നാടെങ്ങും മനപ്പായസ പൊങ്കാലക്കാലം!

നാടെങ്ങും മനപ്പായസ പൊങ്കാലക്കാലം!
April 18 04:55 2017

വാതിൽപ്പഴുതിലൂടെ
ദേവിക

ചന്ദനത്തിരിയുടെ ഒരു പരസ്യത്തിൽ പറയുന്നത്‌ പ്രാർഥിക്കാൻ ഒരു കാരണം വേണ്ടേ എന്നാണ്‌. ഒരു പ്രത്യേക ബ്രാൻഡ്‌ ചന്ദനത്തിരി കൊളുത്തി അതിന്റെ ധൂപസുഗന്ധം ആസ്വദിക്കാൻ വേണ്ടിയാണ്‌ പലരും പ്രാർഥിക്കുന്നതെന്നാണ്‌ പരസ്യവാചകത്തിന്റെ പൊരുൾ.
ആറ്റുകാൽ പൊങ്കാലയർപ്പിച്ച്‌ അനന്തപുരിയെ യാഗശാലയാക്കുന്ന മങ്കമാർക്ക്‌ ആ പ്രാർഥനയ്ക്ക്‌ ഒരു കാരണമുണ്ട്‌. അടുത്ത ഒരു വർഷത്തെ അഷ്ടൈശ്വര്യ സമൃദ്ധി. ചന്ദ്രഭഗവാനെ പ്രീതിപ്പെടുത്താൻ ചന്ദ്രപൊങ്കാലയിടുന്നവരാണ്‌ മറ്റൊരു കൂട്ടർ. അങ്ങനെ പലതരം പൊങ്കാലകളും നാനാതരം പായസങ്ങളും പ്രഥമനുകളും നമ്മുടെ നാവുകൾക്കു സുപരിചിതമായ രുചികൾ. അതുകൊണ്ടാണല്ലോ കനകക്കുന്നിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പായസമേളകൾക്ക്‌ ജനം ഇടിച്ചുകയറുന്നത്‌. ചക്കപ്രഥമനും അടപ്രഥമനും കടലപ്രഥമനും പഴപ്രഥമനും ചേനപ്രഥമനും എന്തിന്‌ കപ്പപ്രഥമൻ പോലും നമ്മുടെ വൈവിധ്യങ്ങളായിരിക്കുന്നു.
ഇതിനെല്ലാമിടയിൽ ദേ പ്രതിപക്ഷത്തിന്റെ നളന്മാർ പുതിയൊരു പായസം കണ്ടുപിടിച്ചിരിക്കുന്നു. മനപ്പായസം! ഭരണപക്ഷത്തെ നേതാക്കൾ നാല്‌ വർത്തമാനം പറഞ്ഞാൽ ഉടൻ ഹസനും ചെന്നിത്തലയും അവരുടെ അസ്മാദികളും ചേർന്ന്‌ നാടെങ്ങും മനപ്പായസ പൊങ്കാലയിടലായി. പിണറായി സർക്കാരിന്റെ പതനം, സിപിഐ-സിപിഎം തമ്മിലടി, മലപ്പുറം എന്നിങ്ങനെ ആകെ വൈവിധ്യമാർന്ന മനപ്പായസ പൊങ്കാല മേളം. പൊങ്കാലയിട്ട ശേഷം തലയിൽ കൂപ്പുകയ്യുമായി ഉള്ളുരുകി പ്രാർഥിക്കും. ഈ സർക്കാർ തുലഞ്ഞുപോണേ, ഇടതുമുന്നണിയിൽ ഇടിത്തീ വീഴണേ എന്നൊക്കെ!
മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതോടെ പ്രതിപക്ഷം പിന്നെയും അടുപ്പുകൂട്ടി മനപ്പായസം വച്ചു. എന്നാൽ ഈ പായസമേള പ്രാർഥിക്കാൻ തക്ക കാര്യങ്ങളൊന്നും നൽകുന്നില്ലെന്ന്‌ പൊങ്കാലമങ്കകളായ രമേശിനും ഹസനും ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമെല്ലാം നന്നായറിയാം. ഞങ്ങളുടെ തറവാട്ടിൽ കാര്യക്കാരനായി ഒരു കുട്ടപ്പനുണ്ടായിരുന്നു. ഒരു രൂപ കൊടുത്തിട്ട്‌ എട്ടണയുടെ പഞ്ചസാര വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാൽ കടലാസുകുമ്പിളിൽ പഞ്ചസാര വാങ്ങിയെത്തും. പതിനാറണയാണ്‌ അന്നത്തെ ഒരു രൂപ. എട്ടണയുടെ പഞ്ചസാര കഴിഞ്ഞ്‌ ബാക്കി എട്ടണയെവിടെ എന്ന്‌ ചോദിച്ചാൽ എട്ടണയ്ക്കല്ലേ പഞ്ചസാര വാങ്ങിയതെന്നാവും കുട്ടപ്പന്റെ വിശദീകരണം. ആവർത്തിച്ചു ചോദിച്ചാലും ആ ബാക്കി എട്ടണയ്ക്കല്ലേ പഞ്ചസാര വാങ്ങിയതെന്നാവും മറുപടി. കാരണവർ തല്ലാൻ വടിയെടുക്കുമ്പോൾ ബാക്കി എട്ടണ മടിക്കുത്തിൽ നിന്നും കൂളായി പുറത്തുവരും.
കുട്ടപ്പന്റെ പഴയ എട്ടണ കണക്ക്‌ പോലെയാണ്‌ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ട്‌ കണക്ക്‌. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന്റെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഭൂരിപക്ഷം രണ്ട്‌ ലക്ഷത്തോളം. ഇത്തവണ അത്‌ ഒന്നേമുക്കാൽ ലക്ഷം പോലും തികച്ചു ഭൂരിപക്ഷമില്ല ജയിച്ച കുഞ്ഞാലിക്കുട്ടിക്ക്‌. പക്ഷേ ഈ കണക്ക്‌ ചൂണ്ടിക്കാട്ടിയാൽ കഥയിലെ കുട്ടപ്പന്റെ പഞ്ചസാര കണക്ക്‌ പറയും. കുഞ്ഞാലിക്കുട്ടിയുടെ വോട്ടിലെ വർധന എഴുപതിനായിരം. ഇടതുമുന്നണി സ്ഥാനാർഥി ഫൈസലിന്റെ വർധന ഒരു ലക്ഷത്തിൽ പരമാണോ എന്ന്‌ പറഞ്ഞാൽ പിന്നെയും കഥയിലെ കുട്ടപ്പന്റെ പഴയ പഞ്ചാരന്യായം. ഇടതുമുന്നണി ഭരണത്തിൻ കീഴിൽ മുന്നണി സ്ഥാനാർഥിക്ക്‌ ഒരു ലക്ഷത്തിലേറെ ജനങ്ങളുടെ പിന്തുണയേറിയെന്ന കണക്കിനെന്ത്‌ പ്രസക്തിയെന്ന്‌ പ്രതിപക്ഷത്തെ അങ്കഗണിത ശാസ്ത്രജ്ഞർ ചോദിക്കുമ്പോൾ ‘എന്റെ കാൽക്കുലേറ്ററിലെ കണക്കനുസരിച്ച്‌’ എന്ന്‌ പറഞ്ഞ്‌ ആര്യാടൻ മുഹമ്മദ്‌ എന്ന കണക്കപ്പിള്ളയുടെ വിശകലനത്തിന്‌ കാത്തിരിക്കാം.
