നന്ദിത

നന്ദിത
June 18 04:45 2017

ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. ‘സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ , തുടങ്ങിയ ചിത്രങ്ങൾക്ക്‌ ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ‘നന്ദിത’ എന്ന്‌ പേരിട്ട ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം അമ്പലപ്പുഴയിൽ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം വയനാട്‌ ആരംഭിക്കും. ജീവിതം ചിലർക്ക്‌ പലതും നിഷേധിക്കും. എന്നാൽ നന്ദിത ജീവിതത്തിന്‌ പലതും നിഷേധിച്ചാണ്‌ കടന്നുപോയത്‌. എഴുതാൻ ബാക്കിവച്ച വരികളായും, കൊടുക്കാത്ത ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും പലതും ബാക്കിവച്ച്‌, നിത്യമായ ഇരുട്ടിലേയ്ക്ക്‌ നന്ദിത എന്ന കവിയത്രി കടന്നു പോയി. ജീവിതത്തോട്‌ മമത ഉണ്ടായിരുന്ന എഴുത്തുകാരിയായിരുന്നു നന്ദിത, എന്നിട്ടും എന്തിനാണ്‌ നന്ദിത മരണത്തെ പുൽകാൻ തീരുമാനിച്ചത്‌. ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ്‌ ഈ ചിത്രം.
വയനാട്‌ മടക്കിമലയിൽ, എം. ശ്രീധരമേനോന്റെയും, പ്രഭാവതിയുടെയും മകളായിരുന്ന നന്ദിത, ഇംഗ്ലീഷിൽ ബി.എ., എം.എ. ബിരുദങ്ങൾ സ്വന്തമാക്കിയശേഷം, വയനാട്‌ മുട്ടിൽ മുസ്ലീം ഓർഫനേജ്‌ ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളേജിൽ ആംഗലേയ വിഭാഗത്തിൽ അധ്യാപികയായിരുന്നു. 1999 ജനുവരി 17-ന്‌ അവർ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയിൽ നിന്ന്‌, കണ്ടെത്തിയ 1985 മുതൽ 1993 വരെയുള്ള കവിതകൾ ‘നന്ദിതയുടെ കവിതകൾ’ എന്ന പേരിൽ സമാഹാരമായി പ്രസിദ്ധീകരിച്ചു. നന്ദിതയുടെ മരണത്തിനുശേഷമാണ്‌ അവരിലെ കവിയത്രിയെ ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്‌.
ജീവിതത്തെ പൂർണ്ണമായി സ്നേഹിച്ച നന്ദിത ഏത്‌ ഘട്ടത്തിലാണ്‌ മരണവുമായി പ്രണയത്തിലായതെന്ന്‌ സഹപ്രവർത്തകർക്കൊ, സുഹൃത്തുക്കൾക്കോ അറിയില്ല. അതോ, മരണത്തിന്‌ നന്ദിതയോട്‌ അസൂയയായിരുന്നോ? പ്രതിസന്ധികൾ വന്നിട്ടും, പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്‌ മരണം അതിന്റെ കറുത്ത ചിറകുകൾ വിരിച്ച്‌ പ്രണയിക്കുകയായിരുന്നോ? വിങ്ങുന്ന