നോട്ട്‌ അസാധൂകരണം: പുറത്തുവരുന്നത്‌ ആഘാതത്തിന്റെ കണക്കുകൾ

April 21 04:55 2017

നോട്ട്‌ അസാധൂകരണ പ്രക്രിയയ്ക്ക്‌ അറുതിയായി നാലുമാസം പിന്നിടുമ്പോഴും അതിന്റെ നേട്ടങ്ങളുടെ പട്ടികയോ പ്രത്യാഘാതങ്ങളുടെ ആഴമോ ആർക്കും അറിയില്ല. അതിൽ മുഖ്യപങ്ക്‌ വഹിച്ച റിസർവ്വ്‌ ബാങ്കിന്‌ ജനങ്ങൾക്ക്‌ മുന്നിലോ പാർലമെന്റിനു മുന്നിലോ അതു സംബന്ധിച്ച്‌ വ്യക്തമായ ഒരു ചിത്രവും വെയ്ക്കാൻ കഴിഞ്ഞിട്ടില്ല. അവകാശവാദങ്ങൾക്കും വീമ്പിളക്കലുകൾക്കും അപ്പുറം അൽപാൽപമെങ്കിലും പുറത്തുവരുന്നത്‌ നഷ്ടത്തിന്റെ കണക്കുകൾ മാത്രം. അവയിൽ ഏറ്റവും ആധികാരികമായ ഒന്നാണ്‌ ഇന്ത്യയിലെ ബാങ്കുകൾ തങ്ങൾക്ക്‌ ഉണ്ടായ നഷ്ടം നികത്തണമെന്ന ആവശ്യം ഉന്നയിച്ച്‌ കേന്ദ്ര സർക്കാരിനെ സമീപിച്ചത്‌ സംബന്ധിച്ച വാർത്തകൾ വ്യക്തമാക്കുന്നത്‌. നവംബർ ഒമ്പതിനും ഡിസംബർ 30നുമിടയിൽ രാജ്യത്തെ നാൽപത്‌ ബാങ്കുകൾക്കായി 2500 കോടി രൂപ നഷ്ടം വന്നതായി പ്രാഥമിക കണക്കുകൾ. അതിൽ 1500 കോടി രൂപ നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ നൽകണമെന്നാണ്‌ അവർ ആവശ്യപ്പെടുന്നത്‌. നിക്ഷേപങ്ങളിലൂടെ അവർക്ക്‌ ആയിരം കോടി രൂപ സമാഹരിക്കാനായിട്ടുണ്ട്‌. പിൻവലിച്ച നോട്ടുകൾക്ക്‌ പകരം പുതിയ നോട്ടുകൾ നൽകാനാവും വിധം എടിഎമ്മുകളിൽ മാറ്റം വരുത്തുന്നതിനു മാത്രം ഓരോ യന്ത്രത്തിനും 1500 എന്ന നിരക്കിൽ ചെലവുണ്ടായി. നോട്ടുകൾ ആവശ്യാനുസരണം എടിഎമ്മുകളിൽ ദൈനംദിനം നിറയ്ക്കാൻ ഓരോ യന്ത്രത്തിനും 4000 രൂപ വീതം അധിക ചെലവുണ്ടായി. ഇതിനുപുറമെയാണ്‌ ബാങ്കുകളുടെ ദൈനംദിനം പ്രവർത്തനങ്ങൾ അപ്പാടെ നിർത്തിവച്ച്‌ നോട്ട്‌ മാറി നൽകൽ മാത്രം നടത്തുകവഴി ബാങ്കുകൾക്കുണ്ടായ നഷ്ടം. അധികസമയം പണിയെടുത്ത ജീവനക്കാർക്ക്‌ നൽകേണ്ട അധികതുകയെപ്പറ്റി ഈ കണക്കുകൾ നിശബ്ദമാണ്‌. തങ്ങളുടെ കഠിനാധ്വാനത്തിനു ലഭിക്കേണ്ട അധികവേതനം ഇനിയും ലഭിച്ചിട്ടില്ലെന്നാണ്‌ ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെടുന്നത്‌. ബാങ്കുകൾ ഔപചാരികമായി ഉന്നയിക്കുന്ന ഈ ആവശ്യം മാത്രം മതി നോട്ട്‌ അസാധൂകരണം സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതത്തെപ്പറ്റി സൂചന ലഭിക്കാൻ.
വ്യവസ്ഥാപിത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സേവനം നിഷേധിച്ചിരുന്ന ലക്ഷോപലക്ഷം കുടുംബങ്ങളുടെ ആശ്രയമായിരുന്ന മൈക്രോ ഫൈനാൻസ്‌ സ്ഥാപനങ്ങളെ നോട്ട്‌ അസാധൂകരണം കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ്‌ അതുസംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത്‌. നോട്ട്‌ അസാധൂകരണത്തിന്‌ തൊട്ട്‌ മുമ്പ്‌ 2016 സെപ്റ്റംബർ 30 വരെ 55,254 കോടി രൂപ വായ്പ നൽകാൻ ബാങ്കിതര ധനകാര്യ കമ്പനികൾക്കും മൈക്രോ ഫൈനാൻസ്‌ സ്ഥാപനങ്ങൾക്കും കൂടി കഴിഞ്ഞിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വിമർശനം നിലനിൽക്കുമ്പോഴും