നെത്തോലി ചെറിയൊരു മീനല്ല, മുത്തോലി ചെറിയൊരു വാർഡല്ല!

നെത്തോലി ചെറിയൊരു മീനല്ല, മുത്തോലി ചെറിയൊരു വാർഡല്ല!
January 09 04:50 2017

വാതിൽപ്പഴുതിലൂടെ
ദേവിക
നീലക്കടലിൽ നീന്തിത്തുടിക്കുന്നതിനിടയിൽ ചെറു മത്സ്യമായ നെത്തോലി ഒരിക്കൽപോലും വന്യമായ ഒരു സ്വപ്നംപോലും കണ്ടുകാണില്ല, തന്റെ പേര്‌ സിനിമയിൽ വരുമെന്ന്‌. പക്ഷെ സിനിമാ പേരുകൾക്ക്‌ കൊടിയക്ഷാമമായപ്പോൾ സിനിമയിലെ ഭാവനാസമ്പന്നർ നെത്തോലിയെപ്പോലും വലയിലാക്കി അവൾക്ക്‌ ഒരു സിനിമാ പേരിട്ടു, നെത്തോലി ചെറിയൊരു മീനല്ല എന്ന്‌!
ചില ഗ്രാമങ്ങളുടെ കാര്യവും അങ്ങനെയാണ്‌. അവ തങ്ങളുടെ ഇത്തിരിവട്ടത്തിലൊതുങ്ങി നിൽക്കുന്നു. പക്ഷേ ഏതു നായയ്ക്കും അവന്റേതായ ഒരു ദിവസമുണ്ടെന്ന ചൊല്ലുപോലെ ചില ഗ്രാമങ്ങൾക്കും അത്തരം സൗഭാഗ്യങ്ങൾ വന്നുവീഴാറുണ്ട്‌. കോട്ടയം ജില്ലയിലെ മുത്തോലി നമ്മുടെ നെത്തോലിയെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തിയിരിക്കുന്നു; മാണിയുടെ കേരളാ കോൺഗ്രസ്‌ രഥമേറിയുള്ള പുകഴേന്തിയായി. മുത്തോലിയല്ലേ ഇപ്പോൾ സ്റ്റാർ! ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി തിളക്കമാർന്ന വിജയം കൊയ്തപ്പോൾ മുത്തോലി വാർഡിൽ മാണി കക്ഷിയുടെ വിജയം വേറിട്ടതായെന്നു വാഴ്ത്തുന്നവരുണ്ട്‌.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കോൺഗ്രസ്‌ മുന്നണി ചരമഗതിയടഞ്ഞതോടെ മാണി കേരളാ മുന്നണിയിൽ നിന്നുവഴിപിരിഞ്ഞു. കോൺഗ്രസിലാണെങ്കിൽ ഉമ്മൻചാണ്ടി വഴിമുടക്കിയായി. പക്ഷേ പ്രതിപക്ഷം ഒരു നേതാവിനെ മഷിയിട്ടുനോക്കി കണ്ടുപിടിച്ചു. ‘നല്ല മരതകകല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരനായ’ രമേശ്‌ ചെന്നിത്തലയെ. കടൽക്കിഴവന്മാരെ മാറ്റി ചെറുതരക്കാരെ ഡിസിസി പ്രസിഡന്റുമാർകൂടിയാക്കി അരിയിട്ടുവാഴിച്ചപ്പോൾ ഇനി കോൺഗ്രസ്‌ രഥമുരുളുമെന്നു ധരിച്ചവർക്കു തെറ്റി. തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പുകളിൽ മണ്ണുകപ്പുന്ന തോൽവി. തെക്കുന്നു വന്നതും പോയി, ഒറ്റാലിൽ കിടന്നതും പോയി എന്ന മട്ടിൽ സീറ്റു നഷ്ടം.
മുത്തോലി വാർഡിൽ കയ്യിലിരുന്ന കോൺഗ്രസ്‌ സീറ്റ്‌ കെ എം മാണി വിലാസം കേരള ഒറ്റയ്ക്കുപൊരുതി തപ്പിയെടുത്തു. എന്നിട്ട്‌ പാലായിൽ നിന്നൊരു ചോദ്യം, ഇപ്പോൾ ആരാ വലിയ പാർട്ടി? കോൺഗ്രസിന്‌ ആകെ നാണക്കേടായപ്പോൾ പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളായ മാണിപ്പെണ്ണ്‌ ആ മരത്തിൻ പൂന്തണലിൽ ലജ്ജാവിവശയായി വാടിനിന്ന്‌ ഇടത്തോട്ടു ചില കണ്ണേറുകൾ നടത്തുന്നുണ്ട്‌; മുത്തോലി ഒരു ചെറിയ വാർഡല്ല, മുത്തോലി ഒരു ബിംബമാണ്‌ എന്നൊക്കെ ശൃംഗാരം ചൊല്ലി! എന്തായാലും മാണിയുടെ കടക്കോൺ വിക്ഷേപണാസ്ത്രത്തിൽ ഇടതുമുന്നണി വീഴില്ലെങ്കിലും മാണിക്കിനി കുറേക്കാലം പറഞ്ഞു നടക്കാം; നെത്തോലി ചെറിയ മീനല്ല; മുത്തോലി ചെറിയവാർഡല്ല എന്ന്‌!