പ്രണയവും, മരണത്തിന്റെ ഗന്ധവുമായിരുന്നു നന്ദിതയുടെ കവിതകൾക്ക്‌. അന്ന്‌, കോളേജ്‌ വരാന്തകളിലെ ചുവരുകളിൽ കോറിയിട്ട നന്ദിതയുടെ വരികൾ, ഇന്നും സോഷ്യൽ മീഡിയകളിൽ വൈറലാണ്‌. കൽപ്പറ്റ ജില്ലാ സഹകരണ ബാങ്കിന്റെ മാനേജരായിരുന്ന നന്ദിതയുടെ പിതാവ്‌ ശ്രീധരമേനോനും, അമ്മ പ്രഭാവതിയും മകളുടെ മരണത്തിൽ തകർന്നുപോയി. അന്ന്‌ ഉറങ്ങാൻ പേകുന്നതിന്‌ മുൻപ്‌ അമ്മയോട്‌ നന്ദിത പറഞ്ഞു, ‘അമ്മേ ഒരു ഫോൺ വരും ഞാൻ തന്നെ അറ്റൻഡ്‌ ചെയ്തുകൊള്ളാം.’ പക്ഷേ, ആ ഫോൺ വിളി അമ്മ കേട്ടില്ല.
അർദ്ധരാത്രി, അമ്മ എന്തിനോ വേണ്ടി ഡ്രോയിംഗ്‌ റൂമിൽ വന്നപ്പോൾ, സാരിത്തുമ്പിൽ തൂങ്ങി നിൽക്കുന്ന നന്ദിതയെയാണ്‌ കണ്ടത്‌. നന്ദിത ലോകത്തോട്‌ വിടപറഞ്ഞു കഴിഞ്ഞിരുന്നു. കണ്ണിൽ അസാധാരണമായ തിളക്കവും, മിഴിവാർന്ന സൗന്ദര്യവും ഉണ്ടായിരുന്ന നന്ദിതയുടെ കവിതകൾക്ക്‌ പക്ഷേ സ്ഥായീഭാവം വിഷാദമായിരുന്നു. നന്ദിത ജീവിച്ചിരുന്നെങ്കിൽ!
നന്ദിതയെക്കുറിച്ച്‌ വന്ന ലേഖനങ്ങളും, നന്ദിതയുടെ പുസ്തകങ്ങളും, നന്ദിതയുടെ ഓർമ്മകളുമായി ഇപ്പോഴും വയനാട്ടിലെ പ്രശാന്തിയിൽ നന്ദിതയുടെ അമ്മയും, അച്ഛനും ജീവിച്ചിരിക്കുന്നു. ഈ കഥ കൂടി ചിത്രത്തിൽ കടന്നുവരുന്നു.
നന്ദിതയായി ഗാത്രി വിജയ്‌ വേഷമിടുന്നു. ഇലപ്പച്ച ക്രിയേഷൻസ്‌ നിർമ്മിക്കുന്ന ‘നന്ദിത’ എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഷെമീർ പട്ടരുമഠം, ക്യാമറ – ഷിനൂപ്‌, ഗാനങ്ങൾ – ഡോ. പി.കെ. ഭാഗ്യലക്ഷ്മി, നൈന മണ്ണഞ്ചേരി, സംഗീതം – ആന്റണി ഏബ്രഹാം, ആലാപനം – ജെസ്ന ബഷീർ, എഡിറ്റിംഗ്‌ – രതീഷ്‌ രാജപ്പ, കല – വിമൽ, പ്രൊഡക്ഷൻ ഡിസൈനർ – അയ്മനം സാജൻ, അസോസിയേറ്റ്‌ ഡായറക്ടർ – അനൂപ്‌ മാവറ, അജീഷ്‌ രാമചന്ദ്രൻ, പി.ആർ.ഒ. – അയ്മനം സാജൻ.
ഗാത്രി വിജയ്‌, ഇന്ദ്രൻസ്‌, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, ഫിലിപ്സ്‌ സാന്റി ഐസക്ക്‌, വേണു അമ്പലപ്പുഴ, സോണിയ മൽഹാർ, ചെമ്പകവല്ലി തമ്പുരാട്ടി, രഞ്ജിത്ത്‌ രാജ്‌, ദൃശ്യ രാജ്‌, മഹാദേവ്‌, അഭയജിത്ത്‌ സി, അഭിജിത്ത്‌, ദിലീപ്‌, അനില എസ്‌., മാസ്റ്റർ ആരാധ്യൻ അനീഷ്‌ എന്നിവർ അഭിനയിക്കുന്നു.

  Categories:
view more articles

About Article Author