നിശബ്ദ ചിലങ്ക

നിശബ്ദ ചിലങ്ക
December 23 04:45 2016

രമ്യാ മേനോൻ
ഈ ലോകം തനിക്കുള്ളതല്ലെന്നും ശബ്ദങ്ങളില്ലാത്ത മേറ്റ്വിടയോ ആണ്‌ താൻ ജീവിക്കുന്നതെന്നും സ്വയം വിശ്വസിക്കുന്ന അർച്ചന(ജ്യോതിക). കാർത്തികിന്റെ (പൃഥ്വിരാജ്‌) ഇഷ്ടം മനഃപൂർവ്വം വേണ്ടെന്നു വെക്കുന്നതിനും അവൾ പറയുന്ന ന്യായീകരണം തനിക്ക്‌ കേൾക്കില്ലെന്നും സംസാരിക്കാനാകില്ലെന്നുമുള്ള കാരണങ്ങളാണ്‌.
പതിയെ അവൾ കാർത്തികിനെ അംഗീകരിച്ച്‌ തുടങ്ങുന്നു. കൂട്ടുകാരായ അഞ്ചേലിന ഷീലയും വിജയകുമാറും കാർത്തികും ഒരുമിച്ച്‌ അവളെ കേൾക്കാതെ കേൾക്കാൻ ശീലിപ്പിക്കുന്നു. ഷീലയുടെ നൃത്തത്തിന്റെ താളവും കാർത്തിക്‌ വായിക്കുന്ന സംഗീതത്തിന്റെ ഈണവും അവൾ മനസിലാക്കുന്നു. മുത്തശ്ശിയുടെ പൂജയുടെ മണിയടിയൊച്ചയുടെ താളത്തിനൊത്ത്‌ തലയാട്ടുകയുമൊക്കെ ചെയ്യുന്നു. ഈ ശബ്ദ മുഖരിതമായ ലോകം തനിക്കുംകൂടി അവകാശപ്പെട്ടതാണെന്ന്‌ തിരിച്ചറിയുന്ന അർച്ചന കാർത്തികിനെ തന്റെ പങ്കാളിയാക്കുന്നതോടെ മൊഴി എന്ന ചലച്ചിത്രം സന്തോഷത്തിൽ പര്യവസാനിച്ച്‌ സന്ദേശങ്ങളും നൽകി കടന്ന്‌ പോകുകയണ്‌.
സിനിമകളിൽ എന്തും നടക്കുമെന്ന്‌ ചിന്തിച്ചു പോകാൻ വരട്ടെ. നമുക്ക്‌ കേൾക്കാൻ കഴിയാതെ ജീവിതത്തിന്റെ വിജയസ്വരങ്ങളിലേയ്ക്ക്‌ നടന്നടുത്തവർ നമുക്കിടയിലുണ്ടെന്നത്‌ പരമാർഥമാണ്‌. അത്തരത്തിലൊരാളാണ്‌ നന്ദിത വെങ്കിടേശൻ.
ഏറെ പറയാനുണ്ട്‌ നന്ദിത വെങ്കിടേശനെക്കുറിച്ച്‌ . കേൾക്കാൻ കഴിയാത്ത നന്ദിത താളത്തിനൊത്ത്‌ നൃത്തം ചവിട്ടുന്നതിനെക്കുറിച്ച്‌. ടിബിയുടെ കരാള ഹസ്തങ്ങളിൽ നിന്നുമുള്ള അവളുടെ രണ്ടാം വരവിനെക്കുറിച്ച്‌.
ക്ഷയരോഗത്തിന്റെ ആക്രമണത്തിന്‌ ഇരയായ നന്ദിതയുടെ അണുബാധ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ കളയുക എന്ന ഒരു മാർഗ്ഗം മാത്രമായിരുന്നു ഇത്തവണ ഡോക്ടർമാർക്ക്‌ മുമ്പിലുണ്ടായിരുന്നത്‌. താൻ തിരിച്ചുവരുമെന്നും അന്തസ്സോടെ ജീവിക്കുമെന്നും സ്വപ്നംകണ്ട നന്ദിതയ്ക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു സംഭവിച്ചത്‌.
കോളജ്‌ പഠനകാലത്ത്‌ ആക്രമിച്ച ടിബി വീണ്ടും നന്ദിതയെ വേട്ടയാടി. തുടർന്ന്‌ ടിബിയ്ക്കെതിരെ നടത്തിയ കുത്തിവെയ്പ്പ്‌ വില്ലനായി 80 ശതമാനം കേൾവിക്കുറവ്‌ ഇടത്ത്‌ ചെവിയിലും 50 മുതൽ 60 ശതമാനം കേൾവിക്കുറവ്‌ വലതു ചെവിയിലും ബാധിച്ചു. ലോകം നഷ്ടപ്പെടുന്നുവെന്ന്‌ തോന്നിയ നന്ദിത വീണ്ടും ശസ്ത്രക്രിയയ്ക്ക്‌ വിധേയയായി.
