തിരിച്ചും നടി ആക്രമിക്കപ്പെടുന്നതിനു മുൻപ്‌ വിളിച്ചതിന്റെ രേഖകൾ പൊലീസിന്റെ പക്കലുണ്ട്‌ .സുനി പിടിയിലായ ശേഷം സുനിയുടെ സഹ തടവുകാരനായ വിഷ്ണു അപ്പുണ്ണിയെ കാണുന്നതിനായി ഏലൂർ ടാക്സി സ്റ്റാൻഡിൽ എത്തി കൂടിക്കാഴ്ച നടത്തിയതായും പൊലീസ്‌ പറയുന്നു . കേസിന്റെ പുരോഗതിക്ക്‌ അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ദിലീപും പൾസർ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാൻ പോന്നത്ര വിവരങ്ങൾ അപ്പുണ്ണിയിൽ നിന്ന്‌ കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌.
കൂടാതെ അപ്പുണ്ണിയെ നിലവിൽ കിട്ടിക്കൊണ്ടിരുന്ന അഞ്ച്‌ മൊബെയിൽ ഫോൺ കണക്ഷനുകളും സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലാണ്‌. ഇതിനെ തുടർന്നാണ്‌ അപ്പുണ്ണി ഒളിവിൽ പോയതായി പൊലീസ്‌ അനുമാനിച്ചത്‌. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്ക്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ അപ്പുണ്ണിയെ പൊലീസ്‌ ഒരുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന്റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പൊലീസ്‌ നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ്‌ അന്വേഷണ സംഘത്തിന്റെ ഭാഷ്യം. ദിലീപിന്റെ അറസ്റ്റിന്‌ പിന്നാലെയാണ്‌ അപ്പുണ്ണി ഒളിവിൽ പോകുന്നത്‌.

  Categories:
view more articles

About Article Author