Tuesday
22 Aug 2017

നെയ്മറെ വിട്ടുനല്‍കാം; നിബന്ധനയുമായി ബാഴ്‌സ

By: Web Desk | Tuesday 1 August 2017 2:34 AM IST

 

മാഡ്രിഡ്; ബ്രസിലിയന്‍ നായകനും ബാഴ്‌സയുടെ സൂപ്പര്‍ താരവുമായ നെയ്മറിനെ വിട്ടുനല്‍കാന്‍ പുതിയ നിബന്ധനകളുമായി ബാഴ്‌സലോണ.
1673 കോടി രൂപ വിടുതല്‍ത്തുകയ്ക്കു പുറമേ ടീമിന്റെ നാലു സൂപ്പര്‍ താരങ്ങളിലൊരാളേയുമാണ് സ്പാനിഷ് ക്ലബ്ബ് ആവശ്യപ്പെട്ടത്. നിബന്ധനയോട് പിഎസ്ജി അനുകൂലമായാണ് പ്രതികരിച്ചതെന്ന് സ്പാനിഷ് പത്രം റിപ്പോര്‍ട്ടുചെയ്തു.
വമ്പന്‍തുകയ്ക്ക് പുറമേ എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്‌ലര്‍ എന്നിവരിലൊരാളെ വിട്ടുകൊടുക്കാന്‍ പിഎസ്ജി തയ്യാറാണ്. എന്നാല്‍ മാര്‍ക്കോ വെറാറ്റിയിലാണ് ബാഴ്‌സ കണ്ണുവയ്ക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
നെയ്മര്‍ ബാഴ്‌സ വിട്ട് പിഎസ്ജിയിലേയ്ക്ക് കുടിയേറുകയാണെന്ന ഊഹാപോഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മാനേജ്‌മെന്റുമായി തെറ്റിപിരിഞ്ഞ താരം ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.
താരത്തെ വിട്ടുനല്‍കാന്‍ ബാഴ്‌സലോണ തയ്യാറായിരുന്നില്ല. എന്നാല്‍, താരത്തിന് ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകാനുള്ള താത്പര്യം പുറത്തുവന്നതോടെയാണ് ബാഴ്‌സ ചുവടുമാറ്റിയത്. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബാര്‍ത്തോമ്യു ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
ലോകറെക്കോര്‍ഡ് തുകയ്ക്ക് പി എസ് ജിയിലെത്തുന്ന നെയ്മറിന്റെ കായിക പരിശോധന ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ടായിരുന്നു. മിയാമി എല്‍ ക്ലാസിക്കോയ്ക്കു ശേഷം വൈരികളായ റയല്‍ മാഡ്രിഡിന്റെ ഡ്രസിംഗ് റൂമിലേക്കും നെയ്മര്‍ കടന്നെത്തിയത് പുതിയ വാര്‍ത്തയായി. റയലിലേക്ക് നെയ്മര്‍ കൂടുമാറാനുള്ള സാധ്യതകളും സജീവചര്‍ച്ചയാകുന്നുണ്ട്.