മോഡിഭരണത്തിൽ രാജ്യത്തിന്റെ വളർച്ച സർവാദൃതവും അപദാന സമൃദ്ധവുമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ കുമ്മനാദികൾ കണക്കുപുസ്തകങ്ങൾ നമ്മുടെ മുന്നിൽ മലർത്തിയിട്ടുതരുന്നു. വളർച്ച പുതിയ മേഖലകളിലേക്ക്‌ പടർന്നു കയറുമ്പോൾ നമ്മുടെ അന്തരംഗം അഭിമാനപൂരിതമാകേണ്ടേ എന്നാണ്‌ ഹേമമാലിനിയും സ്മൃതി ഇറാനിയും മനേകയും മുതൽ ഇങ്ങ്‌ ശോഭാ സുരേന്ദ്രൻവരെയുള്ള ബിജെപി പെൺപുലികളുടെ ചോദ്യം!
നിർഭയ എന്ന പെൺകുട്ടി ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി അരും കൊല ചെയ്യപ്പെട്ടിട്ട്‌ നാലു കൊല്ലം പൂർത്തിയായത്‌ കഴിഞ്ഞദിവസമാണ്‌. മോഡിയുടെ ഭരണതലസ്ഥാനം ഈ വാർഷികം ആഘോഷിച്ചത്‌ മൃഗീയമായ നാലുബലാൽസംഗ മഹോത്സവത്തോടെയായിരുന്നു. നിർഭയ കൊല ചെയ്യപ്പെടുന്ന വർഷം ഡൽഹിയിലുണ്ടായത്‌ 706 മാനഭംഗക്കേസുകൾ. 2016 കൊഴിഞ്ഞു വീണപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽ ഒരു വർഷമണ്ടായത്‌ 2199 ബലാൽസംഗങ്ങൾ. ചാർജ്ജ്‌ ചെയ്യപ്പെടാത്ത കേസുകൾ അതിലെത്രയോ ഇരട്ടിയെന്ന്‌ മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്‌. മോഡിയുടെ മൂക്കിനുതാഴെ പുതിയൊരു മേഖല അനുപമവും അസൂയാവഹവുമായി വളർന്നിരിക്കുന്നു.
വളർച്ചയുടെ ഈ പുത്തൻ മേഖലയിലെ ആരോഗ്യകരമായ പ്രവണതകൾ കണക്കിലെടുത്ത്‌ മാനഭംഗ മേഖലയ്ക്ക്‌ മാത്രമായി ഒരു ദേശീയ ബഹുമതി സമ്മാനിക്കണമെന്ന്‌ ബിജെപിയിലെ കിടിലൻ പെണ്ണുങ്ങൾ ശുപാർശ സമർപ്പിച്ചതായി കേൾക്കുന്നു. ഇത്തവണത്തെ റിപ്പബ്ലിക്‌ ദിനത്തിൽത്തന്നെ ആദ്യത്തെ ‘മാനഭംഗത്തെ’ അവാർഡും മോഡി പ്രഖ്യാപിച്ചേക്കും. അവാർഡിനർഹരായവരുടെ ഷോർട്ട്‌ ലിസ്റ്റിൽ രണ്ടു പേരുകൾ ഇവയാണത്രെ. ഗോവിന്ദച്ചാമി, അമിറുൾ ഇസ്ലാം!

