നോട്ടുനിരോധനത്തോടെ ആർബിഐയുടെ സ്വയംഭരണം ഇല്ലാതായി: മുൻ ഗവർണർമാർ

നോട്ടുനിരോധനത്തോടെ ആർബിഐയുടെ സ്വയംഭരണം ഇല്ലാതായി: മുൻ ഗവർണർമാർ
January 12 03:00 2017

‘സ്വയംഭരണം റിസർവ്വ്‌ ബാങ്കിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം’

പ്രത്യേക ലേഖകൻ
ന്യൂഡൽഹി: നോട്ടുനിരോധന നടപടിയോടെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആർബിഐ) യുടെ സ്വയംഭരണം ഇല്ലാതായെന്നും അത്‌ നിലനിർത്തുകയെന്നത്‌ ഇന്ത്യൻ സമ്പദ്ഘടനയുടെ അടിയന്തരാവശ്യമാണെന്നും ആർബിഐ മുൻഗവർണർമാർ.
നോട്ടു നിരോധന നടപടികളിലൂടെ റിസർവ്വ്‌ ബാങ്കിന്റെ സ്വയംഭരണം ഇല്ലാതായെന്നായിരുന്നു മുൻ ഗവർണർ വൈ വി റെഡ്ഡിയുടെ അഭിപ്രായം. സ്വയംഭരണം റിസർവ്വ്‌ ബാങ്കിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകമാണെന്നും അത്‌ നിലനിർത്തണമെന്നുമാണ്‌ മുൻ ഗവർണർ ബിമൽ ജലാൻ അഭിപ്രായപ്പെട്ടത്‌.
കടുത്ത ഭാഷയിലാണ്‌ മുൻ ഗവർണർമാർ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നതെന്നത്‌ ശ്രദ്ധേയമാണ്‌. ധനനയം പ്രഖ്യാപിക്കാനുള്ള സ്ഥാപനം മാത്രമല്ല ആർബിഐ. മുഴുവൻ സാമ്പത്തിക സേവനത്തിന്റെയും നിയന്ത്രണം ആർബിഐയുടെ പൂർണ ഉത്തരവാദിത്തമാണ്‌.തുറന്നു പറയട്ടെ നോട്ടുനിരോധനം ഉൾപ്പെടെയുള്ള നടപടികളോടെ അതിന്റെ വ്യക്തിത്വം തന്നെ ഇല്ലാതായിരിക്കുന്നു, എന്നാണ്‌ വൈ വി റെഡ്ഡി അഭിപ്രായപ്പെട്ടത്‌. ഗവർണർ എന്നത്‌ എല്ലാത്തിന്റെയും ഉത്തരവാദിയാണ്‌, നോട്ടുകളുടെയും നാണയങ്ങളുടെയും കണക്കെടുപ്പ്‌ മാത്രമല്ല അദ്ദേഹത്തിന്റെ ജോലിയെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം റിസർവ്വ്‌ ബാങ്കിന്റെ സ്വയംഭരണമെന്നത്‌ അത്യന്താപേക്ഷിതമാണെന്നും അത്‌ നിലനിർത്തേണ്ടതിന്റെ ആവശ്യകത സർക്കാരിന്‌ ബോധ്യമാകുമെന്നുമായിരുന്നു ബിമൽ ജലാന്റെ അഭിപ്രായം. സർക്കാരും റിസർവ്വ്‌ ബാങ്കും തമ്മിൽ നല്ല ബന്ധമുണ്ടാകണമെന്നതു ശരിയാണ്‌. റിസർവ്വ്‌ ബാങ്ക്‌ സാമ്പത്തിക മേഖലയുടെ ഭാഗമാണ്‌. അതുമായി ചർച്ച ചെയ്തു മാത്രമേ എന്തു തീരുമാനവും കൈക്കൊള്ളാൻ പാടുള്ളൂ. അദ്ദേഹം പറഞ്ഞു.
നോട്ടുനിരോധനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആർബിഐയെ നോക്കുകുത്തിയാക്കിയെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്‌ മുൻ ഗവർണർമാരുടെ അഭിപ്രായപ്രകടനങ്ങൾ.

  Categories:
view more articles

About Article Author