നൂറിന്റെ നിറവിലും അറിവിന്റെ വെളിച്ചമായി ദേവികുളം ശ്രീമൂലം വായനശാല

നൂറിന്റെ നിറവിലും അറിവിന്റെ വെളിച്ചമായി ദേവികുളം ശ്രീമൂലം വായനശാല
June 20 04:45 2017

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: നവ മാധ്യമങ്ങളുടെ കടന്നുവരവോടെ വായനയുടെ ലോകത്തു നിന്നും പുതു തലമുറ അകന്നുപോകുമ്പോഴും നൂറിന്റെ നിറവിൽ അറിവിന്റെ കെടാത്ത വെളിച്ചമായി നിലനിൽക്കുകയാണ്‌ ദേവികുളത്തെ ശ്രീമൂലം ക്ലബ്ബും വായനശാലയും.
ഒരു നൂറ്റാണ്ട്‌ പിന്നിട്ട ഈ ചരിത്ര സ്മാരകം ഇന്ന്‌ ഹൈറേഞ്ചിന്റെ റഫറൻസ്‌ ലൈബ്രറികൂടിയാണ്‌. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തിന്‌ പുറമേ ഐടി രംഗത്തെ കുതിച്ച്‌ ചാട്ടവും നവമാധ്യമങ്ങളുടെ കടന്നുവരവും പുതിയ തലമുറയെ വായനയിൽ നിന്നും പിന്നോട്ടടിപ്പിയ്ക്കുന്ന കാലമാണിത്‌. അതുകൊണ്ട്‌ തന്നെ സാക്ഷര കേരളത്തിലെ പല വായനാലകളിലെയും അലമാരയ്ക്കുള്ളിൽ പൊടിപിടിച്ച പുസ്തകങ്ങൾ ഇന്ന്‌ വായനക്കാരനെ കാത്തിരിക്കുകയാണ്‌. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വായനക്കാരുടെ തിരക്കൊഴിയാതെ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട്‌ രാജപ്രൗഢിയോടെ നിലനിൽക്കുകയാണ്‌ ഹൈറേഞ്ചിന്റെ ആദ്യ സാംസ്ക്കാരിക സ്ഥാപനമായ ദേവികുളത്തെ വായനശാല. 1883 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അമ്പത്തിനാലാം പിറന്നാളിനോട്‌ അനുബന്ധിച്ചാണ്‌ ദേവികുളത്ത്‌ വായനശാല ആരംഭിക്കണമെന്ന്‌ ജനങ്ങൾ ആവശ്യപ്പെടുന്നത്‌. ഇതേത്തുടർന്ന്‌ രാജാവിന്റെ അനുമതിയോടെ 1915ൽ ശ്രീമൂലം തിരുനാൾ ക്ലബ്ബ്‌ ആൻഡ്‌ ലൈബ്രറി ആരംഭിക്കുകയായിരുന്നു.
ഹൈറേഞ്ചിന്റെ സാംസ്ക്കാരിക കൂട്ടായ്മയ്ക്കും പുതിയ തലമുറയ്ക്കും അറിവിന്റെ വെളിച്ചമായി നിലനിൽക്കുന്ന വായനശാലയിലേയ്ക്ക്‌ കേരളത്തിലെ പ്രമുഖരായ കലാ-സാംസ്ക്കാരിക, സാമൂഹ്യ, രാഷ്ട്രീയ നേതാക്കന്മാരടക്കം നിരവധിപേർ കടന്നു വന്നിട്ടുണ്ട്‌. ഇരുപതിനായിരത്തിലധികം പുസ്തക ശേഖരമുള്ള ഈ ലൈബ്രറി ഇന്ന്‌ ഒരു റഫറൻസ്‌ ലൈബ്രറി കൂടിയാണ്‌. വായനാ ശീലത്തിലേയ്ക്ക്‌ കൂടുതൽ ആളുകളെ എത്തിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും തങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന്‌ ലൈബ്രറി ഭാരവാഹികൾ പറഞ്ഞു.
പഠനത്തിന്‌ സഹായകരമാകുന്ന നിരവധി പുസ്തകങ്ങൾ ഇവിടെയുണ്ടെന്നും തങ്ങൾക്ക്‌ ഏറെ പ്രയോജനകരമാണെന്നും ഇവിടെയെത്തുന്ന വായനക്കാരും ചൂണ്ടിക്കാട്ടുന്നു. വായന ഒരിക്കലും മരിക്കുകയില്ല എന്ന ഉറപ്പാണ്‌ ദേവികുളത്തെ ശ്രൂമൂലം തിരുനാൾ വായനശാല കേരളീയർക്ക്‌ നൽകുന്നത്‌.

  Categories:
view more articles

About Article Author