പത്തുകോടിയുടെ സ്വർണം പതിച്ച കോട്ട്‌, 11 കിലോമീറ്റർ നീളമുള്ള സാരി. പ്രധാനമന്ത്രി മോഡി ഗിന്നസ്ബുക്കിൽ കയറിപ്പറ്റാൻ പെടുന്ന പാടുകണ്ടാൽ കരഞ്ഞുപോകും. രണ്ട്‌ ദിവസത്തെ ഗുജറാത്ത്‌ സന്ദർശനത്തിനെത്തുന്ന മോഡിയെ വരവേൽക്കാൻ വിമാനത്താവളം മുതൽ അദ്ദേഹം പള്ളിയുറങ്ങുന്ന സർക്യൂട്ട്‌ ഹൗസ്‌ വരെ 11 കിലോമീറ്റർ ദൂരം ഒരു സാരി വലിച്ചുകെട്ടിയാണത്രേ വരവേൽപ്‌. സാരി വെറും സാരിയല്ല. നെടുങ്കൻ സാരിയിൽ അങ്ങിങ്ങ്‌ മോഡിയുടെ അറുബോറൻ മുഖം ആലേഖനം ചെയ്തിരിക്കും. പോരാഞ്ഞ്‌ അച്ഛേദിൻ, സ്വച്ഛഭാരത്‌, കോർപ്പറേറ്റ്‌ ചരിതം കഥകളി എന്നിവയുമുണ്ടാകും. ഒപ്പം നോട്ട്‌ നിരോധന ദുരിതപർവത്തിന്റെ മ്യൂറൽപെയിന്റിങ്ങുകളും. ഈ നെടുനീളൻ സാരി മുറിച്ച്‌ ഉടുതുണിയില്ലാത്ത ഗുജറാത്തി പെണ്ണുങ്ങൾക്ക്‌ ദാനം ചെയ്തിരുന്നെങ്കിൽ എന്നൊന്നും ചിന്തിച്ച്‌ മനസ്‌ പുണ്ണാക്കേണ്ട. താലി കെട്ടി രായ്ക്കുരാമാനം ഭാര്യ യശോദാബന്നിനെ ഉപേക്ഷിച്ച മോഡിക്കുണ്ടാവുമോ സ്ത്രീകളോടു കരുണ.
ഐഎഎസുകാരനെന്നതിലുപരി എൻഎസ്‌ നമുക്ക്‌ പ്രിയങ്കരനാവുന്നത്‌ എഴുത്തുകാരനെന്ന നിലയിലാണ്‌. പക്ഷേ അദ്ദേഹത്തിൽ ഒരു ഹാസ്യസാഹിത്യകാരൻ ഒളിഞ്ഞിരുപ്പുണ്ടെന്ന്‌ ഇപ്പോഴല്ലേ അറിയുന്നത്‌. പ്രാർഥിക്കാൻ ഒരു കാരണം വേണമെന്നു പറയുന്നതുപോലെ സമരിക്കാനും ഒരു കാരണം വേണമല്ലോ. കാരണം കണ്ടുപിടിച്ച്‌ സമരത്തിനിറങ്ങുന്ന കസേര പോയ മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനെ തന്റെ ഹാഷ്ടാഗ്‌ പോസ്റ്റിലൂടെ മാധവൻ നിർത്തിപ്പൊരിക്കുന്നു. പേരൂർക്കടയിലെ വിദേശമദ്യഷാപ്പ്‌ സുധീരൻ താമസിക്കുന്ന തലസ്ഥാനത്തെ ഗൗരീശപട്ടത്തേയ്ക്ക്‌ മാറ്റുന്നതിനെതിരെയാണ്‌ സുധീരന്റെ അങ്കം. മാധവൻ പറയുന്നത്‌ എക്സൈസ്‌ നിയമത്തിലെ ദൂരപരിധി ചട്ടങ്ങളിൽ വിദ്യാലയത്തിനും ആരാധനാലയത്തിനും നിശ്ചിത പരിധിക്കുള്ളിൽ മദ്യഷാപ്പ്‌ പാടില്ലെന്നേയുള്ളുവെന്നാണ്‌. നിയമത്തിലെ ദൂരപരിധിയിൽ സുധീരന്റെ വീടിനടുത്ത്‌ മദ്യശാല പാടില്ലെന്നും പറഞ്ഞിട്ടില്ല. അപ്പോൾ സുധീരൻ കുഞ്ഞുകുട്ടി പരാതീനങ്ങളും കൂടുംകുടുക്കയുമായി വീടുമാറി പോകണമെന്നു പറയുന്ന മാധവന്റെ മനസിൽ ഒരു കുടിയൊഴിപ്പിക്കൽകാരനും കുടികൊള്ളുന്നുവോ എന്ന്‌ സന്ദേഹം.
