Saturday
23 Sep 2017

നല്ലൊരു മനുഷ്യനായാല്‍ മതി

By: Web Desk | Friday 4 August 2017 11:08 AM IST

 
അനുകൃഷ്ണ എസ്
അടുത്തകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞൊരു സംഭവമാണ് മലയാള സിനിമയിലെ പ്രശസ്തനടി ആക്രമിക്കപ്പെട്ട കേസ്. ആക്രമിച്ചവരും ആസൂത്രണമിട്ടവരും ആക്രമിക്കപ്പെട്ട വ്യക്തിയും എല്ലാം സിനിമാക്കാരായതു കൊണ്ടുതന്നെ കാര്യങ്ങള്‍ക്കെല്ലാം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ മൂവിയുടെ ചായ്‌വുണ്ട്. വാദിയുടെ പക്ഷംചേര്‍ന്നവരും പ്രതിയുടെ മുഖംമൂടിക്ക് വെള്ളപൂശാന്‍ ഇറങ്ങിയവരും നിരവധി. പക്ഷംചേര്‍ന്ന് പരിപാടി ആഘോഷമാക്കിയ രാഷട്രീയക്കാരും കുറവല്ല. ഇതെല്ലാം കണ്ട് അന്താളിച്ചിരിക്കുന്ന പൊതുജനത്തോടാണ് ഇനി പറയാനുള്ളത്. ആക്രമിക്കപ്പെടുന്നത് സിനിമാതാരമായാലും സാധാരണക്കാരായാലും ഒക്കെയും സ്ത്രീകളാണ്. ഇര എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി ഉദ്യോഗസ്ഥരും രാഷ്ട്രീയ വൃത്തങ്ങളും നിയമപാലകരും ഒക്കെക്കൂടി തേജോവധം ചെയ്യുന്നതും അവളെത്തന്നെ. ഈ തേജോവധത്തെ ഭയന്ന് തനിക്കുണ്ടായ പീഡാനുഭവം ഒളിച്ചു വയ്ക്കാനേ സാധാരണക്കാരന്‍ ശ്രമിക്കു. തനിക്ക് നേരേയുണ്ടായ ആക്രമണം തുറന്നു പറയാനും പ്രതിസന്ധികളെ വകവയ്ക്കാതെ സധൈര്യം അവളുടെ തൊഴിലിലേക്ക് തിരികെയെത്താനും മനസുകാണിച്ചവള്‍ സിനിമാതാരം എന്നതിലുപരി ഒരു സ്ത്രീയാണ്. അവളുടെ പ്രതികരണം മാതൃകയാണ്. ലോകത്തുള്ള എല്ലാ സ്ത്രീകളും കണ്ടുപടിക്കേണ്ട മാതൃക. എന്നാല്‍ ഒരു വിഭാഗത്തിന് അവിടെയും അതിഭീകര സംശയങ്ങളാണ്. ഡല്‍ഹിയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിര്‍ഭയ കേസാണ് എല്ലാത്തിനും അളവുകോല്‍. നിര്‍ഭയാ രീതിയിലാണോ പീഡനം നടന്നത്? എങ്കില്‍ എന്തുകൊണ്ട് അവള്‍ക്ക് ആശുപത്രിയില്‍ പോകാതെ പുറത്തിറങ്ങാന്‍ പറ്റി? ഷൂട്ടിങ് ലൊക്കേഷനില്‍ പോകാന്‍പറ്റി? ഇത്തരത്തിലുള്ള അസംഖ്യം സംശയങ്ങളാണ് കഴിഞ്ഞദിവസം പി സി ജോര്‍ജ്ജ് എംഎല്‍എ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉന്നയിച്ചത്. എന്തൊക്കെ സംശയങ്ങള്‍. ഇതൊരു രോഗമാണ്, ആക്രമിക്കപ്പെട്ടവളുടെ മാനത്തെ വീണ്ടും കുത്തിക്കീറുമ്പോഴുള്ള സുഖം അനുഭവിക്കുകയാണിവിടെ രോഗി.
തനിക്ക് പെണ്ണിന്റെ മാനത്തെക്കുറിച്ച് പഠിക്കാന്‍ കോച്ചിങ് ഒന്നും വേണ്ട എന്നാണ് എംഎല്‍എയുടെ പുതിയ വാദം. ഒരുപാട് ആള്‍ക്കാരുമായി സഹകരിച്ച് വളര്‍ന്നതുകൊണ്ട് മാനാഭിമാനമുള്ള നിരവധിപേരെ കണ്ടാണ് വളര്‍ന്നതെന്നും ഇപ്പോള്‍ അപ്പനും അമ്മായി അപ്പനും വല്ല്യപ്പനും ഭര്‍ത്താവുമൊക്കെയായ തനിക്ക് പെണ്ണിന്റെ മാനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നുമാണ് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. ശരിക്കും ഇതൊരു ബോധ്യവാന്റെ മറുപടിയായി തോന്നുന്നുണ്ടോ? ഇല്ലേ ഇല്ല.. പെണ്ണിനേയും പെണ്ണിന്റെ മാനത്തേയും കുറിച്ച് പഠിക്കാന്‍ ഒരു സര്‍വകലാശാലയില്‍നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നും എടുക്കേണ്ട. മനുഷ്യനായാല്‍ മതി.. നല്ലൊരു മനുഷ്യന്, മനുഷ്യത്വമുള്ള മനുഷ്യന് പെണ്ണിനെ പെണ്ണിന്റെ വേദനയെ അവളുടെ മാനത്തെ തിരിച്ചറിയാനാവും. അതിനെ കുത്തിക്കീറാന്‍ കിട്ടുന്ന അവസരങ്ങളെ അവസരോചിതമായി ഉപയോഗിച്ചിട്ട് മലക്കംമറിയുന്നത് അന്തഃസുള്ള ഏര്‍പ്പാടല്ല.