നോട്ട്‌ അസാധൂകരണം കള്ളപ്പണം കണ്ടെത്തുന്നതിൽ വൻ പരാജയം

നോട്ട്‌ അസാധൂകരണം കള്ളപ്പണം കണ്ടെത്തുന്നതിൽ വൻ പരാജയം
April 20 04:55 2017

സർക്കാർ അവകാശവാദങ്ങളെ പ്രമുഖ സാമ്പത്തിക വിദഗ്ധർ ചോദ്യം ചെയ്യുന്നു

കെ ആർ സുധാമൻ
നോട്ട്‌ അസാധൂകരണ കോലാഹലം കെട്ടടങ്ങുന്നതോടെ അസാധാരണമായ ആ സാമ്പത്തിക വ്യായാമത്തിന്റെ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായി എന്നതിനെപറ്റി നിരവധി വിശകലനങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. നൂറുകോടിയിൽപരം ജനങ്ങളുടെ ജീവിതത്തെ നേരിട്ടുബാധിച്ച സമാനമായ മറ്റൊരു നയതീരുമാനം ഇതുപോലെ മറ്റൊന്നുണ്ടാവില്ലെന്ന്‌ മുൻ ആർബിഐ ഗവർണർ വൈ വി റെഡ്ഡി വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ ഇത്രയേറെ ആഴത്തിൽ ബാധിച്ച സമാനമായ മറ്റൊരു സാമ്പത്തിക നയതീരുമാനം മറ്റൊന്ന്‌ ഉണ്ടാവില്ല തന്നെ. അന്തിമ ഫലമാകട്ടെ ഒട്ടും പ്രോത്സാഹജനകമല്ലതാനും.
നോട്ട്‌ അസാധൂകരണം തങ്ങളുടേതല്ലാത്ത കാരണംകൊണ്ട്‌ ഒരു ജനതയുടെയാകെ സഞ്ചാരസ്വാതന്ത്ര്യവും ജീവിതമാർഗവും നിഷേധിക്കുകയാണ്‌ ചെയ്തത്‌. എന്നിട്ടും ജനങ്ങൾ തിരിച്ചടിക്കാതെ വേദന കടിച്ചമർത്തുകയായിരുന്നു. അത്‌ സമീപകാലത്തെ മനംമടുപ്പിക്കുന്ന പൊതുസ്ഥിതിയിൽ അസാധാരണമെന്ന്‌ പറയാനാവില്ല. എന്താണ്‌ ഈ മനംമടുപ്പിക്കുന്ന പൊതു അവസ്ഥ? അത്‌ കള്ളനോട്ടും കള്ളപ്പണവും ഭീകരവാദത്തിനു പണം നൽകലുമാണോ?
നൂറ്റിയിരുപത്‌ കോടിയിൽപരം വരുന്ന ജനത താൻ നൽകിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡി നിറവേറ്റുമെന്ന്‌ ക്ഷമാപൂർവം വിശ്വസിക്കുകയായിരുന്നു.
നാല്‌ മാസങ്ങൾക്ക്‌ ശേഷം നോട്ട്‌ അസാധൂകരണം അതിന്റെ കയ്പേറിയ വേദനകൾക്കപ്പുറം യാതൊന്നും അല്ലായിരുന്നുവെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നതായി റെഡ്ഡി കരുതുന്നു. ഇപ്പോൾ അവർ മിഥ്യയിൽ നിന്ന്‌ മോചിതരായിരിക്കുന്നു. നോട്ട്‌ അസാധൂകരണം വെറും അസംബന്ധമായിരുന്നുവെന്ന്‌ അവർക്ക്‌ ബോധ്യമായിരിക്കുന്നു. ജീർണിച്ച ഒരു സംവിധാനത്തെ ശുദ്ധീകരിക്കാൻ ഭരണസംവിധാനത്തിലും ഭരിക്കപ്പെടുന്നവരിലും മൗലികമാറ്റം കൂടിയേ തീരൂ എന്നതാണ്‌ യാഥാർഥ്യം.
