നിനക്കുള്ള കത്തുകൾ (ജിജിയുടെ പപ്പുവിന്‌)

നിനക്കുള്ള കത്തുകൾ (ജിജിയുടെ പപ്പുവിന്‌)
January 06 04:50 2017

സരിത കൃഷ്ണൻ

ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ അറിയാമായിരുന്നിട്ടും ജിജി പ്രണയിക്കുകയാണ്‌. തനിക്ക്‌ സന്തോഷിനോടുള്ള പ്രണയത്തിന്റെ തീവ്രത അറിയാതെ അവനെ കൂട്ടിക്കൊണ്ടുപോയ മരണത്തെ പോലും അവൾ കുറ്റപ്പെടുത്തുന്നില്ല. ശ്വസിക്കുന്ന വായുവിലും, കാണുന്ന ഓരോ കാഴ്ചകളിലും, അറിയുന്ന ഓരോ വസ്തുവിലും ജിജി സന്തോഷിനെ പ്രണയിക്കുകയാണ്‌. എവിടെയോ യാത്രപോയ അവനായി അവൾ കത്തുകൾ എഴുതി കാത്തിരിക്കുകയാണ്‌

പ്രണയം ഉള്ളിൽ നിറയ്ക്കുന്നത്‌ വല്ലാത്തൊരു അനുഭൂതിയാണ്‌. സ്നേഹത്തിന്റെ, ആർദ്രതയുടെ അങ്ങനെ പലതിന്റെയും. പക്ഷേ, ജിജിക്ക്‌ സന്തോഷെന്ന കാമുകനോട്‌, ഭർത്താവിനോട്‌, തന്റെ കുട്ടികളുടെ അച്ഛനോട്‌ ഉള്ളിൽ നിറയുന്ന പ്രണയം മറ്റുള്ളവരിൽ നിറയ്ക്കുന്നതത്രയും നെഞ്ചുനനയുന്ന ഓർമ്മകളാണ്‌.
ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ അറിയാമായിരുന്നിട്ടും ജിജി പ്രണയിക്കുകയാണ്‌. തനിക്ക്‌ സന്തോഷിനോടുള്ള പ്രണയത്തിന്റെ തീവ്രത അറിയാതെ അവനെ കൂട്ടിക്കൊണ്ടുപോയ മരണത്തെ പോലും അവൾ കുറ്റപ്പെടുത്തുന്നില്ല. ശ്വസിക്കുന്ന വായുവിലും, കാണുന്ന ഓരോ കാഴ്ചകളിലും, അറിയുന്ന ഓരോ വസ്തുവിലും ജിജി സന്തോഷിനെ പ്രണയിക്കുകയാണ്‌. എവിടെയോ യാത്രപോയ അവനായി അവൾ കത്തുകൾ എഴുതി കാത്തിരിക്കുകയാണ്‌. അങ്ങനെ എഴുതിയ കത്തുകൾ കൂട്ടിവച്ച്‌ ഗ്രീൻപെപ്പർ പബ്ലിക്ക്‌ പ്രസിദ്ധീകരിച്ച നിനക്കുള്ള കത്തുകൾ എന്ന പുസ്തകം അടുത്തയിടെ പുറത്തിറങ്ങിക്കഴിഞ്ഞു. ഓരോ വായനക്കാരിലും പ്രണയത്തിന്റെ കണ്ണുനിറയ്ക്കുന്ന എരുവിന്റെ ചേരുവ ആ എഴുത്തുകളിൽ കാണാം.
ഞെട്ടിപ്പിക്കുന്ന…ഓർക്കുന്തോറും സങ്കടം പെരുക്കുന്ന ആത്മഹത്യ അതായിരുന്നു നടനും എഴുത്തുകാരനുമായ സന്തോഷ്‌ ജോഗിയുടേത്‌. സിനിമയിൽ തിരക്കേറിയ താരമായ ദിവസങ്ങളിലൊന്നായിരുന്നു ജിജിയേയും രണ്ടു പെൺകുഞ്ഞുങ്ങളേയും വിട്ട്‌ പെട്ടെന്നാ ആത്മഹത്യ. ആറുവർഷങ്ങൾക്ക്‌ മുൻപ്‌. 2010 ഏപ്രിൽ 13ന്‌ സന്തോഷ്‌ ജീവിതത്തിൽ നിന്ന്‌ സ്വയം വിടവാങ്ങി.
