Friday
22 Jun 2018

നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ്‌ വാഗ്ദാനം നിറവേറ്റണം

By: Web Desk | Friday 14 July 2017 4:55 AM IST

സമീപകാലം വരെ അസംഘടിതരായി ആതുര സേവനത്തിൽ മുഴുകിയിരുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന്‌ സമരപാതയിലാണ്‌. ജീവിക്കാൻ മതിയായ മിനിമം വേതനവും സേവനവ്യവസ്ഥയുടെ അപര്യാപ്തതയുമാണ്‌ സംഘടിക്കാൻ ഇവരെ നിർബന്ധിതമാക്കിയത്‌. നിയമങ്ങൾ കാറ്റിൽപറത്തി തൊഴിലിടത്തെ ചൂഷണത്തിന്റെ കേന്ദ്രങ്ങളാക്കി ഉടമകൾ ഈ മേഖലയെ മാറ്റിയിരിക്കുന്നു. ആതുരാലയം എന്നതിൽ നിന്ന്‌ കച്ചവട സ്ഥാപനം എന്നതിലേക്ക്‌ സ്വകാര്യ ആശുപത്രികൾ പലതും മാറിയിരിക്കുന്നു. ലാഭത്തിൽ നിന്ന്‌ ലാഭത്തിലേക്കുള്ള ആർത്തി പെരുകിയതോടെചൂഷണത്തിന്റെ ആഴവും വർധിച്ചു. അത്യാധുനിക രോഗ നിർണയ സംവിധാനങ്ങളും അതി നൂതന ചികിത്സാ രീതികളും സ്വകാര്യ ആശുപത്രികളെ മത്സരത്തിലേക്ക്‌ തള്ളിവിട്ടു. ബഹുനില കെട്ടിടങ്ങളും നക്ഷത്ര സൗകര്യങ്ങളും വിപുലപ്പെടുത്താൻ ചികിത്സാ ഫീസും അനുബന്ധ ചെലവുകളും പെരുപ്പിച്ച്‌ വലിയൊരു തുക വസൂലാക്കുമ്പോൾ ജീവനക്കാരുടെ നിസഹായാവസ്ഥയും സഹനശേഷിയും മുതലെടുക്കപ്പെടുന്നു. മതസാമുദായിക ചട്ടക്കൂടുകൾക്കകത്തുനിൽക്കാൻ നിർബന്ധിതരായ വലിയൊരു വിഭാഗം നഴ്സുമാരും തങ്ങൾ നേരിടുന്ന ചൂഷണവും പീഡനവും പുറത്തുപറയാൻ ഭയന്നിരുന്നുവെന്നതും മുതലാളിമാർക്ക്‌ തുണയായി. ഈ മേഖലയിലേക്ക്‌ കോർപറേറ്റ്‌ ശക്തികൾകൂടി കടന്നുവന്നതോടെ തൊഴിലാളികൾക്ക്‌ അടങ്ങിയിരിക്കാൻ പറ്റാത്ത വിധം സ്ഥിതിഗതികൾ മാറി. ആതുരാലയങ്ങളിലെ ആടുജീവിതങ്ങൾ സമൂഹവും ചർച്ച ചെയ്യാൻ തുടങ്ങിയതോടെ പ്രതിഷേധ ശബ്ദം ഉച്ചത്തിലായി. ഭരണകൂടങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും അതുവരെയില്ലാത്ത ശ്രദ്ധ ഈമേഖലയിലേക്കും വേണ്ടിവന്നു.
തുടക്കത്തിലേ തന്നെ ഈ തൊഴിലാളി വിരുദ്ധതയെ നിലയ്ക്കുനിർത്താൻ നിയമത്തെ ഉപയോഗിക്കുന്നതിൽ വീഴ്ചയുണ്ടായതാണ്‌ കാര്യങ്ങൾ ഇത്ര വഷളാകാൻ കാരണം. ആശുപത്രി മേഖലയിൽ ഇന്നും തുച്ഛമായ വേതനമാണ്‌ ലഭിക്കുന്നത്‌. യാതൊരു തൊഴിൽ സുരക്ഷയും ഈ വിഭാഗത്തിനില്ല. ഷോപ്സ്‌ ആന്റ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ ആക്ടിന്‌ കീഴിലാണ്‌ സ്വകാര്യ ആശുപത്രി നഴ്സിന്റെ സേവന വേതന വ്യവസ്തകൾ. ഓരോ സ്ഥാപനത്തിനും അവരവർക്ക്‌ തോന്നിയ വേതനം പ്രഖ്യാപിക്കാം. ആനുകൂല്യങ്ങൾ ഇല്ലാതാക്കാം. ഇതിന്‌ മാറ്റം വരുത്താൻ സർക്കാർ ഇടപെടണം. സ്വകാര്യ ആശുപത്രി സംവിധാനം വ്യത്യസ്ത വകുപ്പുകളുടെ കീഴിലാക്കി നിലനിർത്തുന്നത്‌ ആരോഗ്യകരമല്ല. മാന്യമായ കൂലി എന്നത്‌ തൊഴിലാളിയുടെ സ്വപ്നം മാത്രമായി ഒതുങ്ങിക്കൂട. ആവശ്യമായ നിയമനിർമാണത്തിന്‌ വഴിയൊരുക്കണം. നഴ്സിങ്‌ മേഖലയും പൊതുസമൂഹവും തമ്മിലുള്ള ആശയക്കുഴപ്പങ്ങളിലേക്കും സംഘർഷത്തിലേക്കും സമരത്തെ വലിച്ചിഴക്കുന്നത്‌ ഭരണകൂടത്തിന്‌ ഭൂഷണമല്ല. എൽഡിഎഫ്്‌ സർക്കാർ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിച്ചതും സേവന വേതന വ്യവസ്ഥകൾ പഠിച്ച്‌ പരിശോധിച്ച്‌ കരട്‌ തയ്യാറാക്കുവാൻ മിനിമം വേജസ്‌ കമ്മിറ്റിയെ നിയോഗിച്ചതും നഴ്സുമാരിലും അവരുടെ കുടുംബങ്ങളിലും പ്രതീക്ഷയുണർത്തിയിരുന്നു. മിനിമം വേജസ്‌ കമ്മിറ്റിയിലേക്കുള്ള ട്രേഡ്‌ യൂണിയൻ നേതാക്കളുടെ സംയുക്ത യോഗം മുന്നോട്ട്‌ വച്ച നിർദ്ദേശവും ഏറെക്കുറെ നീതിയുക്തമാണ്‌. സ്വകാര്യ ആശുപത്രി മേഖലയിലെ അടിസ്ഥാന തസ്തികയിൽ-അതായത്‌ ഗ്രേഡ്‌ -എട്ട്‌ തസ്തികയിലുള്ള സ്വീപ്പർമാരുൾപ്പടെയുള്ളവരുടേതാണ്‌ അടിസ്ഥാന ശമ്പളം. ഇത്‌ 18,900 രൂപ എന്ന തോതിലാണ്‌ ട്രേഡ്‌ യൂണിയനുകൾ നിർദ്ദേശിച്ചത്‌. കരട്‌ നിർദ്ദേശമനുസരിച്ച്‌ 20 ബെഡ്ഡിൽ താഴെയുള്ള ആശുപത്രികളിലെ നഴ്സിങ്‌ വിഭാഗത്തിലെ അടിസ്ഥാന ശമ്പളം 20,000 രൂപയിൽ തൊട്ടുതാഴെ വരും. അഞ്ച്‌ വർഷത്തിനപ്പുറത്തേക്ക്‌ പുതിയൊരു ശമ്പള വർദ്ധനവിന്‌ അവസരമില്ലെങ്കിലും പൊതുവെ കേരളത്തിലെ നഴ്സിങ്‌ സമൂഹം ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു.
സർക്കാർ പ്രഖ്യാപിക്കുന്ന ശമ്പളം നൽകാൻ തയ്യാറാണെന്ന്്‌ മാനേജ്മെന്റുകളൊന്നടങ്കം വ്യക്തമാക്കിയതാണ്‌. മിനിമം വേജസ്‌ കമ്മിറ്റിയുടെ അവസാന യോഗത്തിലും തുടർന്ന്‌ പ്രതിഷേധങ്ങളുടെ ഫലമായി വിളിച്ചുചേർക്കപ്പെട്ട അനുരഞ്ജന യോഗത്തിലും ട്രേഡ്‌ യൂണിയനുകളുടെ കരട്‌ നിർദ്ദേശം അട്ടിമറിക്കപ്പെട്ടതാണ്‌ വലിയൊരു സമരത്തിലേക്ക്‌ വഴിയൊരുക്കിയിരിക്കുന്നത്‌. നഴ്സുമാർ സമരത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതോടെ മാനേജ്മെന്റുകളിൽ ഒരുവിഭാഗം ആശുപത്രികൾ അടച്ചിടുമെന്ന ഭീഷണിയാണ്‌ ഉയർത്തിയിരിക്കുന്നത്‌. സമരങ്ങൾ സാമൂഹിക വിപത്തായി മാറാതിരിക്കാൻ സർക്കാർ ഇടപെടലുണ്ടാവണം. 20,000 രൂപ നിലവിലെ ആനുകൂല്യങ്ങൾ നിലനിർത്തി അടിസ്ഥാന വേതനമായി നൽകാൻ തയ്യാറാകുന്ന സ്ഥാപനങ്ങളെ സമരത്തിൽ നിന്നൊഴിവാക്കാമെന്ന ഒത്തുതീർപ്പ്‌ ഫോർമുല നഴ്സുമാരുടെ സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇത്‌ അംഗീകരിക്കാൻ ഒരു വിഭാഗം മാനേജ്മെന്റുകൾ തയ്യാറായിക്കൂടെന്നില്ല. അതുകൊണ്ടുതന്നെ തൊഴിലാളികൾക്ക്‌ അനുകൂലമായ തത്വാധിഷ്ടിത നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാരിൽ നിന്നും സമരരംഗത്തുള്ള നഴ്സുമാരും പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്‌. മിനിമം കൂലി 600 രൂപയെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനം നഴ്സിങ്‌ മേഖലയ്ക്കും ബാധകമാക്കാനുള്ള മിനിമം ബാധ്യത സർക്കാരിനുണ്ട്‌.