വൈ വി റെഡ്ഡി മാത്രമല്ല ലോകബാങ്കിന്റെ മുഖ്യസാമ്പത്തിക വിദഗ്ധരിൽ ഒരാളും ഇന്ത്യാഗവൺമെന്റിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടവുമായ കൗശിക്‌ ബസുവും നോട്ട്‌ അസാധൂകരണം ഒരത്യാഹിതമാണെന്ന്‌ കരുതുന്നു. തകർച്ചയിൽ നിന്ന്‌ കരകയറി തുടങ്ങിയിരുന്ന ഇന്ത്യൻ സമ്പദ്ഘടന നോട്ട്‌ അസാധൂകരണമില്ലായിരുന്നെങ്കിൽ ഇതിനകം എട്ട്‌ ശതമാനം വളർച്ച കൈവരിക്കുമായിരുന്നുവെന്ന അഭിപ്രായക്കാരനാണ്‌ ബസു.
സ്വയം ധനകാര്യ വിദഗ്ധനായ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്‌ അസാധൂകരണത്തെ ഒരു ബൃഹത്ത്‌ പിഴവായാണ്‌ പാർലമെന്റിൽ വിശേഷിപ്പിച്ചത്‌. ദീർഘകാലാടിസ്ഥാനത്തിൽ അസാധൂകരണം ജനങ്ങൾക്ക്‌ ഗുണഫലം നൽകുമെന്ന മോഡി സർക്കാരിന്റെ നിലപാടിനോട്‌ വിദൂരഭാവിയിൽ നാമെല്ലാം ചത്ത്‌ മണ്ണടിഞ്ഞിരിക്കുമെന്ന മൈനാഡ്‌ കീൻസിന്റെ വാക്കുകൾ ഉദ്ധരിച്ചാണ്‌ സിങ്ങ്‌ പ്രതികരിച്ചത്‌.
ഉദാരീകൃത ലോകം കണക്കുകൂട്ടുന്നത്‌ ഓരോ സാമ്പത്തിക സാഹചര്യങ്ങളെയും വിപണി ശക്തികൾ തന്നെ നേരിട്ടുകൊള്ളുമെന്നാണ്‌. എന്നാൽ മറ്റൊരു വാദഗതി വിപണി പരാജയങ്ങളെ നേരിടാൻ ഭരണകൂട ഇടപെടൽ വേണ്ടിവരുമെന്നാണ്‌. അതെ, വിപണി ചിലപ്പോൾ പരാജയപ്പെട്ടേക്കാം എന്നാൽ ഭരണകൂടം മിക്കപ്പോഴും പരാജയമായേക്കാം എന്നേ ഇപ്പോൾ പ്രതികരിക്കാനാവൂ.
ഈ സാമ്പത്തിക വ്യായാമത്തിൽ അവഗണിക്കപ്പെട്ടുപോയത്‌ റിസർവ്വ്‌ ബാങ്കാണ്‌. അതിന്റെ പ്രതിഛായയ്ക്ക്‌ തീ ർച്ചയായും കനത്ത ഇടിവാണുണ്ടായത്‌.
ഇക്കണോമിക്‌ ആൻഡ്‌ പൊളിറ്റിക്കൽ വീക്ക്ലിയുടെ മുൻ പത്രാധിപർ സി രാംമനോഹർ റെഡ്ഡി കള്ളപ്പണത്തെപ്പറ്റിയും നോട്ട്‌ അസാധൂകരണത്തെപറ്റിയും അടുത്തിടെ ഒരു പുസ്തകം പുറത്തിറക്കുകയുണ്ടായി. അത്‌ നമ്മുടെ ബാങ്കിങ്‌ സംവിധാനത്തെയും സമ്പദ്ഘടനയെയും അസാധൂകരണം എത്രത്തോളം കുഴപ്പത്തിലാക്കിയെന്നതിനെപ്പറ്റി ആഴത്തിൽ വിലയിരുത്തുന്നുണ്ട്‌. അസാധൂകരണം ഇന്ത്യൻ സമ്പദ്ഘടനയിൽ ഗണ്യമായ ആഘാതം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിനോട്‌ അദ്ദേഹം പൂർണമായി യോജിക്കുന്നു. സമ്പദ്ഘടനയിൽ വിള്ളലുണ്ടാക്കിയ ഈ സാമ്പത്തിക വ്യായാമവും അത്‌ ജനങ്ങൾക്കുണ്ടാക്കിയ അളവറ്റ ദുരിതത്തിന്റെ ആഴവും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഈ സാമ്പത്തിക വ്യായമത്തിന്റെ ഫലമായി എത്രത്തോളം കള്ളപ്പണം കണ്ടെത്താനായി എന്നതിന്റെ കണക്കുകൾ വ്യക്തമാക്കാൻ റിസർവ്വ്‌ ബാങ്കിന്‌ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. നോട്ട്‌ അസാധൂകരണ വ്യായാമത്തെ വിലയിരുത്തുന്ന 250 പേജ്‌ വരുന്ന അസ്വാദ്യകരമായ തന്റെ പുസ്തകത്തിൽ ഏതുവിധത്തിൽ പരിശോധിച്ചാലും ആ നടപടിയെ സാധൂകരിക്കാനാവില്ലെന്ന നിഗമനത്തിലാണ്‌ റാം മനോഹർ റെഡ്ഡി എത്തിച്ചേരുന്നത്‌. കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമേ പണമായി സൂക്ഷിക്കൂ എന്നതിനാൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്താൻ അസാധൂകരണ നടപടിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം കരുതുന്നു. കണക്കിൽപെടാത്ത പണം കണ്ടെത്തണമെന്ന്‌ ഗവൺമെന്റ്‌ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ അസാധൂകരണമല്ല അതിന്റെ മാർഗമെന്ന്‌ ഇപ്പോഴത്തെ നടപടി തെളിയിച്ചിരിക്കുന്നു.
