നിയമസഭാ തെരഞ്ഞെടുപ്പുകൾ

January 08 05:00 2017

ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പൂർ എന്നീ അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി നാല്‌ മുതൽ മാർച്ച്‌ എട്ടുവരെയുള്ള തീയതികളിലാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. മാർച്ച്‌ 11ന്‌ വോട്ടെണ്ണും. ഇത്‌ തികച്ചും അപ്രതീക്ഷിതമായ കാര്യമൊന്നുമല്ല. ഉത്തർപ്രദേശിൽ ഏഴ്‌ ഘട്ടങ്ങളിലായും മണിപ്പൂരിൽ രണ്ട്‌ ഘട്ടങ്ങളിലായും മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായുമാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കുന്ന സമയം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തെ വിവാദത്തിലെത്തിച്ചു. ഫെബ്രുവരി ഒന്നിന്‌ ബജറ്റ്‌ അവതരിപ്പിക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്‌. റയിൽ ബജറ്റ്‌ ഉൾപ്പെടെയാണ്‌ ഈ വർഷം പൊതു ബജറ്റ്‌ അവതരിപ്പിക്കുന്നത്‌. പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ്‌ നടക്കുന്നതിന്‌ 72 മണിക്കൂർ മുമ്പാണ്‌ കേന്ദ്ര സർക്കാരിന്റെ ബജറ്റ്‌ അവതരണം. നടപ്പാക്കാൻ കഴിയുന്നതും നടപ്പാക്കാൻ കഴിയാത്തതുമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച്‌ വോട്ട്‌ തട്ടിയെടുക്കാനുള്ള നാണംകെട്ട തന്ത്രമാണ്‌ മോഡി അവലംബിക്കുന്നത്‌. ബജറ്റിൽ നിരവധി ഇളവുകളും ക്ഷേമപദ്ധതികളുമൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പ്രഖ്യാപിക്കും. ഇതൊക്കെതന്നെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്‌. തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചതോടെ നിയമപരമായി പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തി. ഇതിനുമുമ്പും ബജറ്റ്‌ അവതരണത്തിന്റെ തീയതി മാറ്റിയ സംഭവമുണ്ട്‌. 2012 ലും ഇതേപോലെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ ബജറ്റ്‌ അവതരണം മാറ്റിവച്ചു. പക്ഷേ അന്ന്‌ മോഡിയായിരുന്നില്ല ഇന്ത്യ ഭരിച്ചിരുന്നത്‌. വോട്ടർമാരെ സ്വാധീനിക്കാനായി അനാവശ്യമായ ഇളവുകൾ പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞ്‌ ബജറ്റ്‌ അവതരണം മാറ്റിവയ്ക്കണമെന്ന്‌ അന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ ബിജെപിയായിരുന്നു. അതുകൊണ്ടുതന്നെ ബജറ്റ്‌ അവതരണം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷൻ സ്വീകരിക്കണം. ബജറ്റ്‌ അവതരിപ്പിക്കാനുള്ള തീയതി മാറ്റാൻ മോഡി സർക്കാരിനോട്‌ ആവശ്യപ്പെടുകയും വേണം.
ഏതൊക്കെ പാർട്ടികൾ തമ്മിലാണ്‌ സഖ്യമുണ്ടാക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്‌. വർഗീയ സ്വേച്ഛാധിപത്യ ഫാസിസ്റ്റ്‌ നിലപാടുകൾ തുടരുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്ന ഏകാഭിപ്രായം പ്രതിപക്ഷ പാർട്ടികൾക്കിടയിലുണ്ട്‌. നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട്‌ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുണ്ടായ കഷ്ടപ്പാടുകൾ ചില്ലറയല്ല. നോട്ടുകൾ പിൻവലിച്ചതിന്റെ ഭാഗമായുള്ള സാമ്പത്തിക പ്രതിസന്ധികൾ സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കണം. നോട്ടുകൾ പിൻവലിച്ചതിന്‌ പിന്നിലുള്ള ചൂതാട്ടവും വെളിച്ചത്ത്‌ കൊണ്ടുവരണം. തൊഴിലുകൾ നഷ്ടപ്പെട്ടു. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പൂട്ടി. ജോലിതേടിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾ തൊഴിലില്ലാതെ അവരവരുടെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചെത്തി. സാധാരണ കച്ചവടക്കാർക്ക്‌ കച്ചവടമില്ലാത്ത അവസ്ഥയിലെത്തി. തങ്ങൾ കഷ്ടപ്പെട്ട്‌ സമ്പാദിച്ച പണം പിൻവലിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തി. ഇതിലൊക്കെ പ്രതിഷേധിച്ച്‌ സിപിഐ പ്രതിഷേധ വാരാചരണം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്‌.
നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്കുണ്ടായ കഷ്ടപ്പാടുകളെ പാർശ്വവൽക്കരിക്കാനുള്ള എല്ലാ നടപടികളും മോഡി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നുറപ്പ്‌. ഈ ലക്ഷ്യത്തോടെയാണ്‌ ബജറ്റ്‌ അവതരണം നേരത്തെയാക്കാൻ ശ്രമം നടത്തുന്നത്‌. വോട്ട്‌ ധ്രുവീകരണത്തിനായി ജാതിയും വർഗീയതയും മോഡിയും കൂട്ടരും വേണ്ടുവോളം ഉപയോഗിച്ചു. സുപ്രിം കോടതി വിധി നിലവിലുണ്ടെങ്കിലും വർഗീയത എന്ന ആയുധം ഉപയോഗിച്ച്‌ വോട്ട്‌ പിടിക്കാനുള്ള തന്ത്രമാണ്‌ ബിജെപി പയറ്റുന്നത്‌. അതുകൊണ്ടുതന്നെ സുപ്രിം കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷൻ കൂടുതൽ ജാഗരൂകരാകണം. ഭൂരിപക്ഷ വർഗീയത മാത്രമല്ല ന്യൂനപക്ഷ വർഗീയതയെയും തടയേണ്ടതാണ്‌. ഈ രണ്ട്‌ വർഗീയതകളും പരസ്പരപൂരകങ്ങളാണ്‌. ചില ന്യൂനപക്ഷ വർഗീയ പാർട്ടികൾക്ക്‌ ആവശ്യമായ സാമ്പത്തിക സഹായം സംഘപരിവാറിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നു.
സാമ്പത്തികവും കായികവുമായ ശക്തികൾ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന്‌ വലിയ തടസമാണ്‌. നോട്ടുകൾ പിൻവലിച്ച ആദ്യ ദിവസം മുതൽ തന്നെ ബിജെപിയുടെ നേതാക്കൾക്ക്‌ വൻതോതിൽ പുതിയ നോട്ടുകൾ കിട്ടിയെന്ന വാർത്തകൾ ഇതികം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്‌. അവർ കള്ളപ്പണം വെളുപ്പിച്ചുവെന്ന്‌ മാത്രമല്ല പുതിയ നോട്ടുകൾ ലഭിക്കുന്നതിന്‌ സ്വകാര്യ ബാങ്കുകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ വെളുപ്പിച്ചെടുത്ത പുതിയ നോട്ടുകൾ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ സർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തണം. 2000 രൂപ നോട്ടുകളാണ്‌ കള്ളപ്പണം വെളുപ്പിക്കാനായി ഇക്കൂട്ടർ ഉപയോഗിച്ചത്‌. രാജ്യത്തെ 16 കോടിയോളം വരുന്ന ജനങ്ങളാണ്‌ അവരുടെ വോട്ടവകാശം രേഖപ്പെടുത്തുന്നത്‌. ഇത്‌ വലിയൊരു വെല്ലുവിളിയാണ്‌. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കഴിവിൻമേലുളള ഒരു വെല്ലുവിളികൂടിയാണത്‌.

  Categories:
view more articles

About Article Author