ഇതിനിടെ മറ്റൊരു വാർത്തയും വരുന്നു. അതാകട്ടെ മോഡിയുടെ ‘ബലാൽസംഗവികസന’ നയത്തിനു കടകവിരുദ്ധവും. ഡൽഹി മെട്രോയുടെ തീവണ്ടികൾ മാനഭംഗങ്ങൾക്ക്‌ കുപ്രസിദ്ധിയാർജിച്ചവ. ചുരുക്കത്തിൽ ഗോവിന്ദച്ചാമിമാർ വാഴുംശകടങ്ങൾ. മെട്രോയിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയാകട്ടെ ഈ മനുഷ്യമൃഗങ്ങളെ വേട്ടയാടുന്നതിൽ തോറ്റുതുന്നം പാടി. അതോടെ സേന ഒരുത്തരവിറക്കി. ഡൽഹി മെട്രോയിൽ സഞ്ചരിക്കുന്ന പെണ്ണുങ്ങൾക്ക്‌ കയ്യിൽ ഒരു കത്തിയോ കഠാരയോ കരുതാം. അത്യാവശ്യം കുരുമുളകുപൊടിയും എരിവുകൂടിയ പൊളപ്പൻ കശ്മീരി ജ്വാലാസഖി മുളകുപൊടിയും. ഈ ഉത്തരവുവന്നതോടെ തീവണ്ടികളിലെ മാനഭംഗ കിങ്കരർക്ക്‌ തെല്ലുഭയമായി. മോഡി ഇക്കാര്യമറിഞ്ഞെന്നും മാനഭംഗവികസനവിരുദ്ധ ഉത്തരവ്‌ റദ്ദാക്കി പുതിയ ഉത്തരവിറക്കുമെന്നും കേൾക്കുന്നു!

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഗ്രഹണകാലം കഴിഞ്ഞെന്ന്‌ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഒരുതമാശ ഇന്നലെ കേട്ടു. ഇനി വരുന്നത്‌ ഗ്രഹണികാലം! നോട്ടു നിരോധനം ഒരു മാരണകാലവും ഗ്രഹണദോഷകാലവുമായിരുന്നുവെന്ന കുമ്പസാരത്തിനു നന്ദി. എല്ലും തോലുമായ സമ്പദ്‌വ്യവസ്ഥ ഗ്രഹണിബാധിച്ച കുട്ടികളെപ്പോലെ എല്ലും തോലുമായി നിൽക്കുമ്പോൾ പിന്നെ അതൊരു സാമ്പത്തിക വസന്തകാലമാവുമോ?
മനുഷ്യ ചരിത്രത്തിൽ കല്യാണങ്ങൾക്ക്‌ മോറട്ടോറിയം പ്രഖ്യാപിച്ച ഒരു ഭരണാധികാരിയേയും കുറിച്ച്‌ കേട്ടുകേഴ്‌വിയില്ല. ആ ബഹുമതിയും മോഡി സ്വന്തമാക്കിയിരിക്കുന്നു. വിവാഹങ്ങൾ നടത്താൻ ബാങ്കിൽ നിക്ഷേപിച്ച രണ്ടരലക്ഷം രൂപവരെ പിൻവലിക്കാമെന്ന്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവ്‌ നോട്ട്‌ അസാധുവായതു പോലെ ഡിസംബർ 30ന്‌ അസാധുവായി. മോഡിയെപ്പോലെ തമിഴ്‌ സിനിമയിലെ ‘ബ്രഹ്മചാരി’യായി നാട്ടിലെ പെങ്കൊച്ചുങ്ങൾക്കും പയ്യന്മാർക്കും നിൽക്കാനാവില്ലല്ലോ. സ്വന്തം പണം സംബന്ധക്കാര്യത്തിനുപോലും പിൻവലിക്കുന്നതു നിരോധിച്ചിട്ടാണ്‌ ജെയ്റ്റ്ലി ഗ്രഹണകാലവർത്തമാനം പറയുന്നത്‌. ഗ്രഹണത്തിന്‌ ജെയ്റ്റ്ലിയും തലപൊക്കുമെന്നാണല്ലോ പ്രമാണം.

