നരേന്ദ്ര മോഡിയുടെ പുതിയ ഇന്ത്യയും ആദിത്യനാഥിന്റെ വരവും

March 20 05:00 2017

അഞ്ച്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച ‘പുതിയ ഇന്ത്യ’ എന്തായിരിക്കുമെന്ന്‌ ആരിലെങ്കിലും സംശയം അവശേഷിച്ചിരുന്നെങ്കിൽ അത്‌ ദുരീകരിക്കാൻ മതിയായതാണ്‌ യുപി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌. യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദം രാജ്യത്തിന്‌ വ്യക്തമായ മൂന്നാര്റിയിപ്പാണ്‌ നൽകുന്നത്‌. തീവ്രഹിന്ദുത്വത്തിൽ അധിഷ്ഠിതമായ, വർഗീയതയോടും മതഭ്രാന്തിനോടും ഹിംസയോടും സഹിഷ്ണുതയുള്ള, ഒരു പുതിയ ഇന്ത്യയാണ്‌ നരേന്ദ്രമോഡിയും സംഘ്പരിവാറും വിഭാവനം ചെയ്യുന്നത്‌. യോഗി ആദിത്യനാഥിനെപ്പറ്റി നാം അറിഞ്ഞതും കേട്ടതുമായ എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കെട്ടുകഥകളാണെന്ന്‌ ബിജെപി വൃത്തങ്ങൾ ഉദ്ഘോഷിക്കുന്നു. ആദിത്യനാഥിനെതിരെ നിലവിലുള്ള വർഗീയലഹള, തീവയ്പ്‌, കൊലപാതകശ്രമങ്ങൾ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, നിയമവിരുദ്ധ സംഘം ചേരൽ, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുൾപ്പെട്ട കേസുകളുടെ ഭാവി എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. മുഖ്യമന്ത്രി പദത്തിലേയ്ക്ക്‌ ഉയർത്തപ്പെട്ടതോടെ സമ്പൂർണ മാനസാന്തരം സംഭവിച്ച ഒരാളായി ആദിത്യനാഥ്‌ മാറുമെന്ന്‌ അദ്ദേഹത്തിന്റെ പൊതുമണ്ഡലത്തിൽ ലഭ്യമായ പ്രസംഗങ്ങളും പ്രവൃത്തികളും പരിശോധിക്കുന്ന ഒരാൾക്കും വിശ്വസിക്കാനാവില്ല. നരേന്ദ്രമോഡിയുടേയും അമിത്ഷായുടേയും അഭിലാഷങ്ങൾക്ക്‌ വിരുദ്ധമായി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാൻ തിരശീലയ്ക്ക്‌ പിന്നിൽ പ്രവർത്തിച്ചിരുന്ന ആർഎസ്‌എസിന്റേയും സംഘപരിവാറിന്റേയും ലക്ഷ്യവും കണക്കുകൂട്ടലുകളും അതല്ല. ജനങ്ങളെ ഒരുമിപ്പിക്കുന്നതിന്‌ പകരം അവരെ ആഴത്തിൽ ഭിന്നിപ്പിച്ച്‌ അധികാരം നിലനിർത്തുന്നതിനും അതുവഴി തങ്ങളുടെ ഹിന്ദുത്വ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്‌ അവർ ആദിത്യനാഥിനുവേണ്ടി ശാഠ്യത്തോടെ പിടിമുറുക്കിയത്‌. ആദിത്യനാഥിനെ പരീക്ഷിച്ച്‌ അറിയാൻ സമയവും സാവകാശവും ആവശ്യപ്പെടുന്നവർ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രവാളത്തിൽ ഉരുണ്ടുകൂടുന്ന വിനാശകരമായ കരിമേഘങ്ങളെ കാണാൻ വിസമ്മതിക്കുന്നവരാണ്‌.