കേൾവി പൂർണമായും അവൾക്കന്യമായി. ശബ്ദങ്ങൾ മലിനീകരണമാകുന്ന ലോകത്ത്‌ അവളിൽ നിന്ന്‌ മാത്രം അത്‌ അകന്നു നിന്നു. ചിരിക്കാൻ പോലുമാകില്ലെന്ന്‌ ചിന്തിച്ചിരിക്കെയാണ്‌ വെളിപാട്‌ പോലെ അവൾക്ക്‌ ഒരു ചിന്തയുണ്ടാകുന്നത്‌. പരാജയത്തിലും ഏറ്റവും നല്ല ജീവിത സാഹചര്യമൊരുക്കുക എന്നത്‌. തന്റെ ജീവിതത്തോട്‌ ക്ഷമയാചിക്കേണ്ടി വരരുത്‌. അടഞ്ഞു കിടക്കുന്ന വാതിലുകൾ നോക്കി സമയം കളഞ്ഞതല്ലാതെ തുറന്ന്‌ കിടക്കുന്ന പ്രതീക്ഷയുടെ ജനലുകൾ കാണാത്തതിൽ ഉള്ളുകൊണ്ട്‌ അവൾ സ്വയം കുറ്റപ്പെടുത്തി.
ഉള്ളിൽ മൗനമായിരുന്ന ചിലങ്കകളാൽ നന്ദിത വീണ്ടും നൃത്തം ചവിട്ടി. ശബ്ദത്തിന്റെ ധാരാളിത്തങ്ങളില്ലാതെ. തന്റെ പ്രിയപ്പെട്ടവരോടൊത്ത്‌ എന്തെങ്കിലും ചെയ്യുന്നതിൽ ഈ കുറവ്‌ ഒരു തടസമാകില്ലെന്ന്‌ ഇതിനകം അവൾ തിരിച്ചറിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.
തന്റെ നൃത്ത വിദ്യാലയത്തിലെ പ്രോഗ്രാമുകളിൽ വീണ്ടും അവൾ സജീവമായി പങ്കുചേർന്നു.
താളങ്ങളെയും വരികളെയും ഉള്ളുകൊണ്ട്‌ അറിഞ്ഞ്‌, സ്വതസിദ്ധമായ ശൈലിയിലായിരുന്നു നന്ദിതയുടെ തിരിച്ചു വരവ്‌. ഈ രണ്ടാം ജന്മത്തിൽ അവൾ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ അത്‌ കേൾവിയുടെ അതിഭാവുകത്വത്തിൽ അല്ല മറിച്ച്‌ അവളിലെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടാണത്‌.
സങ്കൽപ്പ താളങ്ങൾക്കൊത്ത്‌ ചുവടുകൾ പിഴയ്ക്കാതെ കളിയ്ക്കുക എന്നത്‌ ഇപ്പോൾ നന്ദിതയ്ക്ക്‌ ഒരു വെല്ലുവിളിയല്ല. ഇനിയും സ്വായത്തമാക്കാനുള്ള താള-ബഹള ലോകം നന്ദിതയെ തുറിച്ച്‌ നോക്കുകയാണ്‌. റോഡ്‌ മുറിച്ച്‌ കടക്കുക പോലുള്ള നിരവധി കടമ്പകൾ ഇനിയും നന്ദിതയ്ക്ക്‌ കടക്കേണ്ടതുണ്ട്‌.
അതിരുകളില്ലാത്ത ലോകത്ത്‌ തന്റെ കുറവിന്റെ വലിപ്പം ചെറുതാണെന്ന്‌ തിരിച്ചറിഞ്ഞ നന്ദിത ഇപ്പോൾ വിഷമിക്കാറില്ല. ടിബിയ്ക്കെതിരായ ബോധവൽക്കരണ സെമിനാറുകളിലും ധനകാര്യ പത്രത്തിലെ ജോലിയിലും മുഴുകിയ തിരക്കേറിയ ജീവിതമാണിപ്പോൾ നന്ദിതയുടേത്‌.
ഇടയിൽ, താളങ്ങൾ മനസിലിട്ടുള്ള നൃത്തവും ചിലങ്കക്കിലുക്കവും അവളുടെ ജീവിതം ശബ്ദോന്മുഖരിതമാക്കുകയും ചെയ്യുന്നു.

view more articles

About Article Author