നാണം കെടുത്തി ക്രിക്കറ്റ്‌..!

നാണം കെടുത്തി ക്രിക്കറ്റ്‌..!
June 19 04:45 2017

ഓവൽ: ചാമ്പ്യൻസ്‌ ട്രോഫി ടൂർണമെന്റ്‌ ഫൈനലിൽ ഇന്ത്യക്ക്‌ പാകിസ്ഥാനെതിരെ അതി ദയനീയ പരാജയം.180 റൺസിന്റെ പടുകൂറ്റൻ വിജയമാണ്‌ വിരാട്‌ കോലിയും സംഘവും പാക്‌ പടയ്ക്ക്‌ സമ്മാനിച്ചത്‌. പാകിസ്ഥാൻ മുന്നോട്ട്‌ വച്ച 339 റൺസ്‌ എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ്‌ നിര കേവലം 30.3 ഓവർ പൂർത്തിയായപ്പോഴേക്കും ആൾ ഔട്ടാവുകയായിരുന്നു. 76 റൺസുമായി ഹാർദിക്‌ പാണ്ഡ്യ മാത്രമാണ്‌ ഇന്ത്യക്ക്‌ വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.
പിന്നാലെ ഹസൻ അലിയും ഷദാബ്‌ ഖാനും ആഞ്ഞടിച്ചതോടെയാണ്‌ ഇന്ത്യൻ കിരീട പ്രതീക്ഷകൾ വെള്ളത്തിലായി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ അക്കൗണ്ട്‌ തുറക്കും മുമ്പ്‌ രോഹിത്‌ ശർമയെ വിക്കറ്റിനു മുന്നിൽ കുടുക്കി ആമിർ ഇന്ത്യയുടെ നെഞ്ചിൽ ആദ്യ മുറിവേൽപ്പിച്ചു. തൻറെ രണ്ടാം ഓവറിൽ അഞ്ചു റൺസ്‌ നേടിയ കോലിയെ ഷദാബ്‌ ഖാന്റെ കൈയിലെത്തിക്കാനും ആമിറിനു കഴിഞ്ഞു.
ഒമ്പതാം ഓവറിലെ അവസാന പന്തിൽ സ്കോർ 33ൽ നിൽക്കെ ആമിറിന്റെ പന്തിൽ വിക്കറ്റ്‌ കീപ്പർക്കു പിടി നൽകി ധവാൻ മടങ്ങി. തൊട്ടുപിന്നാലെ യുവിയും ധോണിയും മടങ്ങി. ധോണി(4) ഹസൻ അലിക്ക്‌ ഇരയായപ്പോൾ ഷദാബ്‌ ഖാന്റെ ഗതിയറിയാത്ത പന്തിനു മുന്നിൽ യുവി(22) വീണു. പിന്നാലെ കൂറ്റനടിക്കു ശ്രമിച്ച കേദാർ യാദവും ഷദാബിനു വിക്കറ്റ്‌ നൽകി മടങ്ങി.
ആറ്‌ ഓവറിൽ രണ്ടു മെയ്ഡിനുൾപ്പെടെ 16 റൺസിനു മൂന്നു വിക്കറ്റാണ്‌ ഇന്ത്യൻ മുൻനിരയെ തകർത്തെറിഞ്ഞ ആദ്യ സ്പെല്ലിൽ ആമിറിന്റെ സമ്പാദ്യം. ഷദാബ്‌ ഖാൻ രണ്ടു വിക്കറ്റും ഹസൻ അലി ഒരു വിക്കറ്റും നേടി.
ടോസ്‌ നേടിയ ഇന്ത്യ ഫീൽഡിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഓപ്പണർ ഫഖർ സമാൻറെ കന്നി സെഞ്ചുറിയുടേയും അസർ അലി, മുഹമ്മദ്‌ ഹഫീസ്‌ എന്നിവരുടെ അർധസെഞ്ചുറികളുടെയും മികവിലാണ്‌ 338 റൺസ്‌ എന്ന കൂറ്റൻ സ്കോർ അക്കൗണ്ടിലെഴുതിയത്‌. അസർ അലി(59), ഫഖർ(114), മുഹമ്മദ്‌ ഹഫീസ്‌(57) എന്നിങ്ങനെയായിരുന്നു പാക്‌ ബാറ്റ്സ്മാൻമാരുടെ സൻപാദ്യം. 10 ഓവറിൽ 44 റൺസ്‌ വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്ത്തിയ ഭുവനേശ്വർ കുമാറിനു മാത്രമാണു പിടിച്ചുനിൽക്കാനെങ്കിലും കഴിഞ്ഞത്‌. കൂടാതെ എക്സ്ട്രായായി 25 റൺസും ഇന്ത്യൻ ബൗളർമാർ വഴങ്ങി.