യോഗി ആദിത്യനാഥിനോടുള്ള താരതമ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി തങ്ങളുടെ ലക്ഷ്യങ്ങളോടും അതിലേക്കുള്ള മാർഗങ്ങളിലും താരതമ്യേന മൃദുസമീപനമാണ്‌ അവലംബിക്കുന്നതെന്ന തോന്നൽ അടുത്തകാലത്ത്‌ ആർഎസ്‌എസിലും സംഘ്പരിവാറിലും ശക്തമാണ്‌. യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നോട്ട്‌ അസാധൂകരണത്തിലും വികസനത്തിലും കേന്ദ്രീകരിച്ചുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ്‌ മോഡിയും ഷായും ഊന്നൽ നൽകിയിരുന്നത്‌. അത്‌ ബിഹാർ തെരഞ്ഞെടുപ്പിന്റെ ആവർത്തനമായി മാറുമെന്ന തിരിച്ചറിവാണ്‌ സമൂഹത്തെ ആഴത്തിൽ ഭിന്നിപ്പിക്കാൻ ഉതകുന്നതരത്തിലേയ്ക്ക്‌ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ പുനഃസംഘടിപ്പിക്കാൻ സംഘ്പരിവാറിനെ നിർബന്ധിതമാക്കിയത്‌. അതാണ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അതിൽ നിർണായകപങ്ക്‌ ഒന്നുമില്ലാതിരുന്ന ആദിത്യനാഥിനേയും സമാനസ്വഭാവമുള്ള തീവ്രഹിന്ദുത്വ പ്രചാരകരേയും രംഗത്തിറക്കാൻ പ്രേരകമായത്‌. ആദിത്യനാഥിന്റെ പ്രചാരണപ്രവർത്തനങ്ങളിലുള്ള രംഗപ്രവേശം ഫലപ്രദമായി അവഗണിക്കാനും മറച്ചുവയ്ക്കാനും മോഡി പ്രഭൃതികൾക്ക്‌ കഴിഞ്ഞു. മുഖ്യമന്ത്രി പദത്തിലേയ്ക്ക്‌ സ്വന്തം വിശ്വസ്തരെ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സാധ്യമായതെല്ലാം ചെയ്തിരുന്നു. ചർച്ചകളിൽ ഒരിക്കലും ആ പേരുണ്ടാവരുതെന്ന്‌ അവർ ഉറപ്പുവരുത്തി. ആദിത്യനാഥ്‌ യുപി മുഖ്യമന്ത്രി പദത്തിലേയ്ക്ക്‌ ഉയർത്തപ്പെട്ടാൽ തന്റേയും താൻ നേതൃത്വം നൽകുന്ന സംഘത്തിന്റേയും ഗതി അഡ്വാനിയുടേയും മുരളീ മനോഹർ ജോഷിയുടേതുമാവുമെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുന്നത്‌ മോഡിക്കുതന്നെയാണ്‌.
ആസൂത്രിതമെങ്കിലും അവസാനനിമിഷം ആദിത്യനാഥ്‌ നടത്തിയ രംഗപ്രവേശം മാധ്യമങ്ങളിലും നിരീക്ഷകരിലും അമ്പരപ്പാണ്‌ സൃഷ്ടിച്ചതെങ്കിൽ മോഡി-ഷാ വൃത്തങ്ങളിൽ അത്‌ സൃഷ്ടിച്ചിട്ടുള്ളത്‌ കടുത്ത അങ്കലാപ്പ്‌ തന്നെയാണ്‌. മോഡി രാജ്യത്തോട്‌ പറഞ്ഞത്‌ പുതിയ ഇന്ത്യയെക്കുറിച്ചാണെങ്കിൽ ആദിത്യനാഥിന്റെ വരവ്‌ വിളിച്ചറിയിക്കുന്നത്‌ ഒരു പുതിയ ബിജെപിയുടേയും സംഘ്പരിവാറിന്റേയും വരവാണ്‌. അത്‌ യുപിയിൽ മാത്രമല്ല ഇന്ത്യയിലാകെ സവർണ മേധാവിത്വത്തിന്റേയും മതവിദ്വേഷത്തിന്റേയും സാമൂഹ്യകോളിളക്കങ്ങളുടേയും വർഗീയ കലാപങ്ങളുടേയും ദിനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്‌ ഉയർത്തുന്നത്‌. രാജ്യത്തെ തുറിച്ചുനോക്കുന്ന വിപത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാൻ മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികൾക്ക്‌ ഇപ്പോഴെങ്കിലും കഴിയണമെന്ന്‌ സമാധാനകാംക്ഷികളായ മഹാഭൂരിപക്ഷം ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നു. രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകൾ മറന്ന്‌, നേതാക്കൾ അവരെ ഭരിക്കുന്ന അഹംബോധം മാറ്റിവച്ച്‌, സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ കൈകോർക്കാൻ ഇനി തെല്ലും വൈകിക്കൂട.

  Categories:
view more articles

About Article Author