Friday
22 Jun 2018

നാടകാന്തം ശാസ്ത്രി

By: Web Desk | Thursday 13 July 2017 4:45 AM IST

മുംബൈ: ഒടുവിൽ രവി ശാസ്ത്രി തന്നെ ടീം ഇന്ത്യ പരിശീലകൻ. അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ്‌ രവി ശാസ്ത്രിയുടെ നിയനം.
മുൻ ഇന്ത്യൻ ക്യാപ്റ്റനും ടീം ഡയറക്ടറുമാണ്‌ രവി ശാസ്ത്രി. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ബൗളിങ്‌ പരിശീലകനായും നിയമിച്ചിട്ടുണ്ട്‌. അനിൽ കുംബ്ലെയുടെ പകരക്കാരനായി രണ്ടു വർഷത്തേക്കാണ്‌ ശാസ്ത്രിയുടെ നിയമനം.
ശാസ്ത്രിയെ പരിശീലകനാക്കി നിയമിച്ച വിവരം ആക്ടിങ്‌ പ്രസിഡന്റ്‌ സി കെ ഖാന്നയാണ്‌ ചൊവ്വാഴ്ച രാത്രി വൈകി അറിയിച്ചത്‌. നാടകീയ രംഗങ്ങളാണ്‌ പരിശീലക തിരഞ്ഞെടുപ്പിൽ അരങ്ങേറിയത്‌. രവി ശാസ്ത്രിയെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചു എന്ന തരത്തിൽ ചൊവ്വാഴ്ച ആദ്യം വാർത്ത പുറത്തുവന്നിരുന്നു. പിന്നീട്‌ ഇക്കാര്യം തള്ളിപ്പറഞ്ഞ്‌ ബിസിസിഐ രംഗത്തെത്തി. പിന്നീട്‌ രാത്രിയോടെ കോച്ചിനെ നിയമിച്ച വാർത്ത ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ശ്രീലങ്കൻ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന്‌ കീഴിൽ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. മുംബൈയിൽ നടന്ന അഭിമുഖത്തിന്‌ ശേഷം ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര്‌ മുന്നോട്ടുവയ്ക്കുകയായിരുന്നു.
10 പേർ ഇന്ത്യൻ പരിശീലകസ്ഥാനത്തേക്ക്‌ അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിക്കൊപ്പം വീരേണ്ടർ സെവാഗ്‌, ടോം മൂഡി, ലാൽചന്ദ്‌ രജപുത്‌, റിച്ചാർഡ്‌ പൈബസ്‌ എന്നിവരായിരുന്നു അവസാന പോരാട്ടത്തിനുണ്ടായിരുന്നത്‌.
രവിശാസ്ത്രിയെ മുഖ്യപരിശീലകനാക്കുന്നതിൽ ക്രിക്കറ്റ്‌ ഉപദേശക സമിതിയിൽ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നതായി സൂചനയുണ്ട്‌. രവിശാസ്ത്രിയെ പരിശീലകനാക്കണമെന്ന്‌ ഉപദേശക സമിതി അംഗമായ സച്ചിൻ ആവശ്യപ്പെട്ടപ്പോൾ, സേവാഗിനെയോ, ടോം മൂഡിയെയോ പരിഗണിക്കണമെന്നായിരുന്നു ഗാംഗുലിയുടെ വാദം. എന്നാൽ സേവാഗിന്‌ പരിശീലന രംഗത്ത്‌ മുൻപരിചയമില്ലാത്തത്‌ തിരിച്ചടിയായി.
55 കാരനായ രവിശാസ്ത്രി 2007 ലെ ബംഗ്ലാദേശ്‌ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ മാനേജറായും, 2014 ഓഗസ്റ്റ്‌ മുതൽ 2016 ജൂൺ വരെ ടീം ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. ശാസ്ത്രി ടീം ഡയറക്ടറായിരിക്കെ, 2015 ലെ ഐസിസി ലോകകപ്പിൽ ഇന്ത്യ സെമിയിൽ കടന്നിരുന്നു.
ഡയറക്ടറെന്ന നിലയിൽ രവി ശാസ്ത്രിയുടെ കീഴിൽ എട്ട്‌ ടെസ്റ്റും 16 ഏകദിനവും 20 ട്വന്റിയും ഇന്ത്യ കളിച്ചിട്ടുണ്ട്‌. എട്ട്‌ ടെസ്റ്റിൽ അഞ്ച്‌ മൽസരം വിജയിക്കുകയും രണ്ട്‌ മൽസരത്തിൽ പരാജയപ്പെടുകയും ചെയ്തപ്പോൾ ഒരു മൽസരം സമനിലയിലും പിരിഞ്ഞു. ഏകദിനത്തിൽ 16 മൽസരത്തിൽ നിന്ന്‌ ഏഴ്‌ മൽസരത്തിൽ മാത്രമേ ഇന്ത്യക്ക്‌ ജയിക്കാനായുള്ളു.
1981 ലാണ്‌ രവിശാസ്ത്രി ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ ഇടംനേടുന്നത്‌. അതേവർഷം ഏകദിനടീമിലും ശാസ്ത്രി ഇടംപിടിച്ചു. 80 ടെസ്റ്റുകളിൽ നിന്നായി 35.79 ശരാശരിയോടെ 3830 റൺസ്‌ നേടി. 151 ടെസ്റ്റ്‌വിക്കറ്റുകളും നേടിയിട്ടുള്ള ശാസ്ത്രിയെ ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടറുകളിലൊരാളായാണ്‌ കണക്കാക്കുന്നത്‌.