ചിലരൊക്കെ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന്‌ കാണിക്കാൻ ചിലപ്പോൾ ഫെയിസ്ബുക്ക്‌ പോസ്റ്റിൽ കയറി ആക്രോശിക്കും. മറ്റുചിലർ പ്രസ്താവനയിറക്കി ചാനൽ ശീർഷകം പോലെ ‘ഞാൻ ഇവിടെത്തന്നെയുണ്ട്‌’ എന്ന്‌ വിളിച്ചുകൂവും. ജിഷ്ണുപ്രണോയിയുടെ ദാരുണാന്ത്യവും ആ കുട്ടിയുടെ കുടുംബവും പൊതുസമൂഹവും അനുഭവിക്കുന്ന മാനസിക നൊമ്പരങ്ങളും അത്ര വലിയ കാര്യമാണോ എന്ന്‌ ചോദിക്കുന്നത്‌ സാക്ഷാൽ വക്കം പുരുഷോത്തമൻ. മന്ത്രിയും ഗവർണറുമൊക്കെയായി വിരാജിച്ച ‘വർഗം പുരുഷു’ ഈ പ്രസ്താവനയിലൂടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ മാലോകരറിഞ്ഞു. കോൺഗ്രസ്‌ എന്ന്‌ നെറ്റിയിൽ മേൽവിലാസമെഴുതി ഒട്ടിച്ചിട്ടുണ്ടെന്ന്‌ കരുതി കുമാരപുരം കൊട്ടാരത്തിലിരുന്ന്‌ തൊണ്ണൂറാം പക്കത്ത്‌ കാട്ടാളഭാഷയിൽ സംസാരിക്കരുതെന്നേ പൊതുസമൂഹത്തിന്‌ ഈ സടയും പല്ലും കൊഴിഞ്ഞ സിംഹത്തോട്‌ അഭ്യർഥിക്കാനുള്ളു.
പുരി ജഗന്നാഥഭഗവാൻ പോലും ബിജെപിയോടൊപ്പമില്ലെന്നുള്ള ലക്ഷണങ്ങൾ മലപ്പുറത്ത്‌ കണ്ടു തുടങ്ങി. കുതന്ത്രങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിടിക്കാൻ ഭുവനേശ്വറിൽ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിനിടയിൽ മോഡി പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭഗവാനെ മുട്ടിപ്പായി പ്രാർഥിച്ചു. സമ്മേളനം കഴിഞ്ഞു പടിയിറങ്ങുമ്പോൾ മലപ്പുറത്തുനിന്ന്‌ വെള്ളിടി പോലെ ഒരു വാർത്ത. അവിടെ ബിജെപി സ്ഥാനാർഥിയുടെ കട്ടയും പടവും മടങ്ങിയെന്ന്‌. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന്‌ നാല്‌ സീറ്റ്‌ പിടിക്കാമെന്ന ഭുവനേശ്വർ കുതന്ത്രശിബിരത്തിന്റെ പദ്ധതി പാളി. നേമത്ത്‌ ചക്ക വീണ്‌ ഒരു രാജഗോപാൽ ജയിച്ചെന്ന്‌ കരുതി ചക്ക വീഴുമ്പോഴെല്ലാം രാജഗോപാലന്മാർ താമരക്കുമ്പിളായി വിടരുമെന്ന്‌ ഏത്‌ കിത്താബിലാണ്‌ എഴുതി വച്ചിരിക്കുന്നത്‌. അതും ഒരു മനപ്പായസം.
കെപിസിസി പ്രസിഡന്റായി പുതിയൊരാളെ പ്രതിഷ്ഠിക്കാൻ ചെന്നിത്തലയേയും സുധീരനേയും ഉമ്മൻചാണ്ടിയേയും രാഹുൽമോൻ ഡൽഹിക്ക്‌ വിളിപ്പിച്ചിരിക്കുന്നു. പ്രസിഡന്റായ ഹസനെ ഇത്‌ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. പ്രസിഡന്റായ താനറിയാതെ എന്ത്‌ ചർച്ചയെന്ന്‌ ഹസന്റെ ചോദ്യം. കെഎസ്‌ആർടിസിയുടെ ഉന്നതതല നയരൂപീകരണ ചർച്ചകളിലേയ്ക്ക്‌ എംപാനലുകാരെ വിളിക്കാറില്ല ഹസൻ സാഹിബ്ബേ.

  Categories:
view more articles

About Article Author