ഇന്ത്യൻ തോൽവി തത്സമയം കണ്ടത്‌ 324 മില്യൺ ആളുകൾ
ഓവൽ: എപ്പോഴൊക്കെ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിശയിപ്പിക്കുന്ന വിധമാണ്‌ കളി കാണുന്ന ടെലിവിഷൻ പ്രേക്ഷകരുടെ ബാഹുല്യം.ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ്‌ ഫൈനലിൽ ഇന്ത്യ പാകിസ്ഥാനോട്‌ ദയനീയമായി തോറ്റെങ്കിലും മത്സരത്തിന്‌ ലഭിച്ചതും ചില്ലറ നേട്ടമൊന്നുമല്ല.ലോക വ്യാപകമായി 324 മില്യൺ ആളുകളാണ്‌ ഈ ഫൈനൽ പോരാട്ടം ടിവിയിലൂടെയും നേരിട്ടും കണ്ടത്‌.
ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മൂന്നാമത്തെ മത്സരമായി ഇത്‌ മാറി. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങളിലെല്ലാം ഒരു വശത്ത്‌ ഒരു ടീമായി ഇന്ത്യ ഉണ്ടെന്നതും ശ്രദ്ധേയമാണ്‌.
ഏറ്റവും അധികം ആളുകൾ കണ്ടിട്ടുളള ക്രിക്കറ്റ്‌ മത്സരം 2011ലെ ഇന്ത്യ ശ്രീലങ്ക ഏകദിന ലോകകപ്പ്‌ ഫൈനലാണ്‌ . 558 മില്യൺ ആളുകളാണ്‌ ആ മത്സരം കണ്ടത്‌. 2011ലെ ഇന്ത്യപാക്‌ സെമി ഫൈനൽ പോരാട്ടം 495 മില്യൺ ആളുകളും കണ്ടു.
ചാമ്പ്യൻസ്‌ ട്രോഫി ഫൈനൽ 324 മില്യൺ ആളുകൾ കണ്ടതോടെ മൂന്നാം സ്ഥാനത്ത്‌ എത്തി.
ചാമ്പ്യൻസ്‌ ട്രോഫിയിലും ഇരുടീമുകളും ഇതുവരെ നാല്‌ തവണയാണ്‌ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുളളത്‌. ഇതിൽ രണ്ട്‌ തവണ ഇന്ത്യ ജയിച്ചപ്പോൾ രണ്ട്‌ തവണ പാകിസ്താനും വിജയിച്ചു. എന്നാൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ പാകിസ്താനെതിരെ നേടാനായ വിജയം ടീം ഇന്ത്യയ്ക്ക്‌ ഫൈനലിൽ വ്യക്തമായ മേധാവിത്വം നൽകുന്നുണ്ട്‌. ചാമ്പ്യൻസ്‌ ട്രോഫിയിൽ ഏറ്റവും അതികം റൺസ്‌ കണ്ടെത്തിയ താരങ്ങളുടെ ആദ്യ അഞ്ച്‌ പേരുടെ പട്ടികയിൽ ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാരായ രോഹിത്ത്‌ ശർമ്മ, ശിഖർ ധവാൻ, വിരാട്‌ കോലി എന്നിവരുണ്ട്‌. ടൂർണമെന്റിൽ യഥാക്രമം 304, 317, 253 റൺസ്‌ എന്നിങ്ങനെയാണ്‌ സ്കോർ ചെയ്തത്‌.

  Categories:
view more articles

About Article Author