അസാധുവാക്കപ്പെട്ട നോട്ട്‌ ഏതാണ്ട്‌ മുഴുവനായും ബാങ്കിങ്‌ സംവിധാനത്തിൽ തിരിച്ചെത്തിയെന്നത്‌ കള്ളപ്പണക്കാർ എത്ര അനായാസമായാണ്‌ നിലവിലുള്ള സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നതെന്നതിന്റെ ഉദാഹരണമാണ്‌. നികുതി സംവിധാനം മെച്ചപ്പെടുമെന്ന പ്രതീക്ഷയും അസ്ഥാനത്താണെന്നാണ്‌ ഇതുവരെയുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത്‌. ഈ രണ്ട്‌ കാര്യത്തിലും ഫലം പ്രതീക്ഷിച്ചതിന്‌ വിപരീതമാണ്‌.
അസാധൂകരണത്തെക്കാൾ ലോക്പാൽ നിയമനം, ബിനാമി ഇടപാടുകൾ നിരോധിക്കൽ, കൈക്കൂലിക്ക്‌ കടുത്ത ശിക്ഷ ഏർപ്പെടുത്തൽ, ജിഎസ്ടി ത്വരിതഗതിയിൽ നടപ്പാക്കൽ, സർക്കാരിന്റെ കൊടുക്കൽ വാങ്ങൽ സുതാര്യമാക്കൽ എന്നീ പരിഷ്കാരങ്ങളാണ്‌ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടത്‌. അത്തരം പരിഷ്കാരങ്ങളാവട്ടെ ഒച്ചിഴയുന്ന വേഗത്തിലാണ്‌ നീങ്ങുന്നത്‌.
നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്രയുണ്ടെങ്കിലും ധനകാര്യ മേഖലയിലെ അഴിമതി നിയന്ത്രിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പണമായി സൂക്ഷിച്ച കള്ളപ്പണം കണ്ടെത്തുകയായിരുന്നു നോട്ട്‌ അസാധൂകരണ ലക്ഷ്യമെങ്കിലും അത്‌ കൈവരിക്കാനായില്ല. സ്വർണം, വസ്തുവകകൾ എന്നിവയിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിൽ അസാധൂകരണം അമ്പേ പരാജയമായിരുന്നു.
ധനമേഖലയിലെ അനധികൃത ഇടപാടുകൾ ബാങ്ക്‌ രേഖകളിൽ നിന്ന്‌ കണ്ടെത്താനാവുമെങ്കിലും അക്കാര്യത്തിൽ നികുതിവകുപ്പിന്‌ കാര്യമായി യാതൊന്നും ചെയ്യാനായിട്ടില്ലെന്ന്‌ മനോഹർ റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. വാണിജ്യ ഇടപാടുകളിൽ വില കുറച്ചും കൂട്ടിയും കാണിക്കുക, പൊള്ള കമ്പനികളുടെ പേരിൽ നടക്കുന്ന ഓഹരി വിലയിലെ കള്ളക്കളികൾ, രാജ്യാന്തര മൂലധന ഇടപാടുകളിൽ നടക്കുന്ന തിരിമറികൾ, നിയമവിരുദ്ധ ഇടപാടുകൾ വഴി നികുതി സ്വർഗങ്ങളിലേയ്ക്കുള്ള പണത്തിന്റെ ഒഴുക്ക്‌ ഇവയൊന്നും നിയന്ത്രിക്കാൻ അസാധൂകരണത്തിന്‌ ആയിട്ടില്ല. അത്തരം ഇടപാടുകളിൽ ഉൾപ്പെട്ട കള്ളപ്പണം അസാധൂകരണ നടപടിയിലൂടെ കണ്ടെത്താൻ ശ്രമിച്ച പണത്തിന്റെ എത്രയോ ഇരട്ടിയാണെന്ന്‌ റെഡ്ഡി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.
അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും അവരുടെ പങ്കാളി ശശികലയും 34 പൊള്ള കമ്പനികൾ, 50 ബാങ്ക്‌ അക്കൗണ്ടുകൾ എന്നിവയിലൂടെയാണ്‌ വസ്തുവകകൾ ക്രയവിക്രയം ചെയ്തതെന്ന്‌ അവർക്കെതിരായ അനധികൃത സ്വത്തുസമ്പാദനകേസ്‌ വിചാരണയിൽ തെളിയിക്കപ്പെട്ട കാര്യം റെഡ്ഡി തന്റെ ഗ്രന്ഥത്തിൽ എടുത്തുകാട്ടുന്നുണ്ട്‌. ഇത്‌ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പു നടന്ന കാര്യങ്ങളാണ്‌. തുടർന്ന്‌ ഇങ്ങോട്ട്‌ ഈ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കി വികസിപ്പിക്കാൻ കള്ളപ്പണക്കാർക്ക്‌ കഴിഞ്ഞിട്ടുണ്ടാവുമെന്നത്‌ ആർക്കാണ്‌ നിഷേധിക്കാനാവുക? പൊള്ള കമ്പനികളെ കണ്ടെത്താനും തകർക്കാനും നീക്കങ്ങൾ നടക്കുന്നുണ്ടാവും. എന്നാൽ ധനമേഖലയിലെ അനധികൃത ഇടപാടുകൾക്ക്‌ വിരാമമിടുകയെന്നത്‌ ലളിതമായ ദൗത്യമല്ല.
അസാധൂകരണമോ നിയമനിർമാണമോകൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല നാം അഭിമുഖീകരിക്കുന്നത്‌. ഭരണനേതൃത്വവും നിയമനിർമാണ സഭകളും നീതിന്യായ വ്യവസ്ഥയും കള്ളപ്പണത്തെ ഇന്ത്യ ൻ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമാക്കി മാറുന്നതിന്‌ അനുവദിച്ചു. കള്ളപ്പണം അവസാനിപ്പിക്കാൻ ഭരണസമ്പ്രദായം, സമീപനം എന്നിവയിലെല്ലാം മൗലികമാറ്റം കൂടിയേ തീരൂ. അതിന്‌ സമൂഹത്തിൽ അടിമുടി മാറ്റം തന്നെ വേണ്ടിവരും. പരിഷ്കാരങ്ങളെപറ്റി നാം ധാരാളം കേൾക്കുന്നുണ്ട്‌. അവയൊന്നും പ്രായോഗികതലത്തിൽ നടപ്പാകുന്നില്ലെന്നതാണ്‌ വസ്തുത. അതിന്‌ തെരഞ്ഞെടുപ്പുരംഗത്ത്‌ സമ്പൂർണ അഴിച്ചുപണിയാണ്‌ ആവശ്യം. ആ രംഗത്ത്‌ ചില ശബ്ദ കോലാഹലങ്ങൾ മാത്രമാണ്‌ നടക്കുന്നത്‌.
ആത്യന്തികമായി അസാധൂകരണം വലിയ പരാജയമായിരുന്നുവെന്ന്‌ റെഡ്ഡി വിലയിരുത്തുന്നു. അർഥപൂർണമായ തുടർപ്രവർത്തനങ്ങളില്ലെങ്കിൽ അത്‌ ദീർഘകാലാടിസ്ഥാനത്തിൽ വലിയ വിനയായിത്തീരുമെന്ന്‌ അദ്ദേഹം ഭയപ്പെടുന്നു.

ഐപിഎ

  Categories:
view more articles

About Article Author