നാഗാലാൻഡിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സ്ത്രീകൾക്ക്‌ ഊരുവിലക്ക്‌

നാഗാലാൻഡിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സ്ത്രീകൾക്ക്‌ ഊരുവിലക്ക്‌
January 12 04:45 2017

കൊഹിമ: നാഗാലാൻഡിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരിക്കുന്നതിനെതിരെ നാഗാ ഗോത്രസമൂഹത്തിലെ ഒരു വിഭാഗം രംഗത്ത്‌. മത്സരിക്കുന്നപക്ഷം ഊരുവിലക്ക്‌ ഏർപ്പെടുത്തുമെന്ന്‌ താക്കീത്‌ നൽകിയിരിക്കുകയാണ്‌.
സ്ത്രീകൾക്ക്‌ 33 ശതമാനം സംവരണം നൽകിയ സർക്കാർ നടപടി നാഗാലാൻഡിന്റെ പ്രത്യേക പദവി വകുപ്പുകളുടെ ലംഘനമാണെന്നാണ്‌ ഇവർ അവകാശപ്പെടുന്നത്‌. നാഗാഗോത്ര സമൂഹത്തിന്റെ സാമുദായിക നിയമമനുസരിച്ച്‌ സ്ത്രീകൾ ഭരണനേതൃത്വത്തിൽ വരുന്നത്‌ അനുവദിക്കുന്നില്ല.
നാഗാ സംസ്ഥാനത്തിന്‌ ഭരണഘടന നൽകുന്ന പ്രത്യേകപദവിയുടെ 371 എ വകുപ്പിന്‌ വിരുദ്ധമാണ്‌ സ്ത്രീകൾക്ക്‌ 33 ശതമാനം സംവരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്‌ ഗോത്രസഭ വാദിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തും ഇവർ ഇതേവാദം ഉയർത്തിയിരുന്നു.
നാഗാലാൻഡ്‌ നിയമസഭയിൽ ഒരു വനിതാപ്രതിനിധി പോലും ഇല്ല. മുമ്പ്‌ 1993 ൽ ഭരണഘടനയുടെ 243 ടി വകുപ്പ്‌ പ്രകാരം ഗ്രാമീണ വികസന ബോർഡുകളിൽ 25 ശതമാനം വനിതാസംവരണം വ്യവസ്ഥചെയ്തിരുന്നു. എന്നാൽ 2015 ൽ ഇപ്പോഴത്തെ സെലിയാങ്ങ്‌ സർക്കാരാണ്‌ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കിയത്‌. ഇതോടെ ഗോത്രസഭ കർശന നിലപാടിലേക്കെത്തുകയായിരുന്നു. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗോത്രസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അതേസമയം ഫെക്ക്‌ ജില്ലയിലെ പൊചൂരി ഗോത്രസഭ വനിതാസംവരണത്തെ അനുകൂലിക്കുന്നവരാണ്‌.
ഫെബ്രുവരി ഒന്നിനാണ്‌ മൂന്ന്‌ മുനിസിപ്പൽ സമിതികളിലേക്കും 16 നഗരസമിതികളിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. കഴിഞ്ഞ പത്തുവർഷമായി പ്രാദേശിക ഭരണസമിതികളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാത്തതുമൂലം നഗര-മുനിസിപ്പൽ വികസനം മുരടിച്ചിരിക്കുകയുമാണ്‌.
ഇത്തവണ ഗോത്രസഭയുടെ എതിർപ്പ്‌ അവഗണിച്ച്‌ 87 സ്ത്രീകൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നു. ഇന്നാണ്‌ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇവർ പത്രിക പിൻവലിക്കാത്തപക്ഷം ഊരുവിലക്ക്‌ നേരിടേണ്ടിവരുമെന്നാണ്‌ ഗോത്രസഭ അന്ത്യശാസനം നൽകിയിരിക്കുന്നത്‌. മുമ്പും ഇത്തരത്തിൽ വനിതകളെ സമൂഹം പുറന്തള്ളിയിട്ടുണ്ട്‌.
കൂടാതെ വനിതാ സംവരണത്തിന്‌ മുൻകയ്യെടുത്തുവെന്ന കുറ്റാരോപണത്തിന്മേൽ മന്ത്രിയായ മുക്ലുതോഷി ലോങ്ങ്‌ കുമാറിന്‌ ഊരുവിലക്ക്‌ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്‌. നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരിക്കുന്നതിനായി ഗോത്രസഭ തുടർച്ചയായി ബന്ദും നടത്തിയിരുന്നു.

  Categories:
view more articles

About Article Author