നിലവിലുള്ളതിനെ സംരക്ഷിക്കുന്നില്ല; അപ്പോഴും, പുതിയതിനു മോഹം

നിലവിലുള്ളതിനെ സംരക്ഷിക്കുന്നില്ല; അപ്പോഴും, പുതിയതിനു മോഹം
March 19 04:45 2017

പുനരവതരിക്കുന്നത്‌, എതിർപ്പുമൂലം പിൻവലിച്ച പദ്ധതി

ബേബി ആലുവ
പുതുവൈപ്പിലെ എൽ എൻ ജി ടെർമിനലിന്റെ നാല്‌ കിലോമീറ്റർ പരിധിക്കുള്ളിൽ മത്സ്യബന്ധനം നിരോധിച്ച മുൻ അനുഭവം കൂടിയാണ്‌ പുറങ്കടൽ തുറമുഖത്തിന്റെ വരവിനെ ആശങ്കയോടെ വീക്ഷിക്കാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്‌. നിലവിൽ മത്സ്യമേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ 3250 ഓളം ഏക്കർ ഭാഗത്തെ കടൽ വെട്ടിപ്പിടിച്ചു കൊണ്ടുള്ള പദ്ധതി പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുമെന്ന്‌ അവർ ഭയപ്പെടുന്നു.
മൂന്ന്‌ വർഷത്തിനിടെ സംസ്ഥാനത്തെ മത്സ്യസമ്പത്ത്‌ നേർ പകുതിയായി കുറഞ്ഞതായിട്ടാണ്‌ സെൻട്രൽ മറൈൻ ഫിഷറീസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ കഴിഞ്ഞ നവംബറിലെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌. ഇതനുസരിച്ച്‌ തൊഴിൽദിനങ്ങളിലും ഇടിവുണ്ടായി. മൂന്ന്‌ വർഷം കൊണ്ട്‌ നഷ്ടം 10000 കോടിയുടേതാണ്‌. വിദേശട്രോളറുകളുടെയും നിരോധിത വലകളുപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്നവരുടെയും കടന്നുകയറ്റം ഈ മേഖലയെ ഗുരുതരമായി ബാധിക്കുന്നു. ഇത്‌ പലപ്പോഴും പുറങ്കടലിൽ സംഘർഷാവസ്ഥയും സൃഷ്ടിക്കുന്നു. മത്സ്യ ദൗർലഭ്യം മൂലം, കടലിൽപ്പോകുന്ന മത്സ്യയാനങ്ങൾക്ക്‌ എണ്ണക്കാശുപോലും കിട്ടാത്ത സ്ഥിതിയുണ്ടെന്ന്‌ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെയാണ്‌, പുതിയ തുറമുഖം എന്ന ഭീഷണി. നിലവിൽ ചിത്രത്തിലില്ലാത്ത ഓഫീസ്‌ സമുച്ചയവും ക്വാർട്ടേഴ്സുകളും വാണിജ്യ സ്ഥാപനങ്ങളുമൊക്കെ തുറമുഖ ഭൂമിയിൽ ഉയർന്നുവരും. അതോടൊപ്പം ഭൂമി കച്ചവടവും നടക്കും. കടൽ നികത്തി ഉപനഗരങ്ങൾ സൃഷ്ടിച്ച്‌ വാണിജ്യ-പാർപ്പിട കേന്ദ്രങ്ങളാക്കാൻ വർഷങ്ങളായി കോർപ്പറേറ്റുകൾ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ശ്രമം നടത്തിവരികയാണ്‌. യാത്ര ഉൾപ്പെടെ തീരദേശ കപ്പൽ ഗതാഗതത്തിനുള്ള നീക്കവുമുണ്ട്‌. മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
തീരദേശവുമായി ബന്ധപ്പെട്ട്‌ കടലിൽ 12 നോട്ടിക്കൽ മെയിൽ (22 കി.മീ) ദൂരം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന മേഖലയാണ്‌. ഈ പരിധിക്കുള്ളിലെ മത്സ്യബന്ധനത്തിനുള്ള പരിപൂർണ്ണ അവകാശം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ്‌. ഓരോ ജില്ലയിലും പുറങ്കടൽ തുറമുഖം എന്ന സ്ഥിതിയുണ്ടായാൽ 590 കിലോമീറ്റർ നീളമുള്ള തീരദേശ മേഖലയിൽ നിയന്ത്രണവും നിരോധനവും വരും. 10 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾ നിത്യപട്ടിണിയിലാകും. കപ്പലുകളും മത്സ്യബന്ധനയാനങ്ങളും കൂട്ടിമുട്ടുന്ന സ്ഥിതി നിലവിൽത്തന്നെയുണ്ട്‌. പുറങ്കടൽ തുറമുഖത്തോടെ ഈ ആപത്ത്‌ വർദ്ധിക്കും. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക്‌ ഗണ്യമായ സംഭാവന നൽകുന്ന മേഖലയാണിത്‌ കേരള സ്റ്റേറ്റ്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സെക്രട്ടറി കുമ്പളം രാജപ്പൻ പറഞ്ഞു.