നിരാലംബരായ വലിയൊരു വിഭാഗത്തിന്റെ ആശ്രയ കേന്ദ്രങ്ങളായിരുന്നു അവ. അസാധാരണമാംവിധം ആപത്ശങ്ക കുറഞ്ഞ വായ്പകളാണ്‌ അവർ നൽകിപ്പോന്നത്‌. വായ്പകളുടെ തിരിച്ചടവ്‌ 99 ശതമാനമായിരുന്നു. ഇത്‌ മൈക്രോ ഫൈനാൻസ്‌ സ്ഥാപനങ്ങളും അവയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന സംഘങ്ങളും കൈവരിച്ച ‘വായ്പാ അച്ചടക്ക’ത്തിന്റെ നേട്ടമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. വൻകിടക്കാർ ബാങ്കുകളെ കബളിപ്പിച്ച്‌ നാടുവിടുന്ന ഇന്ത്യയിലാണ്‌ ഇതെന്ന്‌ ഓർക്കണം. നോട്ട്‌ അസാധൂകരണം ആ വായ്പാ അച്ചടക്കം തകർത്തു. തിരിച്ചടവ്‌ 70 ശതമാനമായി കുത്തനെ ഇടിഞ്ഞു. വായ്പയെടുത്ത സാധു കുടുംബങ്ങൾക്ക്‌ പണം തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചത്‌ നോട്ട്‌ അസാധൂകരണത്തെ തുടർന്ന്‌ പാവപ്പെട്ട കുടുംബങ്ങളുടെ പക്കൽ പൊടുന്നനെ പണമില്ലാതായി എന്നതുതന്നെയാണ്‌. ഈ മേഖലയിൽ ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.
നരേന്ദ്രമോഡി സർക്കാരിന്റെ അതിസാഹസികവും ഭ്രാന്തവുമായ പരിഷ്കാരത്തിന്റെ കെടുതികൾ നേരിടേണ്ടിവന്ന രണ്ട്‌ മേഖലകൾ മാത്രമാണ്‌ മേൽ പരാമർശിക്കപ്പെട്ടത്‌. നോട്ട്‌ അസാധൂകരണത്തിന്റെ ഫലമായി സർക്കാരിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത്‌ പണരഹിത ഇടപാടുകൾക്ക്‌ സ്വമേധയാ തയാറായവരും നിർബന്ധിതരായവരുമായ കോടാനുകോടികളാണ്‌ അതിന്റെ പേരിൽ ദിനംപ്രതി പകൽ കൊള്ളയ്ക്ക്‌ ഇരയാവുന്നത്‌. ബാങ്കുകളിലും എടിഎമ്മുകളിലും പ്രവേശിക്കണമെങ്കിൽപോലും ഉയർന്ന ഫീസ്‌ നൽകേണ്ട ഗതികേടിലാണ്‌ ഇടപാടുകാർ. പല സ്ഥലങ്ങളിലും ആവശ്യമായ നോട്ടിന്റെ അഭാവത്തിൽ എടിഎമ്മുകൾ ഇപ്പോഴും പ്രവർത്തനക്ഷമമല്ല. സർക്കാർ ശമ്പളവും പെൻഷനും മറ്റ്‌ ട്രഷറി ഇടപാടുകളും നടത്തുന്ന പതിനായിരങ്ങൾ കേരളത്തിൽ ഇനിയും ദുരിതത്തിൽ നിന്ന്‌ പൂർണമായി മോചിതരായിട്ടില്ല. കെഎസ്‌എഫ്‌ഇ മുതൽ രജിസ്ട്രേഷൻ ഓഫീസ്‌ വരെ സമസ്ത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള അതത്‌ ദിവസത്തെ വരവ്‌ ട്രഷറികളിൽ എത്തിച്ചാണ്‌ കേരളത്തിൽ ട്രഷറികൾ തുറന്നു പ്രവർത്തിക്കുന്നത്‌. ജനങ്ങളുടെ ക്ലേശമകറ്റാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന വ്യഗ്രതയുടെ ചെറിയൊരളവുപോലും ആർബിഐയുടെയും കേന്ദ്രസർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അസാധൂകരണത്തിന്റെ ആറുമാസത്തിനുള്ളിൽ പുറത്തുവന്ന സ്വതന്ത്ര പഠനങ്ങൾ ഓരോന്നും ആ തുഗ്ലക്‌ പരിഷ്കാരം കൊട്ടിഘോഷിച്ച ലക്ഷ്യങ്ങളിൽ ഒന്നുപോലും കൈവരിക്കാനായില്ലെന്നു വ്യക്തമാക്കുന്നവയാണ്‌. ഇത്‌ കള്ളപ്പണത്തെയും വ്യാജ നോട്ടിനെയും ഭീകരവാദ ധന സ്രോതസുകളെയും നേരിടാൻ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ മൗലികമാറ്റം അനിവാര്യമാണെന്ന്‌ അടിവരയിടുന്നു.

  Categories:
view more articles

About Article Author