നാട്ടിലേക്ക്‌ പണമയയ്ക്കുന്ന പ്രവാസികളെ പിഴിയുന്നു

നാട്ടിലേക്ക്‌ പണമയയ്ക്കുന്ന പ്രവാസികളെ പിഴിയുന്നു
April 18 04:45 2017

കെ രംഗനാഥ്‌
ദുബായ്‌: പ്രവാസികൾ നാട്ടിലേക്ക്‌ അയയ്ക്കുന്ന പണത്തിന്‌ നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം ഗൾഫിലെങ്ങും ശക്തമാകുന്നതിനിടയിൽ ബാങ്കുകളും വിദേശനാണ്യ വിനിമയസ്ഥാപനങ്ങളും ആവിഷ്കരിച്ച പുതിയൊരു പിഴിയൽ തന്ത്രം ഇന്നലെ നിലവിൽ വന്നു.
ഇതനുസരിച്ച്‌ നാട്ടിലേക്ക്‌ 18,000 രൂപ അയക്കുന്ന ഒരു സാധാരണ തൊഴിലാളിപോലും 400 രൂപ പണമയക്കുന്നതിനുളള ചാർജായി മണി എക്സ്ചേഞ്ചുകൾക്ക്‌ നൽകണം. നിലവിലുള്ള നിരക്കിൽ നിന്നും വൻവർധനയാണിത്‌. അബുദാബിയിലും ദുബായിലും ഷാർജയിലും ഇതു നിലവിൽ വന്നു കഴിഞ്ഞു. റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ മറ്റ്‌ യുഎഇ എമിറേറ്റുകളിലും കുവൈറ്റ്‌, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ ഗൾഫ്‌ രാജ്യങ്ങളിലുമുള്ള മണിഎക്സ്ചേഞ്ചുകളും താമസിയാതെ ഈ പിഴിയൽ വഴിക്കുനീങ്ങും. ഗൾഫ്‌ കൗൺസിൽ ഓഫ്‌ റമിറ്റൻസ്‌ എന്ന വിദേശനാണ്യവിനിമയ എക്സ്ചേഞ്ചുകളുടെ സംഘടന ഈ സൂചന നൽകിക്കഴിഞ്ഞു. ഗൾഫ്‌ ബാങ്കുകളും പണമയയ്ക്കുന്ന ചാർജ്ജ്‌ 18,000 രൂപയ്ക്ക്‌ 300 രൂപയോളമാക്കി ഉയർത്തിക്കഴിഞ്ഞു.
എത്ര തുക അയച്ചാലും 18,000 രൂപയ്ക്ക്‌ ഈടാക്കുന്ന തുകയുടെ ഗുണിതങ്ങളനുസരിച്ച്‌ ആയിരിക്കും വർധന. സാധാരണ ഇന്ത്യൻ തൊഴിലാളികൾ മുണ്ടു മുറുക്കിയുടുത്ത്‌ നാട്ടിലേക്ക്‌ 30,000 രൂപ മുതൽ 50,000 രൂപവരെ അയയ്ക്കാറുണ്ട്‌. 18,000 രൂപയുടെ ഗുണിതങ്ങളായി കണക്കാക്കുമ്പോൾ രണ്ടും മൂന്നും ഇരട്ടി വർധിപ്പിച്ച തുകയാണ്‌ നൽകേണ്ടത്‌. അതായത്‌ 1200 രൂപവരെ അധികം നൽകണം. മൂന്നുവർഷം മുമ്പ്‌ നിശ്ചയിച്ച നിരക്കായതിനാലാണ്‌ പുതിയ വർധനയെന്നാണ്‌ ഈ പിഴിച്ചിലിനു മണിഎക്സ്ചേഞ്ചുകളും ബാങ്കുകളും പറയുന്ന ന്യായീകരണം. ഒൻപതു മാസം കഴിയുമ്പോൾ ജീവിതച്ചെലവ്‌ കുത്തനെ ഉയർത്തുന്ന അഞ്ച്‌ ശതമാനം മൂല്യവർധിത നികുതി പ്രവാസികൾക്കും ഒരു വെള്ളിടി പോലെ വരാനിരിക്കെയാണ്‌ ഇപ്പോഴത്തെ ഈ ഊറ്റിക്കുടിക്കൽ.

view more articles

About Article Author