നിശബ്ദനായിരിക്കാനാവില്ല; ഒറ്റയാൾ പ്രതിരോധവുമായി അലൻസിയർ

നിശബ്ദനായിരിക്കാനാവില്ല; ഒറ്റയാൾ പ്രതിരോധവുമായി അലൻസിയർ
January 12 04:45 2017

കാസർകോട്‌: “വരു, നമുക്ക്‌ പോകാം അമേരിക്കയിലേക്ക്‌…” ഇത്‌ കാസർകോട്‌ പുതിയ ബസ്സ്റ്റാന്റിലെ ഏറെ തിരക്കേറിയ ഒരു ബസിൽ നിന്ന്‌ ഉയർന്ന്‌ കേട്ട ശബ്ദമായിരുന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കി. എന്താണ്‌ നടക്കുന്നതെന്നറിയാൻ എല്ലാ കണ്ണുകളും അയാളിലേക്ക്‌ പതിഞ്ഞു. ഒറ്റമുണ്ടുടുത്ത്‌ ഷർട്ടില്ലാതെ ഒരാൾ കണ്ടക്ടറോട്‌ അമേരിക്കയിലേക്ക്‌ ഒരു ടിക്കറ്റ്‌ ആവശ്യപ്പെട്ടു. “ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ്‌ നമ്മുടെ ധാരണ. അതാണ്‌ അടുത്തകാലത്തായി കേന്ദ്ര ഭരണാധികാരികളിൽ നിന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക്‌ നീങ്ങുന്ന നാൾ വിദൂരമല്ല.”
ഇത്‌ പറയുന്നത്‌ പ്രശസ്ത നാടക-സിനിമാ നടൻ അലൻസിയർ ആണ്‌. രാജ്യത്തും സംസ്ഥാനത്തും കലാകാരൻമാർക്കും സാധാരണക്കാരനുമെതിരെ രാജ്യസ്നേഹത്തിന്റെ പേരിൽ നടത്തുന്ന പ്രസ്താവനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കാൻ ഒറ്റയാൾ പോരാട്ടവുമായി ഇറങ്ങിയതായിരുന്നു അലൻസിയർ. ഇതിന്റെ ഭാഗമായാണ്‌ ഇന്നലെ കാസർകോട്‌ ബസ്സ്റ്റാന്റ്‌ പരിസരത്ത്‌ ഏകാംഗ നാടകം അവതരിപ്പിച്ചത്‌. പലരും നിശബ്ദരാകുന്നു. ഇനി തന്നെ പോലുള്ളവർക്ക്‌ നിശബ്ദരായിരിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
സംവിധായകൻ കമലിനെതിരെ ബിജെപി നേതാവ്‌ രാധാകൃഷ്ണൻ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചാണ്‌ അദ്ദേഹത്തിന്റെ നാടകം. താൻ പണിയെടുത്ത്‌ സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കണം എന്ന്‌ ഭരണകൂടം തീരുമാനിക്കുന്നത്‌ ഫാസിസത്തിന്റെ ലക്ഷണമാണ്‌. പേരും ജാതിയും വച്ച്‌ നാടുകടത്താൻ ശ്രമിക്കുകയാണ്‌ ഭരണകൂടം. ബ്രിട്ടീഷുകാരുടെ ഏറാംമൂളിയായിരുന്ന ആർഎസ്‌എസുകാരാണ്‌ ഇന്ന്‌ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്നതാണ്‌ ഭാരത സംസ്ക്കാരം. അതിനെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author