പശ്ചിമബംഗാൾ, ഒഡിഷ, കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 8129 കിലോമീറ്റർ തീരദേശമുള്ളതും ഒരു കോടിയോളം മത്സ്യത്തൊഴിലാളികൾ പണിയെടുക്കുന്നതുമായ ഏറ്റവും വലിയ തൊഴിൽ മേഖലയോട്‌ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന അവഗണനയും ഇത്തരുണത്തിൽ സജീവ ചർച്ചയാകുന്നുണ്ട്‌. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ സമുദ്ര മത്സ്യബന്ധന നയത്തിൽ, ഇതിനായി നിയോഗിച്ച ഡോ. അയ്യപ്പൻ സമിതി റിപ്പോർട്ടിലെ സുപ്രധാനമായ പല നിർദ്ദേശങ്ങളും ഇടം നേടിയില്ല. റിപ്പോർട്ടിൽ തിരുത്തൽ വരുത്തുകയും കേരളം നാളുകളായി ഉന്നയിച്ചു പോരുന്ന പല ആവശ്യങ്ങളും തള്ളുകയും ചെയ്തുകൊണ്ട്‌ റിപ്പോർട്ട്‌ അട്ടിമറിച്ചുവെന്നും അത്‌ ആഗോളീകരണ ശക്തികൾക്ക്‌ കേന്ദ്രസർക്കാരിലുള്ള സ്വാധീനത്തിന്റെ വ്യക്തമായ തെളിവാണെന്നുമുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്‌.
നടപടികളിൽ കാലവിളംബമുണ്ടായില്ലെങ്കിൽ 2020-21-ൽ പുതിയ തുറമുഖം യാഥാർത്ഥ്യമാകും എന്നാണ്‌ പോർട്ട്‌ ട്രസ്റ്റ്‌ അധികൃതരുടെ കണക്കുകൂട്ടൽ. പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എൽ ആന്റ്‌ ടി ഇൻഫ്രയെ കൺസൾട്ടന്റായി നിയോഗിച്ചിട്ടുണ്ട്‌. സമുദ്ര സാങ്കേതിക പഠനത്തിനായി ചെന്നൈ ഐ ഐ ടി യെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മൺസൂണുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്‌ ജൂണിൽ റിപ്പോർട്ട്‌ സമർപ്പിക്കും. തുടർന്ന്‌, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാരിസ്ഥിതിക അനുമതി ലഭിക്കണം. കടലിൽ ഏഴ്‌ കിലോമീറ്റർ നീളത്തിൽ കപ്പൽച്ചാലിന്‌ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ പുലിമുട്ടുകൾ നിർമ്മിക്കുകയാണ്‌ തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടം. 2014-ൽ സമർപ്പിച്ച രൂപരേഖ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്‌.
ഇതേസമയം, പുതിയ തുറമുഖം സംബന്ധിച്ച്‌ മത്സ്യത്തൊഴിലാളി സമൂഹത്തിൽ വ്യാപകമായിട്ടുള്ള ആശങ്ക ദൂരീകരിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പുതിയ തുറമുഖം സ്ഥാപിക്കുന്നതിനെക്കാൾ കൂടുതൽ സൗകര്യമൊരുക്കി നിലവിലുള്ളവ വികസിപ്പിക്കുകയും സംരക്ഷിക്കുകയുമാണ്‌ അധികൃതർ ചെയ്യേണ്ടതെന്ന അഭിപ്രായം പ്രബലമാണ്‌.
അവസാനിക്കുന്നില്ല
നാളെ: പുതിയ പുറങ്കടൽ തുറമു ഖം: ആശങ്കയ്ക്ക്‌ അറുതിയില്ല

  Categories:
view more articles

About Article Author