രണ്ടായിരം രൂപയുടെ പുതിയ ഇന്ത്യൻ കറൻസി പിന്നെയും പിന്നെയും വാർത്തയാവുന്നു. തൊട്ടാൽ വെയിലത്തുണക്കിയ കാച്ചിയെടുക്കാത്ത പപ്പടം പൊടിയുന്നതുപോലെ തരിപ്പണമാകുന്ന നോട്ട്‌, നോക്കിനിൽക്കേ നിറം മാറുന്ന നോട്ട്‌, ഒരേ നമ്പരുളള ഒത്തിരിയൊത്തിരി നോട്ട്‌ എന്നിങ്ങനെ നോട്ടിനെത്ര ഭാവങ്ങൾ. രൂപങ്ങളോ, ചൈനീസ്‌ പട്ടം പോലെ വാലും തൊങ്ങലുമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും ജനമധ്യത്തിൽ പാറിക്കളിക്കുന്നു. ഗാന്ധിചിത്രമില്ലാത്ത നോട്ടുകളും ഇതാദ്യമായി സുലഭം.
പക്ഷേ റിസർവ്വ്‌ ബാങ്ക്‌ പറയുന്നത്‌ ഇതെല്ലാം ഒറിജിനലെന്ന്‌. വാലും പട്ടത്തിന്റെ ആകൃതിയുമില്ലെങ്കിൽ പിന്നെ നോട്ടിന്‌ എന്തുണ്ട്‌ ചന്തം, ഞങ്ങൾ തട്ടിയ ഗാന്ധിജിയുടെ പടം അച്ചടിച്ചാൽ പിന്നെ നോട്ടിനെന്തു സംഘപരിവാർ മുഖം എന്നൊക്കെ റിസർവ്വ്‌ ബാങ്ക്‌ പറഞ്ഞാൽ അതും ജനം സഹിച്ചുകൊള്ളണം. ഗ്രഹണകാലമല്ലേ!
ഐഎഎസ്‌ ബാബുമാർ ഇന്ന്‌ കൂട്ട അവധിയെടുത്ത്‌ സർക്കാരിനെതിരെ പോർമുഖം തുറക്കുന്നു. നൂറ്റി അൻപതിൽപരം പേരാണത്രേ അവധിസമരത്തിനിറങ്ങുന്നത്‌. ബന്ധുനിയമനക്കേസിൽ വ്യവസായ വകുപ്പ്‌ സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയതിൽ പ്രതിഷേധിച്ചാണ്‌ സമരം. സമരത്തിനു നേതൃത്വം നൽകുന്ന ഐഎഎസ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്റെ തലപ്പത്തുള്ളത്‌ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം എട്ട്‌ മണിക്കൂർ നേരം വിജിലൻസ്‌ ചോദ്യം ചെയ്ത ടോം ജോസ്‌ അടക്കമുള്ളവർ.
നിയമവിരുദ്ധമായ ഉത്തരവിൽ മന്ത്രിയല്ല ഏതു തന്ത്രി പറഞ്ഞാലും നട്ടെല്ലു വാഴപ്പിണ്ടിയല്ലാത്ത ഒരു ഐഎഎസുകാരനും ഒപ്പിടില്ല. ഇത്തരം ഉത്തരവുകളിൽ കരളുറപ്പോടെ വിയോജനക്കുറിപ്പെഴുതിയ എത്രയോ പേരുണ്ട്‌. അവരെയൊന്നും തൂക്കിക്കൊന്നിട്ടില്ല, പിരിച്ചുവിട്ടിട്ടുമില്ല.
‘അമ്മഅകത്ത്‌ പോകേംവേണം അച്ഛനൊപ്പം കിടക്കേംവേണം’ എന്ന പണി നടപ്പില്ല. അല്ലാത്തവർ പ്രതിസ്ഥാനത്തുവരും, ചിലപ്പോൾ തട്ടി അകത്താക്കുകയും ചെയ്യും. നമ്മുടെ ഐഎഎസ്‌ മേനിക്കണ്ടപ്പന്മാരിൽ പലരും ചരിത്രം പഠിക്കാത്തവരാണ്‌. ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോഴുണ്ടായ ഇടമലയാർ-ഗ്രാഫൈറ്റ്സ്‌ ഇന്ത്യാ കേസുകളിൽ പിള്ളയോടൊപ്പം പ്രതികളായവരാണ്‌ വൈദ്യുതി ബോർഡിലെ ഉന്നതരായ രാമഭദ്രൻ നായരും കേശവപിള്ളയും. അതിന്റെ പേരിൽ വൈദ്യുതി ബോർഡിന്റെ കൊമ്പത്തുള്ളവരാരും പ്രതിഷേധിച്ച്‌ അവധിയെടുത്തില്ല, പണിമുടക്കിയുമില്ല. അപ്പോൾ പിന്നെന്താ ഐഎഎസുകാർക്ക്‌ കൊമ്പുണ്ടോ?
ഈ വിരട്ടലിൽ സർക്കാർ മുട്ടുമടക്കരുത്‌. വഴങ്ങിക്കൊടുത്താൽ പിന്നെ ഒരു കീഴ്‌വഴക്കമാകും. ടി ഒ സൂരജും ടോമിൻതച്ചങ്കരിയുമടക്കമുള്ള തിമിംഗലങ്ങൾ വാഴുന്ന നാടാണിത്‌. അവിഹിത സ്വത്തുസമ്പാദനത്തിനും മൂന്നാർ കേറ്ററിങ്‌ ഭൂമി തട്ടിപ്പിനും വിദേശത്തുപോയി ഭീകരനുമായി ചർച്ച നടത്തിയതിനും ആയുധക്കടത്തിനുമുള്ള കേസുകൾ എങ്ങനെ ആവിയായി എന്നുകൂടി അന്വേഷിക്കാനല്ലേ വിജിലൻസ്‌? ഇക്കാര്യങ്ങളിൽ ഇരട്ടത്താപ്പു വരുമ്പോഴാണ്‌ തത്തപ്രയോഗം നാവുനീട്ടുന്നത്‌.

  Categories:
view more articles

About Article Author