ഉപാധികളോടെ നിയമനം
മുംബൈ: പുതിയ കോച്ചിന്റെ നിയമനത്തോടൊപ്പം ക്രിക്കറ്റ്‌ ഉപദേശകസമിതി കൈക്കൊണ്ടത്‌ ടീമിൽ കോച്ചിന്റെയും നായകന്റെയും സ്വാധീനം കുറയുന്ന തരത്തിലുള്ള തന്ത്രപരമായ നീക്കങ്ങൾ. സഹീർ ഖാനെ ബൗളിങ്‌ കോച്ചായും രാഹുൽ ദ്രാവിഡിനെ ബാറ്റിങ്‌ ഉപദേശകനായുമാണ്‌ ബിസിസിഐ നിയോഗിച്ചിരിക്കുന്നത്‌.
കോലി രവിശാസ്ത്രിയെ പിന്തുണച്ചതോടെ അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ സമിതി തീരുമാനിച്ചു. എന്നാൽ കോച്ചിങ്‌ സ്റ്റാഫിനെയടക്കം നിയമിക്കുന്ന കാര്യത്തിൽ ഉപദേശകസമിതി ശക്തമായ ഇടപെടൽ നടത്തി.ഗാംഗുലിയുടെ നിർദ്ദേശമനുസരിച്ചാണ്‌ സഹീർ ഖാനെ ബൗളിങ്‌ കോച്ചായി നിയമിച്ചിരിക്കുന്നത്‌. ഭരത്‌ അരുണിനെ ബൗളിങ്‌ കോച്ചായി നിലനിർത്തണമെന്നായിരുന്നു കോലിയുടെയും ശാസ്ത്രിയുടെയും ആഗ്രഹം. എന്നാൽ ഇക്കാര്യത്തിൽ നായകനും കോച്ചും വഴങ്ങേണ്ടിവന്നു.
രാഹുൽ ദ്രാവിഡിനെ ബാറ്റിങ്‌ കൺസൾട്ടന്റാക്കണമെന്ന ഗാംഗുലിയുടെ അഭിപ്രായവും നടപ്പിലാക്കിയതോടെ കോച്ചെന്ന നിലയിൽ രവിശാസ്ത്രിയുടെ ശക്തി കുറയുമെന്നാണ്‌ സൂചന. ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിലാകും രാഹുൽ ദ്രാവിഡിന്റെ സേവനം ഉപയോഗപ്പെടുത്തുക. ഇന്ത്യ എ ടീം പരിശീലകൻ കൂടിയാണ്‌ രാഹുൽ ദ്രാവിഡ്‌.