17 വയസുള്ള പ്ലസ്ടുക്കാരിയായ ജിജി സന്തോഷിനെ കണ്ടുമുട്ടുന്നത്‌ ഗാനമേളയ്ക്ക്‌ പാട്ടുപാടാനെത്തുന്ന പകരക്കാരനായാണ്‌. മരണത്തെ ഭ്രാന്തമായി സ്നേഹിക്കുന്ന, ചിന്തയിലും, പ്രവൃത്തികളിലും ഏറെ വ്യത്യസ്തത പുലർത്തുന്ന സന്തോഷിനെ അവൾ ജീവന്റെ പാതിയാക്കി. കണ്ടുമുട്ടി പ്രണയത്തിലായി മാസങ്ങൾക്കുള്ളിൽ കൊല്ലൂർ മൂകാംബികയുടെ മുന്നിൽ വെച്ച്‌ പരസ്പരം മാലയിട്ടു.
ബയോടെക്നോളജിയിൽ ജിജി പിജിയെടുത്തു കഴിഞ്ഞാണ്‌ ഒന്നിച്ചു താമസം തുടങ്ങിയത്‌. ഒന്നിച്ചുള്ള ആ ജീവിതത്തിനിടയിലാണ്‌ ജോഗിയുടെ ആദ്യത്തെ സിനിമ വരുന്നത്‌ സനൽ എന്ന സുഹൃത്തിന്റെ ടൂവീലർ. പിന്നീട്‌ ഇരുവട്ടം മണവാട്ടിയും, കീർത്തി ചക്രയുമെത്തി. രാജമാണിക്യത്തിലെത്തിയപ്പോൾ ജോഗി ശരിക്കും താരമായി. പ്രതിഭയുള്ള നടനെന്ന്‌ എല്ലാവരും വിലയിരുത്തി. സാമ്പത്തികപ്രശ്നമൊക്കെ പരിഹരിച്ച്‌ ജീവിതം കൂടുതൽ സന്തോഷകരമായി. ഇതിനിടയിൽ കൂടുതൽ സന്തോഷവുമായി ചിത്രലേഖയും കപിലയുമെത്തി.
പുലിജന്മം, അലിഭായ്‌, ബിഗ്ബി, ഛോട്ടാബൂംബെ, മായാവി, നസ്രാണി, ജൂലൈ 4, മലബാർ വെഡ്ഡിങ്‌, കുരുക്ഷേത്ര, മുല്ല, പോക്കിരിരാജ, അപൂർവ്വരാഗം, ക്രിസ്ത്യൻ ബ്രദേഴ്സ്‌… ജോഗിയുടെ സിനിമകൾ നീണ്ടു. തിരക്കുള്ള നടനായി.
പക്ഷേ, പപ്പു പോയി, ഈ സന്തോഷങ്ങളിൽ നിന്നെല്ലാം. തന്റെ പപ്പുവിന്‌ തന്നെ തനിച്ചാക്കി പോവാനാവില്ലെന്ന്‌ ജിജി വിശ്വസിക്കുന്നു. അതുകൊണ്ട്‌ എവിടെയോ യാത്ര പോയ പപ്പുവിനോട്‌ കത്തിലൂടെ വിശേഷങ്ങൾ പറഞ്ഞ്‌ അവനെ തന്നോട്‌ ചേർത്തു നിർത്തുകയാണവൾ. ജോഗിയ്ക്കുള്ള കത്തുകളിൽ ജിജി, വെളിപ്പെടുത്തുന്നത്‌ സ്വകാര്യതകൾക്കുള്ളിൽ…പ്രണയത്തിനുള്ളിൽ…വ്യക്തിപരമായി അടയാളപ്പെടുന്ന ജോഗിയെയാണ്‌. അകാലത്ത്‌ ആത്മഹത്യചെയ്ത നടൻ എന്ന്‌ ജോഗി അറിയപ്പെടരുത്‌ ജിജി പറയുന്നു.
എന്തിനേയും പ്രണയത്തോടെ നോക്കി കാണാനുള്ള ശീലം ജോഗിയിൽ നിന്നാണ്‌ തനിക്ക്‌ ലഭിച്ചതെന്ന്‌ ജിജി പറയുന്നു. ജിജി കത്തുകളിൽ പറയുന്നതു പോലെ, എഴുതുന്നതെല്ലാം പിന്നിൽ വന്നു നിന്ന്‌ ജോഗി വായിക്കുന്നുണ്ടെന്നോർത്തോർത്ത്‌ എഴുതിയ…36 കത്തുകൾ. ഇഷ്ടത്തിന്റേയും വെറുപ്പിന്റേയും രണ്ടറ്റങ്ങളുള്ള ഒരാളുടെ… ഒത്തുതീർപ്പുകളുടെ നടുഭാഗമില്ലാത്ത പപ്പുവിന്റെ ജീവിതമാണവിടെ.
എന്റെ പപ്പൂ, എന്റെ നിനക്ക്‌, എന്ന്‌ തുടങ്ങുന്ന കത്തുകൾ പലതും അവസാനിക്കുന്നത്‌ നിന്റെ ഞാൻ എന്ന കയ്യൊപ്പിലാണ്‌. എഴുതുന്ന ജിജിയുടെ ചെവിക്കു പിന്നിൽ ഉമ്മയുമായെത്തുന്ന സന്തോഷും, അവന്റെ ഭ്രാന്തമായ ചിന്തകളിലും യാത്രകളിലും അതേ ഭ്രാന്തുമായി കൂട്ടുകൂടിയിരുന്ന ജിജിയും എഴുത്തിൽ നിറയുന്നു. ഇത്രയേറെ ഭ്രാന്തമായി, വശ്യമായി പ്രണയിക്കാമെന്ന്‌ തോന്നിപ്പോകും ഓരോ എഴുത്തുകളും വായിക്കുമ്പോൾ.
ജിജി രണ്ടുവർഷം മുൻപു വരെ സോഷ്യൽ മീഡിയയ്ക്ക്‌ പുറത്തായിരുന്നു. ഒരു വർഷം മുൻപാണ്‌ കാരണമൊന്നുമില്ലാതെ ജോഗിക്കുള്ള കത്തുകൾ ജിജി എഴുതി തുടങ്ങിയത്‌. ജോഗിയുള്ളപ്പോഴും എഴുതുമായിരുന്നുവെങ്കിലും കവിതയും ഓർമ്മകളുമെല്ലാം ജിജി എഴുതി. ജിജിയും എഴുത്തുകളും പുറത്തേയ്ക്കെത്തി.
ജിജി ഇപ്പോഴും ഗായികയാണ്‌. കെ.പി പത്രോസ്‌ കണ്ടംകുളത്തി വൈദ്യശാലയിലെ റിസർച്ച്‌ ഹെഡാണ്‌. സുസ്മേഷ്‌ ചന്ദ്രോത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രകാരി ‘പത്മിനി’യെ കുറിച്ചുള്ള ചലച്ചിത്രത്തിലൂടെ സിനിമയിലും അഭിനയിച്ചു തുടങ്ങുകയാണ്‌.
ജോഗിയില്ലാത്ത കാലത്തെഴുതിയ 101 കവിതകൾ പ്രണയസൂക്തങ്ങൾ എന്നപേരിൽ പുസ്തകമാകും ഉടൻ. ഫേസ്ബുക്കിൽ എഴുതിയ ഗ്രാമവഴികൾ എന്ന കുറിപ്പുകളും പുസ്തകമായി പുറത്തെത്തും. ജിജി കണ്ടിട്ടുള്ള ഗ്രാമക്കാഴ്ചകൾ… മക്കൾ കാണാത്ത കാഴ്ചകളാണത്‌. രണ്ടു പുസ്തകങ്ങളിലും ജോഗി നിറയുമ്പോൾ, മൂന്നാമത്തേതിൽ ചിത്രലേഖയേയും കപിലയേയും പോലുള്ള മക്കളോടാണ്‌ ജിജി കാഴ്ചകൾ പങ്കുവെയ്ക്കുന്നത്‌.

view more articles

About Article Author